
കരുനാഗപ്പള്ളി കുലശേഖരപുരം ലോക്കൽ സമ്മേളനത്തിലുണ്ടായ സംഘർഷത്തിൽ പാർട്ടി ഉചിതമായ നിലപാട് സ്വീകരിച്ചെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കരുനാഗപള്ളിയിലുണ്ടായത് വിഭാഗീയതയല്ല, പ്രാദേശിക പ്രശ്നങ്ങൾ മാത്രമെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. തെറ്റായ പ്രവണതയുണ്ടായപ്പോൾ പാർട്ടി കർശന നിലപാട് സ്വീകരിക്കുകയാണ് ചെയ്തത്. ഇത് അപമാനകരമായ നിലപാടല്ലെന്നും മാധ്യമങ്ങൾക്ക് മാത്രമാണ് ഇത് അപമാനകരമായി തോന്നിയതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
കരുനാഗപ്പള്ളിയിലെ സംഘർഷം പാർട്ടി വിരുദ്ധമാക്കാൻ ശ്രമം നടക്കുന്നുണ്ട്. പ്രാദേശികമായ പ്രശ്നങ്ങൾ ആണ് അവിടെ ഉണ്ടായത്. ഇതൊരു ഒറ്റപ്പെട്ട സംഭവമാണ്. ഓരോ പ്രദേശങ്ങളിലേയും വിഷയങ്ങളിൽ പാർട്ടി കൃത്യമായി ഇടപെടുക തന്നെ ചെയ്യും. തെറ്റായ ഒരു പ്രവണതയും പാർട്ടി വെച്ച് പൊറുപ്പിക്കില്ല. എല്ലാ കാര്യങ്ങളും പരിശോധിച്ച ശേഷമേ കരുനാഗപ്പള്ളിയിൽ സമ്മേളനം പൂർത്തിയാക്കൂവെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
പാർട്ടി ആരെയും സംരക്ഷിക്കില്ലെന്നായിരുന്നു സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന. ഇതിനിടെ കോൺഗ്രസിനെതിരെയുള്ള വിമർശനവും എം.വി. ഗോവിന്ദൻ നടത്തി. കോൺഗ്രസിൻ്റെ രീതിയല്ല സിപിഎമ്മിൻ്റേതെന്നും, ധീരജിനെ കൊന്നവരെ സംരക്ഷിച്ച പാർട്ടിയാണ് കോൺഗ്രസെന്നും ഗോവിന്ദൻ വിമർശിച്ചു. മാധ്യമങ്ങൾക്ക് കമ്യൂണിസ്റ്റ് വിരുദ്ധ ഭാഷയാണെന്നും ഗോവിന്ദൻ വിമർശിച്ചു.
കരുനാഗപ്പള്ളിയിൽ കുലശേഖരപുരം ലോക്കൽ സമ്മേളനത്തിലുണ്ടായ സംഘര്‍ഷത്തിൽ കര്‍ശന നടപടി ഉണ്ടാകുമെന്ന് എം.വി. ഗോവിന്ദൻ നേരത്തെ വ്യക്തമാക്കിയിരുന്നു. തെറ്റായ പ്രവണതകൾ ആരുടെ ഭാഗത്ത് നിന്ന് ഉണ്ടായാലും വച്ചുപൊറുപ്പിക്കില്ലെന്നും, സംഘടനാ തലത്തിൽ തന്നെ നടപടിയെടുക്കുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞിരുന്നു. കരുനാഗപ്പള്ളി ഏരിയ കമ്മിറ്റിക്ക് കീഴിലെ ഭൂരിഭാഗം ലോക്കൽ സമ്മേളനങ്ങളും തർക്കത്തിലാണ് അവസാനിച്ചത്. കുലശേഖരപുരം നോർത്ത് ലോക്കൽ സമ്മേളനം കയ്യാങ്കളി വരെയെത്തി.
സംഘർഷം കനത്തതോടെ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ. രാജഗോപാൽ, കെ. സോമപ്രസാദ് എന്നിവരെയടക്കം തടഞ്ഞുവെച്ചു. ജില്ലാ കമ്മിറ്റി അംഗം പി. ആർ. വസന്തൻ നേതൃത്വം നൽകുന്ന മാഫിയ കരുനാഗപ്പള്ളിയിലെ പാർട്ടിയെ തകർത്തെന്നാണ് വിമത വിഭാഗം ആരോപിക്കുന്നത്. ഇതിനു പിന്നാലെ കരുനാഗപ്പള്ളിയിൽ പലയിടങ്ങളിലും സേവ് സിപിഎം എന്ന പേരിൽ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു. വിഭാഗീയതയും പ്രതിഷേധങ്ങളും പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നാണ് ജില്ലാ നേതൃത്വം വിലയിരുത്തുന്നത്.
സമ്മേളനങ്ങളിൽ മത്സരം പാടില്ലെന്ന നിർദേശം സംസ്ഥാന നേതൃത്വം നേരത്തെ തന്നെ നൽകിയതാണ്. അതിനെ ലംഘിച്ച് പലയിടങ്ങളിലും മത്സരം നടന്നെങ്കിലും, അതൊന്നും തർക്കത്തിലേക്കും, വഴക്കിലേക്കും പോയിരുന്നില്ല. എന്നാൽ, കരുനാഗപ്പള്ളിയിലെ പാർട്ടി വിഭാഗീയത സംസ്ഥാന നേതൃത്വത്തിന് വലിയ തലവേദന ആയിരുന്നു. ഒടുവിൽ സംസ്ഥാന സെക്രട്ടറി തന്നെ നേരിട്ട് യോഗം വിളിച്ച് കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി പിരിച്ചുവിട്ടു. ഏരിയാ സമ്മേളനം നടത്തേണ്ട എന്ന് തീരുമാനിക്കുകയും ജില്ലാ സമ്മേളനത്തിലേക്ക് കടക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു. അടുത്ത മാസം ആദ്യം നടക്കുന്ന കൊല്ലം ജില്ലാ സമ്മേളനത്തിൽ ഇത് പ്രതിഫലിക്കാനുള്ള സാധ്യതകൾ നിലനിൽക്കുന്നുണ്ട്.
ALSO READ: സിപിഎമ്മിന് തലവേദനയായി പ്രാദേശിക വിഭാഗീയത; തിരുവല്ലയിൽ ജില്ലാ നേതൃത്വവുമായി ഇന്ന് ചർച്ച
അതേസമയം കരുനാഗപ്പള്ളിയിലെ പ്രശ്നത്തിനെതിരെ ചില നടപടികളെടുത്തെങ്കിലും, പത്തനംതിട്ട തിരുവല്ലയിലെ പ്രശ്നം ഇതുവരെ പരിഹരിച്ചിട്ടില്ല. ഇത് സംബന്ധിച്ച് തിരുവല്ലയിലെ പ്രാദേശിക നേതാക്കളുമായി സിപിഎം ജില്ലാ നേതൃത്വം ഇന്ന് ചർച്ച നടത്തിയേക്കും.
തിരുവല്ല ഏരിയ കമ്മിറ്റിയും, ലോക്കൽ കമ്മിറ്റിയും തമ്മിലുള്ള തർക്കത്തിന്റെ പേരിൽ തിരുവല്ല ടൗൺ നോർത്ത് ലോക്കൽ സമ്മേളനം നിർത്തിവയ്ക്കേണ്ടി വന്നിരുന്നു. പീഡനക്കേസ് പ്രതിയായ സജിമോൻ എന്നയാളെ ഏരിയാ നേതൃത്വം മുതലുള്ള ആൾക്കാർ സംരക്ഷിക്കുന്നുവെന്ന് പ്രവർത്തന റിപ്പോർട്ടിൽ പരാമർശം ഉണ്ടായിരുന്നു. ഇതിനെതിരെ ജില്ലാ നേതൃത്വം നിലപാട് സ്വീകരിക്കുകയും, ലോക്കൽ സമ്മേളന പ്രതിനിധികൾക്ക് നൽകിയ പ്രവർത്തന റിപ്പോർട്ട് തിരികെ വാങ്ങുകയും ചെയ്തു.