
സിപിഎം സംസ്ഥാന നേതൃത്വത്തെ തള്ളിപ്പറഞ്ഞ് ആലപ്പുഴ ജില്ലാ കമ്മിറ്റി യോഗം. ലോക്സഭാ തെരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയം പാളിയെന്നും ആരിഫിൻ്റെ സ്ഥാനാർഥിത്വത്തോടെ തോൽവി ഉറപ്പായെന്നും ജില്ലാ സെക്രട്ടറിയേറ്റ് വിമർശിച്ചു. യോഗത്തിൽ മന്ത്രിമാർക്ക് നേരെയും രൂക്ഷവിമർശനം ഉയർന്നു.
ആലപ്പുഴ സിപിഎം ജില്ലാ നേതൃയോഗങ്ങൾക്ക് തുടക്കം കുറിച്ച് നടന്ന ജില്ലാ സെക്രട്ടറിയേറ്റിലാണ് സംസ്ഥാന നേതൃത്വത്തിനെതിരെയുള്ള രൂക്ഷ വിമർശനമുയർന്നത്. ആലപ്പുഴയിൽ എഎം ആരിഫിനെ പരിഗണിച്ചതിൽ പാർട്ടിക്ക് വീഴ്ച പറ്റി. എഎം ആരിഫ് ദുർബല സ്ഥാനാർഥിയാണെന്ന് നേതൃത്വം തിരിച്ചറിഞ്ഞില്ല. ആരിഫിൻ്റെ സ്ഥാനാർഥിത്വത്തോടെതന്നെ ആലപ്പുഴയിൽ തോൽവി ഉറപ്പായിരുന്നു. കെസി വേണുഗോപാൽ മത്സരിച്ചില്ലായിരുന്നെങ്കിൽ ആലപ്പുഴയിൽ ശോഭ സുരേന്ദ്രന്‍ വിജയിക്കുകയും ആരിഫ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും ചെയ്തേനെ എന്നും യോഗം വിലയിരുത്തി. തോമസ് ഐസക്കിനെ പത്തനംതിട്ടയിൽ മത്സരിപ്പിച്ചതിലും വലിയ വിമർശനം ഉണ്ടായി. ആലപ്പുഴയിൽ തോമസ് ഐസക്കും പത്തനംതിട്ടയിൽ രാജു എബ്രഹാമും മത്സരിക്കണമായിരുന്നു എന്നാണ് യോഗത്തിലുയർന്ന അഭിപ്രായം.
ഇപി ജയരാജന്‍, എകെ ബാലന്‍ എന്നിവര്‍ക്ക് നേരെയും യോഗത്തിൽ വിമർശനം ഉയർന്നു. തെരഞ്ഞെടുപ്പ് ദിവസം ജാവ്‌ദേക്കറെ കണ്ടെന്ന ഇപി ജയരാജൻ്റെ പ്രതികരണം ബിജെപിക്ക് വളരെ ഗുണം ചെയ്തു. പാർട്ടിയുടെ അഭിപ്രായം പറയാൻ എകെ ബാലനെ ആരും ഏല്പിച്ചിട്ടില്ലെന്നും വിമർശനമുയർന്നു.
വെള്ളാപ്പള്ളി നടേശനെതിരായ പാർട്ടിയുടെ അഭിപ്രായത്തെയും സെക്രട്ടറിയേറ്റ് തള്ളി. ഇടതുപക്ഷത്തോടൊപ്പമാണ് വെള്ളാപ്പള്ളി, അദ്ദേഹത്തിന് പിഴവ് പറ്റിയിട്ടില്ല. പാർട്ടിക്ക് ഈഴവ വോട്ടുകൾ മാത്രമല്ല നഷ്ടമായത്. മത്സ്യ തൊഴിലാളികൾ, കർഷക തൊഴിലാളികൾ, കയർ തൊഴിലാളികൾ ഉൾപ്പെടെ അടിസ്ഥാന വർഗം ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തില്‍ നിന്നും അകന്ന് നിന്നു.
ജനങ്ങളുമായി കൂടുതൽ ബന്ധപ്പെട്ട വകുപ്പുകളുടെ പ്രവർത്തനം കാര്യക്ഷമമായിരുന്നില്ലെന്നും ഇത് തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായെന്നും സെക്രട്ടറിയേറ്റ് ആരോപിച്ചു. രൂക്ഷ വിമർശനങ്ങൾക്ക് പിന്നാലെ ഇന്നും നാളെയുമായി ജില്ലാ കമ്മിറ്റി യോഗങ്ങൾ ചേരും.