
പി.വി. അൻവറിന് മറുപടിയുമായി സിപിഎം രാഷ്ട്രീയ വിശദീകരണ പൊതുയോഗം ഇന്ന്. വൈകീട്ട് അഞ്ചിന് നിലമ്പൂർ ചന്തക്കുന്നിൽ വെച്ചായിരിക്കും രാഷ്ട്രീയ വിശദീകരണ പൊതുയോഗം നടക്കുക. പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ, കെ. ടി. ജലീൽ, ടി. കെ. ഹംസ, ഇ. എൻ. മോഹൻദാസ്, പി.കെ സൈനബ, നാസർ കോളായി തുടങ്ങിയവർ പൊതുയോഗത്തിൽ പങ്കെടുക്കും.
പി.വി. അന്‍വര്‍ എംഎല്‍എയുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ കൂട്ടായ്മ ഡെമോക്രാറ്റിക് മൂവ്മെന്‍റ് ഓഫ് കേരളയുടെ നയരേഖ കഴിഞ്ഞ ദിവസം നടന്ന പൊതുയോഗത്തില്‍ പ്രഖ്യാപിച്ചിരുന്നു. എല്ലാവര്‍ക്കും നീതി, വിശ്വാസം, ആരാധന എന്നിവയ്ക്കുള്ള സമ്മതം, എല്ലാവർക്കും തുല്യ അവസരം, എന്നിവയ്‌ക്കൊപ്പം ഭരണഘടനയുടെ ആമുഖം മുന്നോട്ട് വെക്കുന്ന ലക്ഷ്യങ്ങൾ സാധൂകരിക്കലാണ് പാർട്ടിയുടെ നയരേഖകൊണ്ട് ഉദ്ദേശിക്കുന്നത്. ഭരണഘടനാ സംരക്ഷണ പ്രസ്ഥാനം ആകുമെന്നും അൻവർ പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ ദിവസം എഡിജിപി എം.ആര്‍. അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് നീക്കിയതിലും പി.വി. അന്‍വര്‍ എംഎല്‍എ പ്രതികരിച്ചിരുന്നു. "അജിത് കുമാറിന്റെ തലയിൽ നിന്ന് തൊപ്പി ഊരിക്കുമെന്ന് പറഞ്ഞവന്റെ പേര് അൻവറെന്നാ സിഎമ്മേ"എന്നാണ് അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. പി.വി. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളെ തുടര്‍ന്നാണ് എഡിജിപിക്കെതിരെ അന്വേഷണം നടത്താന്‍ ഡിജിപിക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്.