സംസ്ഥാനത്തെ തോൽവി ഭരണവിരുദ്ധ വികാരം മൂലമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി; തിരുത്തലിന് മാർഗ്ഗനിർദ്ദേശം നൽകും

സംസ്ഥാനത്തെ തോൽവി ഭരണവിരുദ്ധ വികാരം മൂലമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി; തിരുത്തലിന് മാർഗ്ഗനിർദ്ദേശം നൽകും

തിരുത്തലിന് വേണ്ട മാർഗ്ഗനിർദ്ദേശം കേന്ദ്രനേതൃത്വം തയ്യാറാക്കി നൽകും എന്നാണ് സൂചന
Published on

സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് തോൽവിക്ക് ഭരണവിരുദ്ധ വികാരവും കാരണമായിട്ടുണ്ടെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയുടെ വിലയിരുത്തൽ. ഇതുൾപ്പെടെയുള്ള കാരണങ്ങൾ കേന്ദ്ര കമ്മിറ്റി നേരിട്ട് വിലയിരുത്താനും തീരുമാനമായി. ഇതിനായി സംസ്ഥാനത്ത് ചേരുന്ന നേതൃയോഗങ്ങളിൽ കേന്ദ്ര നേതാക്കളും പങ്കെടുക്കും. തിരുത്തലിന് വേണ്ട മാർഗ്ഗനിർദ്ദേശം കേന്ദ്രനേതൃത്വം തയ്യാറാക്കി നൽകും എന്നാണ് സൂചന.

കേരളത്തിലെ തെരഞ്ഞെടുപ്പ് തോൽ‌വിയിൽ ഭരണവിരുദ്ധ വികാരം കരണമായില്ല എന്നാണ് സംസ്ഥാന നേതൃത്വത്തിൻറെ നിലപാട്. എന്നാൽ ഭരണവിരുദ്ധ വികാരം ഉണ്ടായി എന്ന് തന്നെയാണ് കേന്ദ്ര കമ്മിറ്റിയുടെ വിമർശനം. കേന്ദ്ര സർക്കാർ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മാത്രമാണ് ഇതിന് ഇടയാക്കിയത് എന്ന സംസ്ഥാന സർക്കാരിൻറെ വാദത്തോടും പല കേന്ദ്ര നേതാക്കൾക്കും യോജിപ്പുണ്ടായിരുന്നില്ല.

മാത്രമല്ല സമുദായ സംഘടനകളുടെ നിലപാടിന് പ്രാധാന്യം നൽകി കേരളം തയ്യാറാക്കിയ അവലോകനവും കേന്ദ്ര നേതൃത്വം തള്ളിയിരുന്നു. തൃശൂരിൽ പാർട്ടി വോട്ടുകളിൽ വിള്ളലുണ്ടായത് ഗൗരവമായി പരിശോധിക്കേണ്ടതുണ്ടെന്നും കേന്ദ്ര കമ്മിറ്റി നിർദ്ദേശിച്ചു.

ദേശീയതലത്തിൽ കോൺഗ്രസുമായി ചേർന്ന് നിന്നത് കേരളത്തിൽ പാർട്ടിയെ ബാധിച്ചു എന്ന വാദം സംസ്ഥാന ഘടകം ഉയർത്തിയെങ്കിലും ഇതിന് അംഗീകാരം കിട്ടിയില്ല. കോൺഗ്രസുമായി പല സംസ്ഥാനങ്ങളിലുമുള്ള സഖ്യം തുടരാനും കേന്ദ്ര കമ്മിറ്റിയോഗം പാർട്ടി നേതൃത്വത്തിന് അനുമതി നൽകി. അതേസമയം ഭരണവിരുദ്ധ വികാരം പ്രകടമായി എന്ന വാദം തള്ളാത്ത നിലപാടാണ് കെ കെ ശൈലജ കേന്ദ്ര കമ്മിറ്റി യോഗത്തിൽ സ്വീകരിച്ചത്.

അതേസമയം സിപിഎം തിരുവനന്തപുരം ജില്ലാകമ്മിറ്റിയിലും സർക്കാരിനെതിരെ വിമർശനം ഉയർന്നു. വോട്ട് ചോർന്നത് ന്യൂനപക്ഷത്തിൻ്റേത് മാത്രമല്ലെന്നും, ഭൂരിപക്ഷ വോട്ടുകളും ചോർന്നിട്ടുണ്ടെന്നും തിരുവനന്തപുരം ജില്ലാ കമ്മിറ്റി പറഞ്ഞു. വോട്ട് ചോർച്ചയുടെ ഉത്തരവാദിത്വം ന്യൂനപക്ഷത്തിൻ്റെ തലയിൽ വെക്കുന്നത് ബിജെപിക്കാണ് ഗുണം ചെയ്യുക. ആരോപണങ്ങൾക്ക് മൗനമല്ല മറുപടിയാണ് വേണ്ടത് എന്നും ജില്ലാ കമ്മിറ്റി വിമർശിച്ചു. ആഴത്തിൽ പരിശോധന പോലെ തിരുത്തലും വേണം. ആറ്റിങ്ങലിൽ ബിജെപിക്ക് വോട്ട് കൂടിയ സാഹചര്യം പരിശോധിക്കണം എന്നും ജില്ലാ കമ്മിറ്റി വ്യക്തമാക്കി.

News Malayalam 24x7
newsmalayalam.com