
സംസ്ഥാന സമ്മേളനത്തിൻ്റെ പ്രചരണത്തിൻ്റെ ഭാഗമായി അന്തരിച്ച മുൻ മുഖ്യമന്ത്രി ഇ. കെ. നായനാരുടെ വീഡിയോ എഐയിൽ തയ്യാറാക്കി സിപിഎം. ഭരണ തുടർച്ചയെ കുറിച്ച് ഇ.കെ. നായനാർ പ്രസംഗിക്കുന്ന വീഡിയോ ആണ് എഐ ഉപയോഗിച്ച് നിർമ്മിച്ചത്. അടുത്തിടെ നിർമിത ബുദ്ധിയെക്കുറിച്ചുള്ള പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ്റെ പ്രസ്താവന ഏറെ ചർച്ചയായതിന് പിന്നാലെയാണ് വീഡിയോ. പാര്‍ട്ടിയുടെ സമൂഹ മാധ്യമ ഗ്രൂപ്പുകളില്‍ വളരെ പെട്ടെന്നാണ് വീഡിയോ വലിയ പ്രചാരം നേടിയത്.
‘‘സഖാക്കളെ നൂറു കൊല്ലം കമ്മ്യൂണിസ്റ്റുകാർ അധികാരത്തിൽ വരില്ലെന്നല്ലേ അവർ പണ്ട് പറഞ്ഞത്. ഞാൻ മുഖ്യമന്ത്രി ആയില്ലേ. വി.എസ് ആയില്ലേ, നമ്മുടെ പിണറായിയും ആയില്ലേ. പിണറായി രണ്ടാമതും മുഖ്യമന്ത്രി ആയില്ലേ. എന്തുകൊണ്ടാണ്? ജനത്തിനു വേണ്ടത് നമ്മളെയാണ്. കർഷക തൊഴിലാളികൾക്ക് പെൻഷൻ കൊടുത്തതാരാ? കോൺഗ്രസുകാരാ, ബിജെപിക്കാരാ ? നമ്മളാ കൊടുത്തത്. ആര് പാര വച്ചാലും നമ്മൾ പോരാടണം. സംസ്ഥാന സമ്മേളനം ഉഷാറാക്കണം. നാട്ടിലെ ജനങ്ങൾ എല്ലാം നമ്മോടൊപ്പം നിൽക്കും. എല്ലാവരും ചായേൻ്റെ വെള്ളമൊക്കെ കുടിച്ച് ഉഷാറായേ... ലാൽ സലാം സഖാക്കളെ’’ എന്നാണ് നിർമിത ബുദ്ധി ഉപയോഗിച്ച് നിർമിച്ച വിഡിയോയിൽ ഇ.കെ. നായനാർ പറയുന്നത്.