
തന്റെ ഒപ്പം നിൽക്കാത്തവരെ ചതിയൻമാരായി വ്യാഖ്യാനിച്ചുള്ള ഫെയ്സ്ബുക്ക് പോസ്റ്റിന് പിന്നാലെ CPIM നേതാവ് പി കെ ശശി കൂടുതൽ ഒറ്റപ്പെടുന്നു. പി കെ ശശിയുടെ പരോക്ഷ വിമർശനത്തിന് മണ്ണാർക്കാട്ടെ പ്രാദേശിക നേതാക്കൾ ഒരുമിച്ചാണ് തിരിച്ചടിച്ചത്. സംഘടനാ ചുമതലകളിൽ നിന്നും ഒഴിവാക്കിയ PK ശശിയെ, KTDC ചെയർമാൻ സ്ഥാനത്ത് നിന്നും ഉടൻ നീക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
നേരിട്ട് പരാമർശിക്കാതെ, തന്നെ കൈവിട്ടവരെ ചതിയരെന്നും, കുതികാൽ വെട്ടികളെന്നും, പെട്ടി താങ്ങികളെന്നും പറഞ്ഞ് പരോക്ഷ വിമർശനം നടത്തിയ CPIM മുൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം PK ശശിക്കെതിരെ പാർട്ടിക്കുള്ളിൽ കടുത്ത അമർഷമാണ് ഉണ്ടായിട്ടുള്ളത്. അതുകൊണ്ടു കൂടിയാണ് മണ്ണാർക്കാട് ഏരിയാ സെക്രട്ടറിയും, മണ്ണാർക്കാട്, കോട്ടോപ്പാടം, കുമരംപുത്തൂർ ലോക്കൽ സെക്രട്ടറിമാരും, DYFI നേതാക്കളും അതേ നാണയത്തിൽ തിരിച്ചടിച്ചത്.
കാലുവാരിയവരെ വിമർശിച്ച കുറിപ്പിലൂടെയായിരുന്നു ഇത്തവണ പി.കെ. ശശിയുടെ പുതുവത്സരാശംസ. കൂടെ നിന്ന് ചതിച്ചവർക്ക് വരാനിരിക്കുന്നത് മോഹഭംഗത്തിന്റെ കാലം. അപ്പൊ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്നവർക്കിനി ദുരന്തകാലം എന്നും ശശി ഫേസ്ബുക്കിൽ കുറിച്ചു. ആത്മാഭിമാനം പണയപ്പെടുത്തരുതെന്നും ഉയിര് പോകും വരെ ഉശിര് കൈവിടാതിരിക്കുകയെന്നും കുറിച്ച പി.കെ. ശശി പലസ്തീൻ പോരാളികളെപ്പോലെ ലോകത്തിൽ സ്വാതന്ത്ര്യത്തിനായി പോരാടുന്നവർക്ക് ശക്തി നൽകുന്നതാവട്ടെ പുതിയ വർഷമെന്നും ആശംസിച്ചു. ഈ കുറിപ്പാണ് പിന്നീട് ചർച്ചയായത്.
Also Read; 'കൂടെ നിന്ന് ചതിച്ചവർക്ക് വരാനിരിക്കുന്നത് മോഹഭംഗത്തിന്റെ കാലം'; കാലുവാരിയവരെ വിമർശിച്ച് പി.കെ. ശശിയുടെ പുതുവത്സരാശംസ
വിഭാഗീയത രൂക്ഷമായ കാലത്ത് പിണറായി, വിഎസിന് നൽകിയ മറുപടി പ്രസംഗം മുതൽ മണ്ണാർക്കാട്ടെ പ്രാദേശിക വിഷയങ്ങൾ വരെ ചൂണ്ടിക്കാട്ടിയാണ് നേതാക്കൾ ശശിയ്ക് മറുപടി നൽകിയിട്ടുള്ളത്. പാർട്ടിയിൽ നടത്തിയ ക്രമക്കേടുകളുടെ പേരിലാണ് പികെ ശശിക്കെതിരെ അച്ചടക്ക നടപടി എടുത്തത്. ജില്ലാ സെക്രട്ടറിയേറ്റിൽ നിന്നും ബ്രാഞ്ചിലേക്ക് തരം താഴ്ത്തിയ ശശിയെ, സിഐടിയു ജില്ലാ പ്രസിഡണ്ട് സ്ഥാനത്ത് നിന്നും മാറ്റിയിരുന്നു.
KTDC ചെയർമാൻ സ്ഥാനത്ത് നിന്നും PK ശശിയെ, ഒഴിവാക്കണമെന്ന് ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ട് തീരുമാനത്തിനായി കാത്തിരിക്കുകയാണ്. ഇതിനിടെയാണ് ശശിയെ കൈവിട്ട്, പാർട്ടി നേതൃത്വത്തിനൊപ്പം നിന്നവരെ പരോക്ഷമായി പരിഹസിച്ചുളള ശശിയുടെ പോസ്റ്റ് വന്നത്. ഇതോടെ പികെ ശശി കൂടുതൽ ഒറ്റപ്പെട്ടു. PK ശശിയെ, KTDC ചെയർമാൻ സ്ഥാനത്ത് നിന്നും ഉടൻ നീക്കണമെന്ന ആവശ്യവും ഇതോടെ ശക്തമായി.