ജനാധിപത്യ പ്രസ്ഥാനത്തെ അട്ടിമറിക്കുന്നു, കരുവന്നൂരിൽ നടക്കുന്നത് ഇഡിയുടെ രാഷ്ട്രീയവേട്ട: എം. എ. ബേബി

കരുവന്നൂരിൽ തെറ്റ് തിരുത്തിയോ എന്ന ചോദ്യത്തിന് തെറ്റ് തിരുത്തൽ സ്വിച്ച് ഇട്ടാൽ ലൈറ്റ് കത്തുന്നത് പോലെയല്ല എന്നായിരുന്നു എം. എ. ബേബിയുടെ മറുപടി
ജനാധിപത്യ പ്രസ്ഥാനത്തെ അട്ടിമറിക്കുന്നു, കരുവന്നൂരിൽ നടക്കുന്നത് ഇഡിയുടെ രാഷ്ട്രീയവേട്ട: എം. എ. ബേബി
Published on

കരുവന്നൂരിൽ നടക്കുന്നത് ഇഡിയുടെ രാഷ്ട്രീയ വേട്ടയെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം. എ. ബേബി. കരുവന്നൂരിൽ തെറ്റ് തിരുത്തിയോ എന്ന ചോദ്യത്തിന് തെറ്റ് തിരുത്തൽ സ്വിച്ച് ഇട്ടാൽ ലൈറ്റ് കത്തുന്നത് പോലെയല്ല എന്നായിരുന്നു എം. എ ബേബിയുടെ മറുപടി. തെറ്റുണ്ടെങ്കിൽ തിരുത്താൻ മടിയില്ലെന്നും, തെറ്റ് തിരുത്തൽ തുടരുമെന്നും ബേബി പറഞ്ഞു.

"കരുവന്നൂർ കേസിൽ സിപിഐഎം നേതാക്കൾ ഉണ്ടെന്നു പറയുന്നു. ഇഡി ചാർജ് ചെയ്ത കേസാണ്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ എല്ലാവർക്കും അറിയാം. കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങൾ ലോകം തന്നെ വിസ്മയത്തോടെ നോക്കുന്നതാണ്. അത് അഭിമാനനേട്ടം ആണ്.അതിൽ പുഴുക്കുത്തുകളും ഉണ്ട്. വളർന്നുകൊണ്ടിരിക്കുമ്പോൾ പുഴുക്കുത്തുകൾ ഉണ്ടാവുന്ന സ്വാഭാവികം. അത് ശ്രദ്ധയിൽപ്പെടുമ്പോൾ ഇടപെടും. കരുവന്നൂർ ബാങ്കിൻ്റെ കാര്യത്തിൽ അതാണ് ഉണ്ടായത്", എം.എ. ബേബി പറഞ്ഞു.


കരുവന്നൂർ വിഷയത്തിൽ ശക്തമായി ഇടപെട്ടു. മേൽനോട്ടത്തിൽ വീഴ്ച വരുത്തിയത് കാര്യമായി ഇടപെട്ടു നടപടിയെടുത്തിട്ടുണ്ട്. കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണം അതിനുള്ള നടപടി സ്വീകരിച്ചു. പാർട്ടിക്കാരെ പ്രതിപ്പട്ടികയിൽ ചേർത്തത് സിപിഐഎമ്മിനെ തകർക്കാൻ വേണ്ടിയാണെങ്കിൽ അതിന് ബിജെപിക്കാർ ശ്രമിക്കേണ്ട. പാർട്ടിയെ ശരിപ്പെടുത്താമെന്ന് കരുതുന്ന ബിജെപിക്കാരാ നിങ്ങൾ ഏത് ലോകത്ത്
ആണ് കഴിയുന്നതെന്നും ബേബി ചോദിച്ചു.



ജനങ്ങൾ സത്യത്തിനൊപ്പം നിൽക്കുന്നവരായത് കൊണ്ട് നിലമ്പൂരിൽ നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പിലും വരുന്ന തെരഞ്ഞെടുപ്പുകളിലും നമ്മൾ മുന്നേറുമെന്നും എം. എ ബേബി പറഞ്ഞു. ജനങ്ങൾ ഉന്നയിക്കുന്ന വിമർശനങ്ങൾ കഴമ്പ ഉണ്ടെങ്കിൽ ആ കഴമ്പുള്ള വിമർശനങ്ങൾ അംഗീകരിച്ചു, നമ്മൾ വരുത്തേണ്ട തിരുത്തലുകൾ വരുത്തിക്കൊണ്ടും മുന്നേറുമെന്നും അദ്ദേഹം അറിയിച്ചു. എൽഡിഎഫ് കൺവീനറും സംസ്ഥാന സെക്രട്ടറിയും സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


മനോരമക്കെതിരെയും എം. എ. ബേബി പ്രതികരിച്ചു. "സിപിഐഎം ഇലക്ട്രൽ ബോണ്ട്‌ വാങ്ങി എന്ന് ഒരു മനോരോഗി പത്രം എഴുതി. അതിനെതിരെ ഇന്ന് ദേശാഭിമാനി എഴുതിയിട്ടുണ്ട് വാർത്തയ്ക്ക് എതിരെ കേസു കൊടുക്കും എന്ന്. കേരളത്തിന്റെ അവകാശമായ നികുതിപ്പണത്തിന്റെ പങ്ക് ബിജെപി ഗവൺമെന്റ് നൽകുന്നില്ല. പട്ടാപ്പകൽ തട്ടിപ്പറിയാണ് കേന്ദ്രം ചെയുന്നത്. ഇത് ജനങ്ങൾ അറിയണം.അത് ഈ മനോരോഗി പത്രം കാണുന്നുണ്ടോ", എം. എ. ബേബി പറഞ്ഞു.


പ്രിൻസ് ആൻഡ് ഫാമിലി സിനിമയെക്കുറിച്ച് താൻ ആദ്യം നടത്തിയ അഭിപ്രായപ്രകടനത്തിൽ പിഴവുണ്ടായെന്നും എം. എ. ബേബി പ്രതികരിച്ചു. ആ സംവിധായകൻ്റെ ആദ്യത്തെ സിനിമയാണ്. സംവിധായകന്റെ നിർബന്ധത്തിന് വഴങ്ങിയാണ് സിനിമ കണ്ടത്. എന്നാൽ ആ സിനിമയെ പ്രകീർത്തിച്ച് താൻ നടത്തിയ പ്രതികരണം ശരിയായില്ല. സിപിഐഎം ജനറൽ സെക്രട്ടറി എന്ന നിലയിൽ താൻ ഇത്തരം കാര്യങ്ങളിൽ ജാഗ്രത പുലർത്തേണ്ടതായിരുന്നു എന്നും ബേബി പറഞ്ഞു.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com