സരിനെ പിന്തുണയ്ക്കാന്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ്; സ്ഥാനാര്‍ഥിയാക്കുന്നത് ഗുണം ചെയ്യുമെന്ന് വിലയിരുത്തല്‍

സരിന്റെ നീക്കങ്ങള്‍ക്ക് പിന്തുണ നല്‍കാനാണ് പാര്‍ട്ടിയുടെ തീരുമാനം
സരിനെ പിന്തുണയ്ക്കാന്‍ സിപിഎം ജില്ലാ  സെക്രട്ടറിയേറ്റ്; സ്ഥാനാര്‍ഥിയാക്കുന്നത് ഗുണം ചെയ്യുമെന്ന് വിലയിരുത്തല്‍
Published on

പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനത്തോടെ കോൺഗ്രസിനെതിരെ തിരിഞ്ഞ ഡോ. പി സരിന് പിന്തുണ നല്‍കാന്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ്. സരിന്റെ നീക്കങ്ങള്‍ക്ക് പിന്തുണ നല്‍കാനാണ് പാര്‍ട്ടിയുടെ തീരുമാനം.

സരിനെ സ്ഥാനാര്‍ഥിയാക്കുന്നത് ഗുണം ചെയ്യുമെന്നും പാര്‍ട്ടിയിൽ വിലയിരുത്തലുണ്ട്. വാര്‍ത്താസമ്മേളനത്തിന് പിന്നാലെ സരിന് സിപിഎം പിന്തുണ നല്‍കിയേക്കുമെന്ന് നേരത്തെ തന്നെ അഭ്യൂഹമുണ്ടായിരുന്നു.

സരിന് ഇടത് പിന്തുണ നൽകുന്നത് തള്ളാതെയായിരുന്നു മന്ത്രി എം.ബി. രാജേഷിന്റെ പ്രതികരണം. സ്ഥാനാര്‍ഥിത്വത്തെ സംബന്ധിച്ച് ആവശ്യമായ സമയത്ത് ഉചിതമായ തീരുമാനം എടുക്കുമെന്നായിരുന്നു രാജേഷ് പറഞ്ഞത്.

പാലക്കാട് കോണ്‍ഗ്രസ് പൊട്ടിത്തെറിയിലേക്ക് പോകുന്നുവെന്നും ബാക്കി കാര്യങ്ങള്‍ വഴിയേ പറയാം എന്നും ഏറ്റവും അനുയോജ്യനായ സ്ഥാനാര്‍ഥിയെ തന്നെ പാലക്കാട് അവതരിപ്പിക്കുമെന്നും എം.ബി. രാജേഷ് പറഞ്ഞിരുന്നു.

കോണ്‍ഗ്രസിനെയും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ഥിത്വത്തെയും രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് കെപിസിസി സോഷ്യല്‍ മീഡിയ സെല്‍ കണ്‍വീനര്‍ കൂടിയായ പി. സരിന്‍ മാധ്യങ്ങള്‍ക്ക് മുന്നിലെത്തിയത്. രാഹുലിനെ സ്ഥാനാര്‍ഥിയാക്കിയ തീരുമാനം പുനഃപരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

തന്നെ സ്ഥാനാര്‍ഥിയാക്കാത്തതല്ല പ്രശ്‌നം. ഉള്‍പാര്‍ട്ടി ജനാധിപത്യം തകരാന്‍ പാടില്ല. പാര്‍ട്ടി താത്പര്യങ്ങള്‍ക്ക് മുകളില്‍ കുറച്ചു പേരുടെ വ്യക്തി താത്പര്യങ്ങള്‍ക്ക് വഴങ്ങിയാല്‍ തോല്‍ക്കുന്നത് രാഹുല്‍ മാങ്കൂട്ടത്തിലല്ല, രാഹുല്‍ ഗാന്ധിയായിരിക്കുമെന്നും സരിന്‍ വിമര്‍ശനമുന്നയിച്ചിരുന്നു.

ഹരിയാന ആവര്‍ത്തിക്കുമെന്ന മുന്നറിയിപ്പും നല്‍കിയ സരിന്‍ കുറ്റിച്ചൂലിനെ നിര്‍ത്തിയാലും ജയിക്കുമെന്നാണ് സിപിഎമ്മിനെ പരിഹസിക്കാറുള്ളത്. അത് പക്ഷെ ആ പാര്‍ട്ടിയുടെ കഴിവാണ്. തന്റെ പാര്‍ട്ടി തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സരിന്‍ പറഞ്ഞിരുന്നു.

യാഥാര്‍ത്ഥ്യങ്ങളെ കണ്ണടച്ച് ഇരുട്ടാക്കരുത്. സ്ഥാനാര്‍ഥിയില്‍ പുനഃപരിശോധന വേണമെന്ന് എഐസിസി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് മല്ലികാര്‍ജുന്‍ ഖാര്‍ഗേയ്ക്കും രാഹുല്‍ ഗാന്ധിക്കും കത്തയച്ചിട്ടുണ്ട്. കത്തിന്റെ വിശദാംശങ്ങളും സരിന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിശദീകരിച്ചു.

തനിക്ക് സീറ്റ് ലഭിക്കാത്തതു കൊണ്ടല്ല ഇതൊക്കെ പറയുന്നത്. രാഹുലിന് ഇനിയും അവസരങ്ങളുണ്ട്. പാര്‍ട്ടി ഇപ്പോള്‍ തിരുത്തിയില്ലെങ്കില്‍ തോറ്റുപോകും. തന്നെക്കാള്‍ വലിയ നേതാക്കള്‍ നടക്കാത്ത കാര്യങ്ങള്‍ നടക്കുമോ എന്ന് നോക്കുന്നു. പാലക്കാട് ജയിക്കുന്നത് രാഷ്ട്രീയ വോട്ട് കൊണ്ടല്ല, അനുകമ്പ വോട്ട് കിട്ടിയാണെന്നും സരിന്‍ പറഞ്ഞു. രാഷ്ട്രീയക്കാര്‍ക്ക് രണ്ട് മുഖം പാടില്ല. സ്ഥാനാര്‍ഥി ചര്‍ച്ച തന്നെ പ്രഹസനമായിരുന്നു. ത്യാഗത്തിന് തയ്യാറാകണം. ജയിലില്‍ കിടക്കുന്നതല്ല ത്യാഗം. പാര്‍ട്ടിക്ക് തെറ്റ് പറ്റിയെങ്കില്‍ തിരുത്തണം. ഇത് തന്റെ ആവശ്യമല്ല. പാര്‍ട്ടിയെ സ്‌നേഹിക്കുന്ന ഒരുപാട് ആളുകളുടെ ആവശ്യമാണ്. തന്റെ വാക്കുകള്‍ കൊണ്ട് പാലക്കാട് ബിജെപിക്ക് വോട്ട് കിട്ടില്ലെന്നും സരിന്‍ പറഞ്ഞു.

വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ നിന്ന് ലെഫ്റ്റ് അടിച്ചുവെന്ന വാര്‍ത്തയും സരിന്‍ നിഷേധിച്ചു. ഒരു ഗ്രൂപ്പില്‍ നിന്നും താന്‍ ലെഫ്റ്റ് അടിച്ചിട്ടില്ല, പുറത്താക്കിയിട്ടുമില്ല. പറയാനുള്ളത് പറഞ്ഞിട്ടേ താന്‍ പോകൂ. കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വം കാണിക്കുന്നത് തോന്നിവാസമാണെന്നും 48 മണിക്കൂറിനുള്ളില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും സരിന്‍ ആവശ്യപ്പെട്ടു

Related Stories

No stories found.
News Malayalam 24x7
newsmalayalam.com