
ഭൂരിപക്ഷ വർഗീയതയെ പ്രോത്സാഹിപ്പിക്കുകയാണ് സിപിഎമ്മെന്ന് കെ. മുരളീധരൻ. പിആർ ഏജൻസി ആണ് പിണറായിയുടെ പ്രധാനപ്പെട്ട ഘടകം എന്ന പ്രതിപക്ഷ ആരോപണം ശരിയായി. പിആർ ഏജൻസിക്കെതിരെ ദേശ വിരുദ്ധ പ്രവർത്തനത്തിന് കേസെടുക്കണം. അത് പറയാനുള്ള ധൈര്യം പിണറായിക്ക് ഉണ്ടോയെന്നും കെ. മുരളീധരൻ ചോദിച്ചു.
മലപ്പുറം ജില്ലയുടെ പേരെടുത്ത് പറയുന്നത് ആർഎസ്എസിനെ സന്തോഷിപ്പിക്കാനാണ്. മുഖ്യമന്ത്രിക്ക് നേരിട്ട് പറയാൻ മടിയുള്ളത് പിആർ ഏജൻസിയെ കൊണ്ട് പറയിപ്പിച്ചു. സൂര്യനും ചന്ദ്രനും അല്ല, കറുത്ത മേഘമായി പിണറായി മാറി. കേരളത്തിൽ മാത്രം ഞങ്ങൾ കമ്യൂണിസ്റ്റുകളുമായി കൂട്ടുകൂടാത്ത കാരണം മനസ്സിലായില്ലേയെന്നും കെ. മുരളീധരൻ ചോദിച്ചു. മോദിയുടെ അനുയായികൾ ആണ് ഈ കൂട്ടരെന്നും, ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് നേടിയാണ് പേരാമ്പ്രയിൽ ടി. പി. രാമകൃഷ്ണൻ ജയിച്ചത്. എന്നിട്ടിപ്പോൾ ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും കുറ്റം പറയുന്നുവെന്നും കെ. മുരളീധരൻ പറഞ്ഞു.
പിആർ ഏജൻസികളെ ഉപയോഗിച്ചുള്ള പ്രചാര വേലയ്ക്ക് കഴിഞ്ഞ എട്ട് വർഷം എത്ര തുക ചെലവഴിച്ചെന്ന് മുഖ്യമന്ത്രി ജനങ്ങളോട് പറയണമെന്ന് വി. മുരളീധരനും നേരത്തെ ആവശ്യപ്പെട്ടിരുന്നു. 1,600 രൂപ ക്ഷേമ പെൻഷന് മുട്ടാപ്പോക്ക് പറയുന്ന മുഖ്യമന്ത്രി, സ്വന്തം പ്രതിച്ഛായ വർധിപ്പിക്കാൻ കോടികൾ ചെലവാക്കുകയാണെന്നും വി. മുരളീധരൻ പറഞ്ഞു. പ്രതിപക്ഷ നിന്നും നിരവധി നേതാക്കൾ ഇതിനകം കഴിഞ്ഞ ദിവസം ദ ഹിന്ദു പത്രത്തിൽ പ്രസിദ്ധീകരിച്ച പിണറായി വിജയൻ്റെ വിവാദ അഭിമുഖത്തിൽ പ്രതികരിച്ച് രംഗത്തെത്തി.