
വഖഫ് നിയമ ഭേദഗതി ബിൽ ചർച്ചയിൽ പങ്കെടുക്കുമെന്ന് സിപിഐഎം. ചർച്ചയിൽ പങ്കെടുക്കാനാണ് എംപിമാർക്ക് നേതൃത്വം നൽകിയിരിക്കുന്ന നിർദേശം. എംപിമാർ ബില്ലിനെ എതിർത്ത് വോട്ട് ചെയ്യുമെന്ന് പോളിറ്റ് ബ്യൂറോ കോർഡിനേറ്റർ പ്രകാശ് കാരാട്ട് അറിയിച്ചു. ലോക്സഭയിലും രാജ്യസഭയിലും സിപിഐഎം എംപിമാർ ബിൽ അവതരണ ചർച്ചയിൽ പങ്കെടുക്കും. അതിനുശേഷം പാർട്ടി കോൺഗ്രസിൽ പങ്കെടുത്താൽ മതിയെന്നാണ് എംപിമാർക്ക് നൽകിയിരിക്കുവന്ന നിർദേശം. മധുരയില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നതിനാല്‍ ചര്‍ച്ചയില്‍ പങ്കെടുക്കാനാവില്ലെന്നാണ് സിപിഐഎം അറിയിച്ചിരുന്നത്. ഇക്കാര്യം കാട്ടി നാല് സിപിഐഎം എംപിമാര്‍ ലോക്‌സഭ സ്പീക്കര്‍ക്ക് കത്തും നല്‍കിയിരുന്നു.
വഖഫ് നിയമ ഭേദഗതി ബിൽ നാളെയാണ് ലോക്സഭയിൽ അവതരിപ്പിക്കുന്നത്. നാളെ ഉച്ചയ്ക്ക് ബിൽ അവതരിപ്പിക്കാനാണ് സ്പീക്കർ അനുമതി നൽകിയിരിക്കുന്നത്. ഇന്നു നടന്ന കാര്യോപദേശക സമിതി യോഗത്തിലാണ് തീരുമാനം. ബില്ലിന്മേല്‍ എട്ട് മണിക്കൂര്‍ ചര്‍ച്ചയാകും നടക്കുക. ബില്‍ അവതരണവുമായി ബന്ധപ്പെട്ട് എല്ലാ എംപിമാര്‍ക്കും വിപ്പ് നല്‍കാനാണ് ഭരണപക്ഷത്തിന്റെ തീരുമാനം. എന്നാൽ ബിൽ ലോക്സഭയിൽ അവതരിപ്പിക്കാൻ തീരുമാനമെടുത്ത കാര്യോപദേശക സമിതി യോഗം പ്രതിപക്ഷം ബഹിഷ്കരിച്ചു.
നേരത്തെ ലോക്‌സഭയില്‍ അവതരിപ്പിച്ച വഖഫ് ഭേദഗതി ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ പരിഗണനയ്ക്ക് വിടുകയായിരുന്നു. ഫെബ്രുവരി 13ന് ബിജെപി എംപി ജഗദംബിക പാല്‍ നേതൃത്വം നല്‍കുന്ന ജെപിസി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ജെപിസിയിൽ ബിജെപിയിൽ നിന്നും സഖ്യകക്ഷികളിൽ നിന്നും 16 എംപിമാരുണ്ടായിരുന്നു, പ്രതിപക്ഷത്ത് നിന്ന് 10 പേർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ജെപിസി റിപ്പോർട്ടിൽ നിന്ന് തങ്ങളുടെ വിയോജിപ്പ് കുറിപ്പുകൾ ഒഴിവാക്കിയെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. എന്നാൽ കേന്ദ്രം ഈ ആരോപണം നിഷേധിച്ചിരുന്നു. ജെപിസി പ്രതിപക്ഷത്തിന്‍റെ 44 ഭേദഗതികളും തള്ളിയിരുന്നു.