എഡിഎമ്മിൻ്റെ മരണം: പി.പി ദിവ്യക്കെതിരെ നടപടി? അടിയന്തര സെക്രട്ടറിയേറ്റ് യോഗം വിളിച്ച് സിപിഎം

ആരോപണവിധേയായ പി.പി. ദിവ്യയ്ക്ക് മേൽ ആത്മഹത്യപ്രേരണ കുറ്റമാണ് ചുമത്തിയിരിക്കുന്നത്
എഡിഎമ്മിൻ്റെ മരണം: പി.പി ദിവ്യക്കെതിരെ നടപടി? അടിയന്തര സെക്രട്ടറിയേറ്റ് യോഗം വിളിച്ച് സിപിഎം
Published on

പി.പി. ദിവ്യക്കെതിരെ രൂക്ഷ വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിൽ അടിയന്തര സെക്രട്ടറിയേറ്റ് യോഗം വിളിച്ച് സിപിഎം. യോഗത്തിൽ കണ്ണൂർ ജില്ലാ കമ്മിറ്റിയംഗം കൂടിയായ പി.പി ദിവ്യക്കെതിരെ നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച് ചർച്ചകൾ നടക്കുമെന്നാണ് സൂചന. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും അടക്കം മുഴുവൻ സെക്രട്ടറിയേറ്റ് അംഗങ്ങളും യോഗത്തിൽ പങ്കെടുക്കും. തൃശൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ നാളെ രാവിലെയാണ് യോഗം ചേരുകയെന്നാണ് ലഭ്യമാകുന്ന വിവരം.

കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ ആരോപണവിധേയായ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. ദിവ്യയെ അറസ്റ്റ് ചെയ്യാനുള്ള ഊർജിത നീക്കം നടക്കുന്നുണ്ടെന്നാണ് ഏറ്റവും ഒടുവിൽ പുറത്തു വരുന്ന നിർണായക വിവരം. കണ്ണൂർ കമ്മീഷണർ പബ്ലിക് പ്രോസിക്യുട്ടറുമായി കൂടിക്കാഴ്ച നടത്തിയെന്നും നിയമോപദേശം തേടിയെന്നും വിവരങ്ങൾ പുറത്തു വന്നിരുന്നു. അന്വേഷണത്തിന് കമ്മീഷണറെ തലവനാക്കി പുതിയ സംഘത്തെയും നിയമിച്ചിട്ടുണ്ട്. ആറ് അംഗങ്ങളാണ് അന്വേഷണ സംഘത്തിലുള്ളത്.


ആരോപണവിധേയായ പി.പി. ദിവ്യയ്ക്ക് മേൽ ആത്മഹത്യപ്രേരണ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ച സാഹചര്യത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനത്തു നിന്ന് പി.പി ദിവ്യയെ സിപിഎം ഇടപെട്ട് മാറ്റിയിരുന്നു. അഴിമതിക്കെതിരായ സദുദ്ദേശ്യപരമായ വിമർശനമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് നടത്തിയതെങ്കിലും യാത്രയയപ്പ് യോഗത്തിൽ നടത്തിയ ചില പരാമർശങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു എന്ന നിലപാടാണ് സിപിഎം ജില്ലാ കമ്മിറ്റി സ്വീകരിച്ചിരുന്നത്. അതോടൊപ്പം സമഗ്രമായ അന്വേഷണം നടത്തണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിന്‍റെ തീരുമാനം അംഗീകരിച്ചതിന് പിന്നാലെ കാണാതായ ദിവ്യയെ കണ്ടെത്താൻ പൊലീസിന് സാധിച്ചിട്ടില്ല. ഈ മാസം 15 ന് രാവിലെയാണ് എഡിഎം നവീന്‍ ബാബുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പള്ളിക്കുന്നിലെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തലേ ദിവസം കണ്ണൂര്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിൽ വെച്ച് നടന്ന എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിലെത്തിയ പി.പി. ദിവ്യ അദ്ദേഹത്തിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ചെങ്ങളായിലെ പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നതില്‍ എഡിഎം അഴിമതി നടത്തിയെന്നാണ് ആരോപണം. ഇതില്‍ മനം നൊന്താണ് ജീവനൊടുക്കിയതെന്നാണ് റിപ്പോര്‍ട്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com