ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പ്രമുഖർ പരിഗണനയിൽ; സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിന് ഇന്ന് വടകരയിൽ തുടക്കം

മികച്ച നിയമസഭ സാമാജികൻ എന്ന് പേരെടുത്ത എ പ്രദീപ്കുമാർ 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം പൂർണ്ണമായും സംഘടനാ രംഗത്തുണ്ട്. അതുകൊണ്ടുതന്നെ ജില്ലാ സെക്രട്ടറിയാകാൻ സാധ്യത കൂടുതലാണ്.
ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പ്രമുഖർ പരിഗണനയിൽ; സിപിഎം  കോഴിക്കോട് ജില്ലാ സമ്മേളനത്തിന് ഇന്ന് വടകരയിൽ തുടക്കം
Published on


സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിന് ഇന്ന് വടകരയിൽ തുടക്കമാവും.പ്രതിനിധി സമ്മേളനവും, പൊതുസമ്മേളനവും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മൂന്ന് ടേം പൂർത്തിയാക്കിയ ജില്ലാ സെക്രട്ടറി പി മോഹനൻ ഈ സമ്മേളനത്തോടെ സ്ഥാനം ഒഴിയും. മുൻ MLA പി പ്രദീപ് കുമാർ , കൺസ്യൂമർഫെഡ് ചെയർമാൻ എം.മെഹബൂബ് എന്നിവരാണ് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന പ്രമുഖർ.


മൂന്നുദിവസം നീണ്ടുനിൽക്കുന്ന സമ്മേളനത്തിൽ ജില്ലാ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ 500 ൽ അധികം പ്രതിനിധികൾ പങ്കെടുക്കും. മൂന്ന് ടേം പൂർത്തിയാക്കിയ ജില്ലാ സെക്രട്ടറി പി മോഹനൻ്റെ പകരക്കാരനായി ആര് തെരഞ്ഞെടുക്കപ്പെടും എന്നതാണ് ആകാംക്ഷ. പ്രധാനമായും നാല് പേരുകളാണ് സെക്രട്ടറി സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നത്. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എ പ്രദീപ്കുമാറിനും , കൺസ്യൂമർ ഫെഡ് ചെയർമാൻ എം മെഹബൂബിനുമാണ് ആദ്യ പരിഗണന. KSKTU സംസ്ഥാന വൈസ് പ്രസിഡണ്ട് കെ കെ ദിനേശൻ, DYFI മുൻ ജില്ലാ സെക്രട്ടറി ടി വിശ്വനാഥനും സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാൻ സാധ്യത ഉള്ളവരാണ്.

മികച്ച നിയമസഭ സാമാജികൻ എന്ന് പേരെടുത്ത എ പ്രദീപ്കുമാർ 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം പൂർണ്ണമായും സംഘടനാ രംഗത്തുണ്ട്. അതുകൊണ്ടുതന്നെ ജില്ലാ സെക്രട്ടറിയാകാൻ സാധ്യത കൂടുതലാണ്. കോഴിക്കോട് ജില്ലയിൽ പിണറായി വിജയനോട് ഏറ്റവും അടുപ്പം പുലർത്തുന്ന നേതാവാണ് M മെഹ്ബൂബ്. ഒന്നാം പിണറായി സർക്കാരിൽ കൺസ്യൂമർഫെഡ് ചെയർമാനായ M മെഹ്ബൂബ് 2021ൽ വീണ്ടും ചെയർമാനായി. വിവാദമായ ചേവായൂർ ബാങ്ക് തിരഞ്ഞെടുപ്പിൽ മുന്നിൽ നിന്ന് തന്ത്രങ്ങൾ ഒരുക്കിയതും M മെഹ്ബൂബ് ആയിരുന്നു.

കർഷക തൊഴിലാളി യൂണിയൻ്റെ സംസ്ഥാന വൈസ് പ്രസിഡണ്ടായ KK ദിനേശൻ മികച്ച സംഘാടകനും, പാർട്ടിയിലെ ജനകീയ മുഖവുമാണ്. മലയോര മേഖലയിൽ നിന്ന് മത്തായി ചാക്കോയ്ക്ക് ശേഷം മറ്റൊരു നേതാവ് ജില്ലയിലെ സിപിഎം നേതൃത്വത്തിലേക്ക് വന്നിട്ടില്ല. അങ്ങനെയാണെങ്കിൽ മലയോര മേഖലയിലെ നേതാവായ ടി വിശ്വനാഥനും സാധ്യത കൽപ്പിക്കപ്പെടുന്നു.

സമ്മേളനത്തിൽ മുഖ്യമന്ത്രിക്ക് പുറമെ പിബി അംഗങ്ങളായ എംവി ഗോവിന്ദനും ,എ വിജയ രാഘവനും കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇപി ജയരാജനും, പി കെ ശ്രീമതിയും പങ്കെടുക്കും. സമ്മേളനം നടക്കുന്ന മൂന്നുദിവസവും മുഖ്യമന്ത്രി പിണറായി വിജയൻ വടകരയിൽ ഉണ്ടാകും. വടകര ലോക്സഭാ മണ്ഡലത്തിലെ K K ശൈലജയുടെ തോൽവിയും, ആഭ്യന്തരവകുപ്പിനെതിരായ തുടർച്ചയായ വിമർശനങ്ങളും സമ്മേളനത്തിൽ ചർച്ചയാകും. ഏരിയാ സമ്മേളനങ്ങൾക്ക് ശേഷം മന്ത്രി പി എ മുഹമ്മദ് റിയാസ് ജില്ലയിൽ പുതിയ ശക്തി കേന്ദ്രമായി ഉയർന്നു വന്നിട്ടുണ്ട്. ജില്ലാ കമ്മിറ്റിയിലും, സെക്രട്ടറിയേറ്റിലും ഇതിൻറെ പ്രതിഫലനം ഉണ്ടാവാനുള്ള സാധ്യതയും കൂടുതലാണ്.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com