ശ്രീപെരുമ്പത്തൂർ സാംസങ് നിർമാണ യൂണിറ്റില്‍ തൊഴിലാളി സമരം തുടരുന്നു; സിപിഎമ്മും ഡിഎംകെയും നേർക്കുനേർ

തൊഴിലാളികളെ പ്രതിനിധീകരിക്കാന്‍ സിഐടിയുവിന്‍റെ നേതൃത്വത്തിൽ സാംസങ് ഇന്ത്യ വർക്കേഴ്സ് യൂണിയൻ രൂപീകരിച്ചതാണ് മാനേജ്‌മെന്‍റിനെ പ്രകോപിപ്പിച്ചത്
ശ്രീപെരുമ്പത്തൂർ സാംസങ് നിർമാണ യൂണിറ്റില്‍ തൊഴിലാളി സമരം തുടരുന്നു; സിപിഎമ്മും ഡിഎംകെയും നേർക്കുനേർ
Published on

തമിഴ്‌നാട് ശ്രീപെരുമ്പത്തൂരിലെ സാംസങ് ഇലക്ട്രോണിക്സ് നിർമാണ യൂണിറ്റ് തൊഴിലാളികള്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് സമരം നടത്തുന്നു. ഒക്ടോബർ 9ന് തുടങ്ങിയ സമരം ഒരു മാസം പിന്നിട്ടിട്ടും ഡിഎംകെ സർക്കാർ ഫലപ്രദമായി ഇടപെട്ടില്ലെന്നാണ് സിഐടിയു അടക്കമുള്ള ഇടത് യൂണിയനുകളുടെ പരാതി. തമിഴ്നാട്ടില്‍ ഡിഎംകെയുടെ സഖ്യകക്ഷിയായ സിപിഎമ്മും സിപിഐയും വിസികെയും സമര മുന്നണിയിലാണ്.

യൂണിറ്റിലെ 1800 തൊഴിലാളികള്‍ ഭാഗമാകുന്ന സമരത്തെ പൊലീസ് അടിച്ചമർത്താൻ ശ്രമിക്കുന്നുവെന്നും, സമരക്കാരെ ഉപദ്രവിക്കുകയാണെന്നുമാണ് നേതാക്കളുടെ പരാതി. തൊഴിൽ സാഹചര്യം മെച്ചപ്പെടുത്തുക, വേതനം വർധിപ്പിക്കുക, തൊഴിൽ സമയം 8 മണിക്കൂറാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. പത്ത് വർഷമായി ജോലി ചെയ്യുന്നവർക്ക് 25,000 രൂപ മാത്രമാണ് വേതനമെന്നും, അത് 36,000 ആക്കണമെന്നുമാണ് സമരക്കാരുടെ പ്രധാന ആവശ്യം.

തൊഴിലാളികളെ പ്രതിനിധീകരിക്കാന്‍ സിഐടിയുവിന്‍റെ നേതൃത്വത്തിൽ സാംസങ് ഇന്ത്യ വർക്കേഴ്സ് യൂണിയൻ രൂപീകരിച്ചതാണ് മാനേജ്‌മെന്‍റിനെ പ്രകോപിപ്പിച്ചത്. യൂണിയൻ പ്രവർത്തനം മാനേജ്മെന്‍റ് വിലക്കി. ഇതോടെ വിസികെ നേതാവും എംപിയുമായ തോൽകാപ്പിയം തിരുമാവളവന്‍, സിപിഎം സംസ്ഥാന സെക്രട്ടറി കെ. ബാലകൃഷ്ണന്‍, സിപിഐ സെക്രട്ടറി മുത്തരശന്‍ എന്നിവർ തൊഴിലാളികൾക്ക് പിന്തുണയുമായെത്തി. സാംസങ് കമ്പനിക്ക് അനുകൂലമായ സമീപനമാണ് ഭരണകക്ഷിയായ ഡിഎംകെ സ്വീകരിച്ചത്. പ്രശ്നത്തിൽ സ്റ്റാലിൻ നേരിട്ട് ഇടപെടണമെന്നാണ് ഇടതു കക്ഷികളുടെ ആവശ്യം. ചുരുക്കത്തിൽ ഇന്ത്യാ മുന്നണി സഖ്യകക്ഷികളായ ഡിഎംകെയും ഇടതു പാർട്ടികളും ശ്രീപെരുമ്പത്തൂരില്‍ നേർക്കുനേർ സമരത്തിലാണ്.

Also Read: കോവിഡ് കാലത്ത് ഇന്ത്യ ലോകത്തിൻ്റെ മരുന്നുശാലയായി; അന്താരാഷ്ട്ര കോൺഫറൻസിൽ ജെ.പി നദ്ദ


ഇതിനിടെ സമരത്തിൽ ഡിഎംകെ സർക്കാരിനെ പിന്തുണച്ച് ബിജെപി രംഗത്തെത്തി. ബദ്ധവൈരികളായി കരുതപ്പെടുന്ന ഇരു പാർട്ടികളും അടുക്കുകയാണെന്ന വിമർശനത്തിനും ഇത് കാരണമായി. എന്നാല്‍, ഡിഎംകെ വക്താവ് ടി.കെ.എസ്. ഇളങ്കോവൻ ഇത്തരം ആരോപണങ്ങള്‍ നിഷേധിച്ചു. ബിജെപിയുമായി ഒരുതരത്തിലും യോജിക്കില്ലെന്നും സമരം ഒത്തുതീർപ്പാക്കുമെന്നും തൊഴിലാളികൾക്കൊപ്പമാണ് സർക്കാരെന്നും ഇളങ്കോവൻ വ്യക്തമാക്കി. കേന്ദ്രം വിഷയത്തിൽ ഇടപെടണമെന്ന് സംസ്ഥാന ധനമന്ത്രിയും ആവശ്യപ്പെട്ടു.

Also Read: മദ്രസകൾ അടച്ചുപൂട്ടാനുള്ള നിർദേശം: പ്രതിഷേധം ഉയരുന്നു; കേന്ദ്രം രാഷ്ട്രീയം കളിക്കുന്നുവെന്ന് വിമർശനം

അതേസമയം, തൊഴിലാളികളുടെ പല ആവശ്യങ്ങളും പരിഗണിക്കുമെന്ന് ഉറപ്പുനൽകിയിട്ടും സമരം തുടരുന്നത് ട്രേഡ് യൂണിയൻ വളർത്താൻ മാത്രമാണെന്നാണ് മാനേജ്മെന്‍റിന്‍റെ വാദം. ഏതായാലും ഇന്ത്യാ സഖ്യത്തിലെ പ്രധാന കക്ഷികൾ സമരത്തിൽ രണ്ടു പക്ഷമായത് ഡിഎംകെ സർക്കാരിനെ പ്രതിരോധത്തിൽ ആക്കിയിരിക്കുകയാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com