
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കെ. മുരളീധരൻ നിയമസഭയിലെത്തുന്നതിനെ സതീശന് ഭയമാണെന്നാണ് വിമർശനം. സതീശന് തന്റെ അപ്രമാദിത്വം പൊളിയുമോ എന്ന ഭയമാണെന്നും, ബിജെപിയെ ജയിപ്പിക്കാമെന്നത് സതീശന്റെ ഡീലാണെന്നുമാണ് ദേശാഭിമാനി ലേഖനത്തിലൂടെ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ നിലപാട്.
മുരളീധരൻ മത്സരിച്ചെങ്കിൽ ബിജെപിയെ ജയിപ്പിക്കാമെന്ന സതീശൻ്റെ ഡീൽ നടക്കില്ല. മുരളീധരനെ പാലക്കാട് സ്ഥാനാർഥിയാക്കുന്നത് തടയിടാനാണ് ധൃതിപിടിച്ച് രാഹുൽ മാങ്കൂട്ടത്തിലിനെ പ്രഖ്യാപിച്ചത്. മുരളീധരൻ നിയമസഭയിൽ എത്തിയാൽ തന്റെ അപ്രമാദിത്വം പൊളിയുമെന്ന് സതീശന് മനസിലായി. കോൺഗ്രസിലെ പ്രതിസന്ധി ഉപയോഗിച്ച അടവ് നയമാണ് സരിന്റെ സ്ഥാനാർത്ഥിത്വമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. കരുണാകരനുമായി അടുത്തുനിൽക്കുന്നവർക്ക് രാഹുലിന്റെ സ്ഥാനാർഥിത്വം വലിയ അതൃപ്തിയാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഒരു ഘട്ടത്തിലും ഡിസിസിയുടെ പരിഗണനയിൽ ഉണ്ടായിരുന്ന സ്ഥാനാർഥിയല്ല രാഹുൽ മാങ്കൂട്ടത്തിലെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. പ്രാഥമികമായി നേതൃത്വം സമർപ്പിച്ച മൂന്ന് പേരുടെ ലിസ്റ്റിൽ പോലും രാഹുലിന്റെ പേരുണ്ടായിരുന്നില്ല. കെ. മുരളീധരൻ, ഡോ. പി. സരിൻ, വി.ടി. ബൽറാം എന്നിവരുടെ പേരാണ് ഉണ്ടായിരുന്നത് എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തത്.
ഡിസിസിയുടെ ലിസ്റ്റിൽ ഇല്ലാത്ത ഒരാളെ അടിച്ചേൽപ്പിക്കുകയാണ് വി.ഡി. സതീശനും കൂട്ടരും ചെയ്‌തതെന്നും എം.വി. ഗോവിന്ദൻ ലേഖനത്തിൽ പറയുന്നു. ഇ. ശ്രീധരന് ലഭിച്ച വോട്ട് ബിജെപി സ്ഥാനാർത്ഥിക്ക് ഇത്തവണ കിട്ടില്ല. പാലക്കാട് മണ്ഡലത്തിൽ ബിജെപി മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.