
മദ്യനയത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ. ഇലക്ട്രല്‍ ബോണ്ട് ഉപയോഗിച്ച് ബിജെപി സഹസ്രകോടികള്‍ പിരിച്ചെടുത്തതിനു സമാനമായി സിപിഎം കേരളത്തില്‍ മദ്യനയം ഉപയോഗിച്ച് കോടികള്‍ പിരിച്ചെടുത്തതായി അദ്ദേഹം ആരോപിച്ചു. മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് ടൂറിസം വകുപ്പ് ഹെറിറ്റേജ് ഹോട്ടലുകള്‍ക്ക് ബാറുകള്‍ അനുവദിച്ചതെന്നും ഇതിൽ വൻ അഴിമതിയുണ്ടെന്നും സുധാകരൻ ചൂണ്ടികാട്ടി.
തെരഞ്ഞെടുപ്പ് കാലത്ത് ബാർ ഉടമകളിൽ നിന്നും കോടികൾ ബലം പ്രയോഗിച്ച് വാങ്ങിയെന്നും പണം നൽകാൻ വിസമ്മതിച്ചവരെ കള്ളകേസിൽ കുടുക്കിയെന്നുമാരോപിച്ച് ഏപ്രിൽ 12നാണ് ബാർ ഉടമകൾ മുഖ്യമന്ത്രിക്ക് പരാതി നൽകുന്നത്. ഇതുതന്നെയാണ് ഇലക്ടറൽ ബോണ്ടുമായി ബന്ധപ്പെട്ട് ബിജെപി കേന്ദ്രത്തിൽ ചെയ്തതെന്നായിരുന്നു സുധാകരൻ്റെ പ്രതികരണം. മോദിയിൽ നിന്നും ശിഷ്യത്വം സ്വീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഇവിടെ മദ്യനയത്തിൽ അത് നടപ്പാക്കിയെന്നും സുധാകരൻ ആരോപിച്ചു.
മുഖ്യമന്ത്രിയുടെ പേര് പറഞ്ഞാണ് തങ്ങളിൽ നിന്നും പണം പിരിച്ചെടുത്തതെന്ന് ബാറുടമകൾ നൽകിയ പരാതിയിൽ പറയുന്നു. എന്നാൽ പരാതിയിൽ ഇതുവരെ അന്വേഷണമോ നടപടിയോ കൈകൊണ്ടിട്ടില്ല. ഒപ്പം കെട്ടിടങ്ങൾക്ക് ടൂറിസം വകുപ്പ് ഹെറിറ്റേജ് പദവി നൽകികൊണ്ട് ബാറുകളാക്കി മാറ്റുന്നതിനെതിരെയും നടപടി വേണമെന്ന് സുധാകരൻ ചൂണ്ടികാട്ടി. തമിഴ്‌നാട്ടിൽ നിന്നും മറ്റും പുരാതന വീടുകൾ ഇളക്കിവെച്ചാണ് ഇവിടെ പല കെട്ടിടങ്ങളും ഹെറിറ്റേജ് പദവി നേടിയെടുത്തതെന്നും സുധാകരൻ ആരോപിച്ചു.