
തപാൽ വോട്ട് തിരുത്തി എന്ന വെളിപ്പെടുത്തലിൽ യൂടേൺ അടിച്ച് ജി. സുധാകരൻ. ഇത് ഒരു പ്രസംഗ തന്ത്രമാണെന്നും, താൻ വോട്ട് തിരുത്തി എന്നല്ല പറഞ്ഞതെന്നും സുധാകരൻ വ്യക്തമാക്കി. "ഒരു മുൻകൂർ ജാമ്യത്തിനും പോകുന്നില്ല. പൊലീസ് അറസ്റ്റ് ചെയ്യട്ടെ. ജയിലിൽ പോകാൻ തയ്യാറാണ്. ഞാൻ അറസ്റ്റിന് കാത്തിരിക്കുകയാണ് കോടതിയിൽ പോകുമ്പോൾ ഞാൻ വക്കീലിനെ വയ്ക്കാം", എന്നായിരുന്നു സുധാകരൻ്റെ പ്രതികരണം.
തൻ്റെ പ്രസ്താവനയിൽ പാർട്ടി പ്രതിസന്ധിയിലായിട്ടില്ല. തൻ്റെ പ്രസ്താവന കൊണ്ട് ആർക്കും രാഷ്ട്രീയ നേട്ടം ഉണ്ടാകാൻ പോകുന്നില്ലെന്നും സുധാകരൻ പറഞ്ഞു. പോസ്റ്റൽ ബാലറ്റ് തൻ്റെ കൈയിൽ വരാറില്ല. വോട്ട് മാറി ചെയ്യുന്നത് അറിയാൻ കഴിയും എന്നാണ് പറഞ്ഞത്. ലക്ഷക്കണക്കിന് ബാലറ്റുകൾ ഓരോന്ന് പൊട്ടിച്ചു തിരുത്താൻ പറ്റുമോയെന്നും സുധാകരൻ ചോദ്യമുന്നയിച്ചു.
നിരവധി ആളുകൾ തന്നെ വിളിച്ചിരുന്നു. അഭിഭാഷകരും,നിയമജ്ഞരുമടക്കം ഇങ്ങോട്ടു വിളിച്ചു പിന്തുണ അറിയിച്ചുവെന്നും സുധാകരൻ അറിയിച്ചു. സിപിഐഎം ജില്ലാ സെക്രട്ടറിയും തന്നെ പിന്തുണയ്ക്കുകയാണ് ചെയ്തത്. കേസെടുത്തതിൽ ഗൂഢാലോചന ഉണ്ടോ എന്നറിയില്ല. ഏതായാലും നല്ല ആലോചന ഭാഗമായല്ല കേസെടുത്തതെന്നും സുധാകരൻ പറഞ്ഞു. രാജ്യത്തിൻ്റെ നിയമവ്യവസ്ഥയെ മുഴുവൻ വെല്ലുവിളിച്ച ആൾക്കെതിരെ എന്ത് നിയമ നടപടിയാണ് സ്വീകരിച്ചത്. ഒരു മാസം എടുത്താണ് എഫ്എആർ രജിസ്റ്റർ ചെയ്തത്. എന്നാൽ തന്റെ സംഭവത്തിൽ മൂന്ന് ദിവസത്തിനുള്ളിൽ ജാമ്യമില്ല വകുപ്പ് ചുമത്തിയെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.