
ചേലക്കര ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥി പരിഗണനയിൽ ഉള്ളവരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി സിപിഎം . മുൻ എംഎൽഎ എ.യു. പ്രദീപ് , ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ടി.കെ. വാസു, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് ഡോ. എം.കെ. സുദർശൻ എന്നിവരാണ് പരിഗണനയിൽ. സംസ്ഥാന കമ്മിറ്റി അംഗം എ.സി. മൊയ്തീനെ തെരഞ്ഞെടുപ്പ് കമ്മറ്റി കൺവീനറായും നിശ്ചയിച്ചു. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് ഈ മാസം 13ന് എൽഡിഎഫ് യോഗം വിളിക്കാനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ നേതൃത്വത്തിൽ നടന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ തീരുമാനമായി.
ഭരണ വിരുദ്ധ വികാരം, ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയം , നിലവിലെ രാഷ്ട്രീയ വിവാദങ്ങൾ എന്നിവയ്ക്ക് നടുവിൽ നിന്നുകൊണ്ടാണ് ഉപതെരഞ്ഞെടുപ്പിനെ നേരിടാൻ സിപിഎമ്മും എൽഡിഎഫും തയ്യാറെടുക്കുന്നത്. 25 വർഷത്തോളമായി സിപിഎം കുത്തകയാക്കി വെച്ചിരിക്കുന്ന ചേലക്കരയിലും രാഷ്ട്രീയ കാലാവസ്ഥയിൽ മാറ്റം ഉണ്ടായിട്ടുണ്ട്. അത് തിരിച്ചറിഞ്ഞാണ് പ്രവർത്തനങ്ങൾ ആരംഭിക്കാൻ സിപിഎം ഒരുങ്ങുന്നത്. അത് കൊണ്ട് തന്നെ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപ് തന്നെ സ്ഥാനാർഥിയായി പരിഗണിക്കുന്നവരുടെ ചുരുക്കപ്പട്ടിക ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചേർന്ന് തയ്യാറാക്കിയത്.
Also Read: പാലക്കാട് ബിജെപിക്ക് കച്ചവടം ഉറപ്പിച്ചു, ചേലക്കരയില്‍ ബിജെപി സിപിഎമ്മിന് വോട്ട് ചെയ്യും: പി.വി. അൻവർ
കെ. രാധാകൃഷ്ണന് പകരം 2016ലെ തെരഞ്ഞെടുപ്പിൽ വിജയിച്ച എ.യു. പ്രദീപിന് തന്നെയാണ് പ്രഥമ പരിഗണന. പ്രദീപിന് മണ്ഡലത്തിന്‍റെ അടിത്തട്ട് മുതൽ ബന്ധങ്ങൾ ഉണ്ടെന്നാണ് പാർട്ടി വിലയിരുത്തൽ. ജില്ലാ സെക്രട്ടേറിയറ്റ് അംഗവും പട്ടികജാതി - പട്ടികവർഗ കമ്മീഷൻ അംഗവുമായ ടി.കെ. വാസുവിന്‍റെ പേരും പരിഗണനയിലുണ്ട്. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻ്റും പികെഎസ് നേതാവുമായ ഡോ. എം.കെ. സുദർശന്‍റേതാണ് മൂന്നാമതായി പരിഗണിക്കുന്ന പേര്.
പട്ടിക നാളെ നടക്കുന്ന ജില്ലാ കമ്മറ്റിയിൽ അവതരിപ്പിക്കും. ജില്ലാ കമ്മിറ്റിയിൽ അന്തിമ തീരുമാനമാകുന്നതോടെ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ സംസ്ഥാന നേതൃത്വം ഔദ്യോഗികമായി സ്ഥാനാർഥി പ്രഖ്യാപനം നടത്തിയേക്കും. മുൻമന്ത്രിയും സംസ്ഥാന കമ്മിറ്റി അംഗവുമായ എ.സി. മൊയ്തീനാണ് തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ.