
സിപിഐഎമ്മിന് രാജ്യത്ത് ആകെ പത്ത് ലക്ഷത്തി ഇരുപതിനായിരത്തോളം അംഗങ്ങൾ. അതിൽ അഞ്ച് ലക്ഷത്തി അറുപത്തയ്യായിരത്തോളം അംഗങ്ങള്‍ കേരളത്തില്‍ നിന്നാണ്. ഒരു കാലത്ത് പാർട്ടി ശക്തി കേന്ദ്രമായിരുന്ന പശ്ചിമ ബംഗാളില്‍ ഒന്നര ലക്ഷത്തോളം പാർട്ടി അംഗങ്ങള്‍ മാത്രമാണ് ഇപ്പോൾ ഉള്ളത്. 2022 ലെ അംഗ സംഖ്യയുമായി താരതമ്യം ചെയ്യുമ്പോള്‍ മുപ്പത്തിമൂവായിരത്തോളം അംഗങ്ങൾ വർധിച്ചെങ്കിലും പതിനായിരത്തോളം അംഗങ്ങൾ കൊഴിഞ്ഞുപോയി.
ദേശീയ പാർട്ടി പദവി ഉണ്ടെങ്കിലും കേരളം ഒഴിച്ചുള്ള മറ്റു സംസ്ഥാനങ്ങളിൽ സിപിഐഎമ്മിന്റെ സ്വാധീനം ദുർബലമാണെന്ന് വ്യക്തമാക്കുന്നതാണ് പാർട്ടി കോൺഗ്രസിൽ അവതരിപ്പിച്ച അംഗത്വ കണക്ക്. പത്തു ലക്ഷത്തി പത്തൊമ്പതിനായിരത്തി ഒന്‍പത് അംഗങ്ങളാണ് രാജ്യത്തെ 27 സംസ്ഥാനങ്ങളിലായി സിപിഐഎമ്മിനുള്ളത്. ഇതിൻ്റെ നേർ പകുതിയിൽ കൂടുതലും അംഗങ്ങൾ കേരളത്തിൽ നിന്നാണ്. 564895 അംഗങ്ങളാണ് കേരളത്തിൽ സിപിഐഎമ്മിന് ഉള്ളത്. 2021 ലെ പാർട്ടി കോൺഗ്രസ് നടന്ന കാലയളവിനേക്കാൾ 37721 അംഗങ്ങള്‍ ഇത്തവണ കേരളത്തിൽ കൂടിയിട്ടുണ്ട്. പക്ഷേ 2022 ല്‍ 5.75 ലക്ഷം അംഗങ്ങളുണ്ടായിരുന്ന പാർട്ടിയില്‍ നിന്ന് 2023 ലും 2024 ലും കൊഴിഞ്ഞു പോക്ക് ഉണ്ടായെന്ന് അംഗത്വ പട്ടിക വ്യക്തമാക്കുന്നു.
34 വർഷം പശ്ചിമ ബംഗാൾ ഭരിച്ച സിപിഐഎമ്മിന് ഇപ്പോൾ അവിടെ 1.58 ലക്ഷം പാർട്ടി അംഗങ്ങള്‍ മാത്രമേ ഉള്ളൂ. 23 ആം പാർട്ടി കോൺഗ്രസ് സമയത്ത് അൻപതിനായിരത്തിലേറെ അംഗങ്ങൾ ത്രിപുര പാർട്ടിയിലുണ്ടായിരുന്നു. മധുര പാർട്ടി കോൺഗ്രസ് സമയത്ത് അത് 38,000 ആയി ചുരുങ്ങി. CPIM മെമ്പർഷിപ്പിൽ കാര്യമായ കൊഴിഞ്ഞുപോക്ക് ഉണ്ടാക്കാത്ത സംസ്ഥാനം തമിഴ്നാടാണ്. ഒരു ലക്ഷത്തിനടുത്ത് അംഗങ്ങൾ തമിഴ്നാട്ടിൽ സിപിഐഎമ്മിൽ ഉണ്ട്.
കഴിഞ്ഞ നാലു വർഷമായി 5,000 ത്തോളം പാർട്ടി അംഗങ്ങളാണ് ഉത്തർപ്രദേശിൽ ഉള്ളത്. നിലവിൽ 38143 അംഗങ്ങളുള്ള തെലങ്കാനയിലും പാർട്ടി അംഗങ്ങൾ കൊഴിഞ്ഞു പോകുന്നുണ്ട്. സിപിഐഎം ആസ്ഥാനമായ എകെജി ഭവൻ പ്രവർത്തിക്കുന്ന ഡൽഹിയിൽ രണ്ടായിരത്തോളം അംഗങ്ങൾ മാത്രമാണ് പാർട്ടിക്ക് ഉള്ളത്. ഛത്തീസ്ഗഡ്, ഗുജറാത്ത്, ഹരിയാന, ഹിമാചൽ പ്രദേശ്, കശ്മീർ, മധ്യപ്രദേശ്, ഒഡീഷ, മണിപ്പൂർ, ഗോവ, പുതുച്ചേരി, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ അയ്യായിരത്തിൽ താഴെയാണ് സിപിഐഎം അംഗങ്ങളുള്ളത്. ഇതിൽ ഗോവയിൽ 45 അംഗങ്ങൾ മാത്രമാണ് കഴിഞ്ഞ നാല് വർഷമായി സിപിഐഎമ്മിനുള്ളത്.
നാലുവർഷം മുമ്പ് ഒരംഗവും ഇല്ലാതിരുന്ന പുതുച്ചേരിയിൽ ഇപ്പോൾ 812 പാർട്ടി അംഗങ്ങൾ സിപിഐഎമ്മിനുണ്ട്. ഉത്തർപ്രദേശ്, രാജസ്ഥാൻ, പഞ്ചാബ്, കർണാടക, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ 5000 ത്തിന്മേലാണ് പാർട്ടി അംഗങ്ങൾ. ആന്ധ്രപ്രദേശിൽ 23000 അംഗങ്ങളും ബിഹാറിൽ ഇരുപതിനായിരം പേരും അസമിൽ 10000 പേരും സിപിഐഎമ്മിൽ ഉണ്ട്. ആൻഡമാൻ നിക്കോബാറിൽ 301 അംഗങ്ങളും പാർട്ടിക്കുണ്ട്.
താഴേത്തട്ടിൽ പാർട്ടി അതീവ ദുർബലമെന്നും അംഗങ്ങളുടെ കൊഴിഞ്ഞു പോക്ക് രൂക്ഷമെന്നും സിപിഐഎം പാർട്ടി കോൺഗ്രസിലെ ചർച്ചയില്‍ കേരള ഘടകം വിമർശനം ഉയർത്തിയത് ഈ രേഖയുടെ കൂടി അടിസ്ഥാനത്തിലാണ്. അംഗങ്ങളുടെ എണ്ണം മാത്രമല്ല നിലവാരവും ഉയർത്താനുള്ള നടപടികൾ തുടങ്ങിയെന്ന് നേതൃത്വം ഈ വിമർശനങ്ങളുടെ അടിസ്ഥാനത്തിൽ വ്യക്തമാക്കി. പാർട്ടിയുടെ പിന്നോട്ടു പോക്ക് തിരിച്ചറിഞ്ഞുള്ള സ്വയം വിമർശനമാണ് സംഘടനാ റിപ്പോർട്ടിലും അതിന്മേലുള്ള ചർച്ചയിലും കാണാനാകുന്നത്. താഴെത്തട്ടിൽ പാർട്ടി അതീവ ദുർബലമാണ്. കൊഴിഞ്ഞുപോക്ക് ഗുരുതരവും. പല സംസ്ഥാനങ്ങളിലും കൃത്യമായ പാർട്ടി കമ്മിറ്റികൾ പോലും ഇല്ലാത്ത അവസ്ഥയുണ്ടെന്ന് കേരള പ്രതിനിധി പി.കെ. ബിജു പറഞ്ഞു. മുൻകാലങ്ങളിലെപ്പോലെ ഭൂപ്രശ്നങ്ങളിൽ പാർട്ടി ഇടപെടുന്നില്ല. ജനകീയ വിഷയങ്ങളും ഏറ്റെടുക്കുന്നില്ലെന്നും ബിജു കൂട്ടിച്ചേർത്തു.
സാങ്കേതിക വിദ്യയുടെ വികാസം പാർട്ടിയുടെ വളർച്ചക്ക് ഉപയോഗപ്പെടുത്തണമെന്ന് പി.എ. മുഹമ്മദ് റിയാസ് പൊതു ചർച്ചയിൽ പറഞ്ഞു. കേന്ദ്ര നേതാക്കൾ പാർട്ടിയുടെ താഴെത്തട്ടില്‍ ഇറങ്ങി പ്രവർത്തിക്കുന്നില്ല എന്നും ആ സ്ഥിതിയിൽ മാറ്റം വരുത്തിയാൽ മാത്രമേ പാർട്ടിക്ക് മുന്നോട്ടു പോകാൻ ആകെ ഉള്ളൂ എന്നുമാണ് കേരള ഘടകം ഉയർത്തിയ വിമർശനത്തിന്റെ ആകെത്തുക. 75 വയസ് പ്രായപരിധി എന്നത് മാറ്റണമെന്ന അഭിപ്രായം കേരളഘടകത്തിന്റെ ഗ്രൂപ്പ് ചർച്ചയിൽ ഉയർന്നെങ്കിലും പൊതു ചർച്ചയിൽ ഇത് ഉന്നയിക്കണ്ട എന്ന് കേരള ഘടകം തീരുമാനിച്ചിരുന്നു. രാജ്യത്ത് സിപിഐഎമ്മിന് ഭരണമുള്ള ഏക സംസ്ഥാനം എന്ന നിലയിലും രാജ്യത്ത് ഏറ്റവും കൂടുതൽ പാർട്ടി അംഗങ്ങളുള്ള സംസ്ഥാനം എന്ന നിലയിലും കേരളഘടകത്തിന്റെ അധീശത്വം പ്രകടമാവുകയാണ് പാർട്ടി കോൺഗ്രസിൽ.