"ഇന്ത്യയിലെ ഏറ്റവും വലിയ ഭീഷണി ജമാഅത്തെ ഇസ്ലാമിയാണെന്ന അഭിപ്രായം തങ്ങൾക്കില്ല"; നിലപാട് മയപ്പെടുത്തി സിപിഎം

കോഴിക്കോട് മുക്കത്ത് സിപിഎം സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു എളമരം കരീം
"ഇന്ത്യയിലെ ഏറ്റവും വലിയ ഭീഷണി ജമാഅത്തെ ഇസ്ലാമിയാണെന്ന അഭിപ്രായം തങ്ങൾക്കില്ല"; നിലപാട് മയപ്പെടുത്തി സിപിഎം
Published on


ജമാഅത്തെ ഇസ്ലാമിക്ക് എതിരെയുള്ള വിമർശനം മയപ്പെടുത്തി സിപിഎം. ജമാഅത്തെ ഇസ്ലാമിയെയോ, മുസ്ലീം സംഘടനകളെയോ പ്രത്യേകം അക്രമിക്കാനോ ,ആക്ഷേപിക്കാനോ പാർട്ടി ശ്രമിക്കുന്നില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം വ്യക്തമാക്കി. കോഴിക്കോട് മുക്കത്ത് സിപിഎം സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു എളമരം കരീം.


ആർഎസ്എസും ഹിന്ദുത്വ വർഗീയ ശക്തികളുമാണ് മതനിരപേക്ഷതക്ക് വലിയ ഭീഷണിയെന്നായിരുന്നു എളമരം കരീമിൻ്റെ പ്രസ്താവന. ഇന്ത്യയിലെ ഏറ്റവും വലിയ ഭീഷണി ജമാഅത്തെ ഇസ്ലാമിയാണെന്ന അഭിപ്രായം തങ്ങൾക്കില്ലെന്നും എളമരം കരീം പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയുടെയും സംഘപരിവാറിന്റെയും ആവശ്യം മതരാഷ്ട്രമാണെന്നായിരുന്നു നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രസ്താവന. മതനിരപേക്ഷതയ്ക്ക് എന്തെല്ലാം പോറൽ ഏൽപ്പിക്കാമോ അതെല്ലാമാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്. സംഘപരിവാർ ശ്രമിക്കുന്നത് ഭരണഘടന തകർക്കാൻ ആണെന്നും പിണറായി വിജയൻ വിമർശിച്ചിരുന്നു.

സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവനും ജമാഅത്തെ ഇസ്ലാമിയെ രൂക്ഷമായി വിമർശിച്ചിരുന്നു. മലപ്പുറം വർഗീയതയുടെ ചിഹ്നമാക്കാനുള്ള പരിശ്രമം നടക്കുന്നുണ്ടെന്നും ജമാ അത്തെ ഇസ്ലാമിയും എസ്‌ഡിപിഐയുമാണ് ഇതിന് പിന്നിലെന്നും എ. വിജയരാഘവൻ പറഞ്ഞു. മുസ്ലിം ലീഗ് ഇതിന് ഒളിഞ്ഞുനിന്ന് പിന്തുണ നൽകുന്നുണ്ടെന്നും എ. വിജയരാഘവൻ പറഞ്ഞിരുന്നു.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com