"പാർട്ടി നവീൻ ബാബുവിൻ്റെ കുടുംബത്തിനൊപ്പം"; വീട് സന്ദർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി

വിഷയത്തിൽ ആദ്യം മുതൽ തന്നെ പാർട്ടി കുടുംബത്തിന് ഒപ്പമാണ്. ആവശ്യമില്ലാതെ വാർത്തകൾ ഉണ്ടാക്കരുതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു
"പാർട്ടി നവീൻ ബാബുവിൻ്റെ കുടുംബത്തിനൊപ്പം"; വീട് സന്ദർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി
Published on


കണ്ണൂരിൽ മരിച്ച എഡിഎം നവീൻ ബാബുവിൻ്റെ പത്തനംതിട്ടയിലെ വീട് സന്ദർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കണ്ണൂരിലായാലും പത്തനംതിട്ടയിലായാലും
പാർട്ടി നവീൻ ബാബുവിൻ്റെ കുടുംബത്തിനൊപ്പമാണെന്നും അന്വേഷണങ്ങളെ സിപിഎം പിന്തുണക്കുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. രാവിലെ 11.30ഓടെ നവീൻ്റെ പത്തനംതിട്ടയിലെ വീട്ടിലെത്തിയ ഗോവിന്ദനൊപ്പം സിപിഎം നേതാക്കളും കൂടെയുണ്ടായിരുന്നു.

നിയമപരമായ പരിരക്ഷ ലഭിക്കണമെന്നും ഉത്തരവാദികളെ ശിക്ഷിക്കണമെന്നും നവീൻ ബാബുവിൻ്റെ കുടുംബം ആവശ്യപ്പെട്ടതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് പാർട്ടി രണ്ട് തട്ടിലാണെന്നുള്ള വാർത്തകൾ കാണുന്നുണ്ട്. പാർട്ടി എല്ലാ അർഥത്തിലും നവീൻ ബാബുവിൻ്റെ കുടുംബത്തിനൊപ്പമാണ്. നവീൻ ബാബുവിൻ്റെ കുടുംബത്തെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.

"കണ്ണൂരിലെ പാർട്ടിയായാലും, പത്തനംതിട്ടയായാലും, കേരളമായാലും പാർട്ടിക്ക് നിലപാട് ഒന്നുതന്നെയാണ്. ജനങ്ങളുമായി ബന്ധപ്പെട്ടുള്ള വിഷയം പി.പി. ദിവ്യയെ പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് മാറ്റുകയാണ്. സമയം താമസിപ്പിക്കാതെ അവരെ മാറ്റി. നവീൻ ബാബുവിൻ്റെ കുടുംബത്തിന് ഒപ്പമാണെന്ന് പറയുന്ന മാധ്യമങ്ങളുടെ പ്രയോ​ഗം തെറ്റാണ്. പാർട്ടി കുടുംബത്തിനൊപ്പം തന്നെയാണ്. എം.വി. ജയരാജൻ മൃതദേഹത്തോടൊപ്പം എത്തിയിരുന്നു. വിഷയത്തിൽ ആദ്യം മുതൽ തന്നെ പാർട്ടി കുടുംബത്തിന് ഒപ്പമാണ്. ആവശ്യമില്ലാതെ വാർത്തകൾ ഉണ്ടാക്കരുത്. സിപിഎം സംസ്ഥാന സെക്രട്ടറിയായ താനാണ് പറയുന്നത് പാർട്ടി കുടുംബത്തോടൊപ്പമാണെന്ന്. അന്വേഷണത്തിന് എന്തെല്ലാം നടപടികൾ വേണോ, അതിനെയെല്ലാം പൂർണമായി പിന്തുണക്കും," എം.വി. ​ഗോവിന്ദൻ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com