
ലോക്‌സഭ തെരഞ്ഞെടുപ്പിലെ തോൽവിയിൽ സിപിഎം സംസ്ഥാന നേതൃത്വവും മുഖ്യമന്ത്രിയും ഏറെ വിമർശനങ്ങൾക്ക് വിധേയരായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ദേശീയ തലത്തിലെ നേതാക്കളും, ജില്ലാ കമ്മിറ്റികളും, സഖ്യ കക്ഷി സിപിഐ അടക്കം വിമർശിക്കുമ്പോഴും, മുഖ്യമന്ത്രിക്ക് പിന്തുണ നൽകുകയാണ് സംസ്ഥാന നേതൃത്വം. തെരഞ്ഞെടുപ്പ് തോൽവി മുഖ്യമന്ത്രിയുടെ കുഴപ്പം കൊണ്ടാണെന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണെന്നാണും പിണറായി വിജയനെ ഒറ്റപ്പെടുത്തി ചിത്രീകരിക്കാനാണ് മാധ്യമങ്ങളും എതിരാളികളും ശ്രമിക്കുന്നതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. ന്യൂസ് മലയാളത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ.
2019ലെ തെരഞ്ഞെടുപ്പ് ഫലത്തിൽ നിന്ന് ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം വ്യത്യസ്തമല്ലെങ്കിലും, ഇത്തവണത്തെ പരാജയത്തിൻ്റെ ആഘാതം സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം വലുതാണ്. കഴിഞ്ഞ തവണ രാഹുൽ ഗാന്ധി തരംഗവും ശബരിമല വിഷയത്തിലെ സർക്കാർ നിലപാടിന് വിരുദ്ധമായ ജനവികാരവുമാണ് തോൽവിയുടെ കാരണങ്ങളായി വിലയിരുത്തപ്പെട്ടത്. ഇത്തവണ ഈ കാരണങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. മറിച്ച് ഭരണത്തുടർച്ച നേടിയ ശേഷമുള്ള തെരഞ്ഞെടുപ്പായിരുന്നു. അതിനാൽ തന്നെ ഇത്ര വലിയ പരാജയം ഇടത് ക്യാംപ് പ്രതീക്ഷിച്ചിരുന്നതല്ല. തോൽവിക്ക് പിന്നാലെ സംസ്ഥാന നേതൃത്വത്തിനും, നേതാക്കൾക്കും, പ്രവർത്തകർക്കും, സാമൂഹ്യ മാധ്യമ ഹാൻഡിലുകൾക്കും നേരെ വിമർശനം ഉയർന്നു. സ്ഥാനാർഥി നിർണയത്തിലും ഏറെ പഴികേട്ടു. കെ.കെ ശൈലജയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജനങ്ങൾ പ്രതീക്ഷിച്ചിരുന്നു എന്നതടക്കമുള്ള നിരീക്ഷണങ്ങൾ സംസ്ഥാന കമ്മിറ്റിയിലടക്കം ഉയർന്നു. എന്നാൽ വടകരയിലെ തോൽവിക്ക് പിന്നിലെ കാരണം ഇതൊന്നും അല്ല എന്നാണ് സംസ്ഥാന സെക്രട്ടറിയുടെ മറുപടി.
സിഎംആർഎൽ മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കും നോട്ടീസ് വന്നതും കഴിഞ്ഞ ദിവസമായിരുന്നു. തുടക്കം മുതൽ മുഖ്യമന്ത്രിക്ക് പങ്കില്ലെന്ന നിലപാട് സിപിഎം കൈക്കൊണ്ടിരുന്നു. ഈ നിലപാടിൽ തന്നെ സിപിഎം ഉറച്ചു നിൽക്കുകയാണ്. തെരഞ്ഞെടുപ്പ് ദിനത്തിൽ ഇ.പി ജയരാജൻ ഉയർത്തിവിട്ട വിവാദങ്ങൾ സംസ്ഥാന നേതൃത്വം കണ്ടില്ലെന്ന് നടിച്ചിട്ടില്ല. തിരുത്തേണ്ടവരെ തിരുത്തുമെന്നുതന്നെയാണ് വിവാദങ്ങളോടുള്ള എം.വി ഗോവിന്ദൻ്റെ പ്രതികരണം.
സൈബർ ഹാൻഡിലായ പോരാളി ഷാജിയെ കുറിച്ച് വ്യക്തമായ മറുപടി സംസ്ഥാന സെക്രട്ടറിക്കില്ല. പോരാളി ഷാജി ഇടതുപക്ഷത്തിന് വേണ്ടി പോരാടുകയാണോ എന്ന് തനിക്കറിയില്ല എന്നായിരുന്നു എം.വി ഗോവിന്ദൻ്റെ പ്രതികരണം. ഒ ആർ കേളുവിന്, കെ രാധാകൃഷ്ണൻ വഹിച്ചിരുന്ന എല്ലാ വകുപ്പുകളും നൽകുമോ എന്ന് മുഖ്യമന്ത്രി തീരുമാനിക്കുമെന്നും എം.വി ഗോവിന്ദൻ പറഞ്ഞവച്ചു. ന്യൂസ് മലയാളത്തിൻ്റെ ക്രോസ്‌ഫയർ എന്ന പ്രത്യേക പരിപാടിയിലായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ്റെ വെളിപ്പെടുത്തൽ..