
പെരിയ ഇരട്ട കൊലക്കേസിൽ നാല് പ്രതികളുടെ ശിക്ഷ മരവിപ്പിച്ച കോടതി വിധിയിൽ പ്രതികരണവുമായി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും, ജില്ലാ സെക്രട്ടറി എം.വി. ജയരാജനും. പെരിയ കേസിൽ നാല് പ്രതികളുടെ ശിക്ഷ മരവിപ്പിച്ച ഹൈക്കോടതി വിധി ആശ്വാസകരമാണ്. ഗൂഢാലോചന നടത്തിയെന്ന സിബിഐ കോടതി വിധി അംഗീകരിച്ചിട്ടില്ലെന്നാണ് സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. കെ. വി. കുഞ്ഞിരാമൻ ഉൾപ്പെടെയുള്ളവരെ കള്ളക്കേസിൽ പെടുത്തിയതാണെന്ന് വ്യക്തമായെന്നും ജില്ലാ സെക്രട്ടറി എം. വി. ജയരാജൻ പറഞ്ഞു.
സിബിഐ നടപ്പിലാക്കിയത് രാഷ്ട്രീയ നിർദേശമാണ്. പെരിയയിലേത് രാഷ്ട്രീയ കൊലപാതകമല്ല. പീതാംബരനെ ആക്രമിച്ചതിലുള്ള പ്രതികാരം മാത്രമാണെന്നും എം. വി. ജയരാജൻ പറഞ്ഞു. അതേസമയം പെരിയ കൊലക്കേസ് പ്രതികളെ കാണാൻ സിപിഎം നേതാക്കളായ പി. കെ. ശ്രീമതിയും, പി. പി. ദിവ്യയും, കണ്ണൂർ സെൻട്രൽ ജയിലിലെത്തി. പ്രതിയായ കെ. വി. കുഞ്ഞിരാമൻ അടക്കമുള്ള സിപിഎം നേതാക്കളെ സന്ദർശിച്ചാണ് ഇവർ മടങ്ങിയത്. പെരിയ കേസിലെ മുഴുവൻ പ്രതികളെയും കണ്ടെന്ന് പി. കെ. ശ്രീമതി പറഞ്ഞു. ജയിൽ സന്ദർശിച്ചത് അവരുടെ സഹോദരി എന്ന നിലയിലാണ്. സന്ദർശനം മനുഷ്യത്വപരമെന്നും പി. കെ. ശ്രീമതി പറഞ്ഞു.
കേസിൽ നാല് പ്രതികളുടെ ശിക്ഷ മരവിപ്പിച്ച നടപടിയിൽ പ്രോസിക്യൂഷൻ്റെ വാദം പോലും കേൾക്കാതിരുന്നത് ശരിയായില്ലെന്ന് ആരോപിച്ചു കൊണ്ട് കുടുംബം രംഗത്തെത്തി. ഗൂഢാലോചനയിൽ പ്രതികൾക്ക് വ്യക്തമായ പങ്കുണ്ട്. പ്രതികൾക്ക് ശിക്ഷ ലഭിക്കാൻ ഏതറ്റം വരെയും പോകുമെന്നും ഇരകളുടെ കുടുംബം പ്രതികരിച്ചു. പ്രതികൾ പുറത്തിറങ്ങുന്നത് ആശങ്കയുണ്ടാക്കുന്നെന്ന് ശരത് ലാലിൻ്റെ അച്ഛൻ സത്യനാരായണൻ പ്രതികരിച്ചു. കോടതി വിധി സങ്കടപ്പെടുത്തുന്നെന്നും എന്ത് സന്ദേശമാണ് നൽകുന്നതെന്നും കൃപേഷിൻ്റെ അച്ഛൻ കൃഷ്ണൻ ചോദിച്ചു.
പെരിയ കേസിൽ നാല് പ്രതികളുടെ ശിക്ഷ മരവിപ്പിച്ചു. സിപിഎം നേതാവും മുൻ എംഎൽഎയുമായ കെ.വി.കുഞ്ഞിരാമൻ്റെ അടക്കം സിബിഐ കോടതി വിധിച്ച ശിക്ഷാണ് ഹൈക്കോടതി മരവിപ്പിച്ചത്. കെ.വി. കുഞ്ഞിരാമൻ, മണികണ്‌ഠൻ, രാഘവൻ വെളുത്തോളി, ഭാസ്‌കരൻ വെളുത്തോളി എന്നിവരുടെ ശിക്ഷയാണ് അപ്പീൽ പരിഗണിച്ച് ഹൈക്കോടതി മരവിപ്പിച്ചത്.
ആറ് വർഷം നീണ്ട നിയമ യുദ്ധത്തിനൊടുവിലാണ് പെരിയ ഇരട്ട കൊലപാതകക്കേസിൽ കോടതി ശിക്ഷ വിധിച്ചത്. കേസിൽ 14 പ്രതികളെയാണ് കുറ്റക്കാരായി കൊച്ചി സിബിഐ കോടതി കണ്ടെത്തിയത്. കേസിലെ ഒന്നു മുതൽ എട്ടു വരെയുള്ള പ്രതികൾക്കും, പത്തും, പതിനഞ്ചും പ്രതികൾക്കും ഇരട്ട ജീവപര്യന്തം വിധിച്ചു. ഉദുമ മുന്‍ എംഎല്‍എ കെ.വി. കുഞ്ഞിരാമന്‍ അടക്കമുള്ള മറ്റ് പ്രതികള്‍ക്ക് അഞ്ച് വർഷം തടവും 10,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. ഈ പ്രതികളുടെ ജാമ്യവും കോടതി റദ്ദാക്കിയിരുന്നു.
24 പ്രതികളാണ് കേസിലുണ്ടായിരുന്നത്. ഇതില്‍ 10 പേരെ കോടതി കുറ്റവിമുക്തരാക്കുകയും ചെയ്തിരുന്നു. 2019 ഫെബ്രുവരി 17ന് വൈകുന്നേരം ആറിനും ഏഴരയ്ക്കുമിടയിലാണ് പെരിയ വില്ലേജിലെ കണ്ണാടിപാറ കല്ലിയോട്ട് വെച്ച് ശരത് ലാലും കൃപേഷും ക്രൂരമായി കൊലചെയ്യപ്പെട്ടത്. ബൈക്കില്‍ യാത്രചെയ്യുകയായിരുന്ന ഇരുവരെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.