
പുഷ്പന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ. വെടിയേറ്റുവീണിട്ടും തളരാത്ത വീര്യമായി നമുക്കൊപ്പമുണ്ടായിരുന്ന പുഷ്‌പൻ വിപ്ലവസൂര്യനായി ചിരകാലം ജ്വലിച്ചുനിൽക്കും. വെടിയുണ്ടകൾക്ക് തോൽപ്പിക്കാൻ കഴിയാതിരുന്ന ധീരനായ പോരാളിയെയാണ് പുഷ്‌പന്റെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായത് എന്നും എം. വി. ഗോവിന്ദൻ പറഞ്ഞു.
വെടിയേറ്റ് കഴുത്തിന് താഴെ തളർന്നിട്ടും മരണത്തെ തോൽപ്പിച്ച പുഷ്‌പൻ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി കിടപ്പിലായിരുന്നു. തന്റെയുള്ളിലെ അടങ്ങാത്ത പോരാട്ടവീര്യമാണ് ദീർഘമായ ഈ കാലത്തെ അതിജീവിക്കാൻ പുഷ്‌പന് കരുത്ത് നൽകിയത്. പുഷ്‌പനെ കാണാൻ എത്രയോവട്ടം മേനപ്രത്തെ വീട്ടിലെത്തിയിട്ടുണ്ട്. അപ്പോഴെല്ലാം പുഷ്‌പൻ ചോദിച്ചറിഞ്ഞതും പങ്കുവെച്ചതും കേരളത്തിന്റെ രാഷ്ട്രീയവും തന്റെ പാർട്ടിയെക്കുറിച്ചും സഖാക്കളെക്കുറിച്ചുമുള്ള വിശേഷങ്ങളായിരുന്നു. വീട്ടിനുള്ളിലെ കിടക്കയിൽക്കിടന്നും പുഷ്‌പൻ കേരളത്തിന്റെ വളർച്ചയും പുരോഗതിയും രാഷ്ട്രീയവുമെല്ലാം തൊട്ടറിയുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: കൂത്തുപറമ്പ് വെടിവെപ്പിലെ സമര പോരാളി പുഷ്പൻ അന്തരിച്ചു
പുഷ്പന്റെ നിര്യാണത്തിൽ നിയമസഭാ സ്പീക്കർ എ. എൻ. ഷംസീറും അനുശോചനമറിയിച്ചു. കൂത്തുപറമ്പിൻ്റെ രണഗാഥകളിൽ നാടിൻ്റെ തേങ്ങലായിരുന്ന സഖാവ് പുഷ്പൻ, ഞങ്ങളുടെ പുഷ്പേട്ടൻ വിട വാങ്ങിയിരിക്കുന്നു. യൗവന തീക്ഷണമായ സമരനാളുകളിലൊന്നിൽ പൊലീസിൻ്റെ വെടിയേറ്റ് കിടപ്പിലായിട്ടും നാടിൻ്റെ സമരാവേശമായിരുന്നു അദ്ദേഹം. മൂന്ന് പതിറ്റാണ്ടോളം നീണ്ട ആ സഹന ജീവിതം അവസാനിച്ചിരിക്കുന്നുവെന്നും എ. എൻ. ഷംസീർ പറഞ്ഞു.
തോക്കുകളെ തോൽപിച്ചവൻ,തളർന്നു പോയ ശരീരവും കത്തിജ്ജ്വലിക്കുന്ന മനസ്സുമായി പുഷ്പൻ കടന്നുപോയ ഇരുപത്തി ഒൻപതു വർഷവും പത്തു മാസവും രാഷ്ട്രീയ ചരിത്രത്തിലെ ഇതിഹാസ സമാനമായ ഏടാണെന്ന് എംപിയും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റുമായ എ. എ. റഹിമും അനുസ്മരിച്ചു.
പാർട്ടിയും, ഡിവൈഎഫ്ഐയുമായിരുന്നു പുഷ്പന് സർവതും. അടിയുറച്ച കമ്യൂണിസ്റ്റ്. വിടപറയുന്ന ഈ നിമിഷം വരെയും പുഷ്പൻ ഡിവൈഎഫ്ഐയെ പ്രണയിച്ചു. പാർട്ടിയായി ജീവിച്ചു. ഓരോ കൂടിക്കാഴ്ചയിലും പുഷ്പൻ ചോദിച്ചത് ഡിവൈഎഫ്ഐയുടെ വളർച്ചയെയും മുന്നേറ്റത്തെയും കുറിച്ചാണെന്നും എ. എ. റഹിം എംപി പറഞ്ഞു.
പുഷ്പന്റെ വിയോഗത്തിൽ സിപിഎം നേതാവ് എം.വി ജയരാജനും അനുസ്‌മരണം രേഖപ്പെടുത്തി. കൂത്തുപറമ്പ് വെടിവെപ്പ് മിനി ജാലിയൻ വാലാബാഗാണ്. അതിനെ അതിജീവിച്ചയാളാണ് പുഷ്പൻ. പൊലീസ് നരനായാട്ടിന്റെ ഇരയാണ് പുഷ്പനെന്നും എം.വി.ജയരാജൻ പറഞ്ഞു.