'ആരോപണം മാത്രം, കാര്യങ്ങള്‍ മുഖ്യമന്ത്രി വ്യക്തമാക്കും'; കെ.എം. എബ്രഹാമിനെതിരായ സിബിഐ അന്വേഷണത്തില്‍ CPIM നേതാക്കള്‍

അന്വേഷണം നടക്കട്ടെ. സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കും. കുറ്റം ചെയ്തവരെ സര്‍ക്കാര്‍ വെറുതെ വിടില്ലെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു.
'ആരോപണം മാത്രം, കാര്യങ്ങള്‍ മുഖ്യമന്ത്രി വ്യക്തമാക്കും'; കെ.എം. എബ്രഹാമിനെതിരായ സിബിഐ അന്വേഷണത്തില്‍ CPIM നേതാക്കള്‍
Published on


അനധികൃത സ്വത്ത് സമ്പാദന പരാതിയില്‍ കിഫ്ബി സിഇഒ കെ.എം. എബ്രഹാമിനെതിരെ സിബിഐ കേസെടുത്തതില്‍ പ്രതികരണവുമായി മന്ത്രി പി. രാജീവും സിപിഐഎം നേതാവ് ഇ.പി. ജയരാജനും. കാര്യങ്ങള്‍ മുഖ്യമന്ത്രി വ്യക്തമാക്കിയതാണ്. കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കേണ്ട സമയത്ത് മുഖ്യമന്ത്രി തന്നെ പറയുമെന്നാണ് പി. രാജീവ് പറഞ്ഞത്.

അതേസമയം കെ.എം. എബ്രഹാമിനെതിരെ നിലവിലുള്ളത് ആരോപണം മാത്രമാണെന്നാണ് ഇ.പി. ജയരാജന്‍ പ്രതികരിച്ചത്. അന്വേഷണം നടക്കട്ടെ. സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കും. കുറ്റം ചെയ്തവരെ സര്‍ക്കാര്‍ വെറുതെ വിടില്ലെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു.

ഇന്നലെ വൈകീട്ടോടെയാണ് സിബിഐ കൊച്ചി യൂണിറ്റ് കെഎം എബ്രഹാമിനെ പ്രതി ചേര്‍ത്തുകൊണ്ട് കേസെടുത്തത്. അതേസമയം സിബിഐ അന്വേഷണം നടത്തുന്നു എന്നതുകൊണ്ട് കിഫ്ബി സിഇഒ പദവി രാജിവെക്കില്ലെന്ന് കെഎം എബ്രഹാം നേരത്തെ പറഞ്ഞിരുന്നു. സിബിഐ അന്വേഷണത്തെ സധൈര്യം നേരിടുമെന്നും രാജിവെയ്ക്കണമോയെന്ന് മുഖ്യമന്ത്രിക്ക് തീരുമാനിക്കാമെന്നും എബ്രഹാം വ്യക്തമാക്കിയിരുന്നു.

2015ല്‍ ധനവകുപ്പ് സെക്രട്ടറി ആയിരിക്കെ കെ.എം. ജേക്കബ് അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്നായിരുന്നു പരാതി. മുംബൈ, തിരുവനന്തപുരം എന്നിവിടങ്ങളിലെ അപ്പാര്‍ട്ട്മെന്റും കൊല്ലം കടപ്പാക്കടയിലെ കെട്ടിട നിര്‍മാണവും ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. വിജിലന്‍സില്‍ ഇത് സംബന്ധിച്ച് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ആയിരുന്നു പരാതി നല്‍കിയത്.

അന്ന് വിജിലന്‍സ് നടത്തിയ പരിശോധനയില്‍ ചില പാളിച്ചകള്‍ ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ടാഴ്ച മുന്‍പ് ഹൈക്കോടതി പാളിച്ചകള്‍ ചൂണ്ടിക്കാട്ടി ഇത് സംബന്ധിച്ച അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന നിര്‍ദേശം നല്‍കിയത്. വര്‍ഷങ്ങള്‍ നീണ്ട നിയമ വ്യവഹാരങ്ങള്‍ക്ക് ഒടുവിലാണ് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.

പരാതിക്കാരന്റെ മൊഴി, വിജിലന്‍സ് നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്, മറ്റ് സുപ്രധാന രേഖകള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാനായിരുന്നു ഹൈക്കോടതി നിര്‍ദേശം. ജസ്റ്റിസ് കെ. ബാബുവാണ് സിബിഐക്ക് നിര്‍ദേശം നല്‍കിയത്. സിബിഐ കൊച്ചി യൂണിറ്റ് സൂപ്രണ്ടിനാണ് കോടതി അന്വേഷണത്തിനുള്ള നിര്‍ദ്ദേശം നല്‍കിയത്. വിജിലന്‍സിനോട് ബന്ധപ്പെട്ട മുഴുവന്‍ രേഖകളും കൈമാറണമെന്നും നിര്‍ദേശം നല്‍കിയിരുന്നു. തന്റെ ഭാഗം കേട്ടില്ലെന്ന്, ഉത്തരവ് വന്നതിന് പിന്നിലെ കെ.എം. എബ്രഹാം ആരോപിച്ചിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com