
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനോട് മോശമായി പെരുമാറിയ സംഭവത്തില്‍ അന്വേഷണം നേരിടുന്ന തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം കരമന ഹരി പാര്‍ട്ടി വിട്ടേക്കുമെന്ന് സൂചന. പാര്‍ട്ടിയില്‍ നിന്നും നടപടിയുണ്ടാകുമെന്ന് ഉറപ്പായതോടെയാണ് നീക്കം. മുഖ്യമന്ത്രിക്ക് വ്യവസായികളുമായി ബന്ധമെന്ന ആരോപണം ഉന്നയിച്ചത് പാര്‍ട്ടി വിടാനുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണെന്നും സൂചനയുണ്ട്.
കരമന ഹരി ബിജെപിയിലേക്ക് പോകുമെന്നും അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ഇതിന് പിന്നാലെ കരമന ഹരിയെ വിവി രാജേഷ് ബിജെപിയിലേക്ക് ക്ഷണിച്ചു. ആദര്‍ശ ശുദ്ധിയുള്ള നേതാക്കളെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നാണ് വിവി രാജേഷ് പറഞ്ഞത്.
അതേസമയം, തെറ്റായ നിലപാട് സ്വീകരിച്ചവര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമുണ്ടാകില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വ്യക്തമാക്കി. തെറ്റായ നയങ്ങള്‍ക്കെതിരെയുള്ള പോരാട്ടം പാര്‍ട്ടിക്ക് അകത്തും പുറത്തുമുണ്ട്. അത്തരം രീതികള്‍ നടത്തുന്നവര്‍ ഏത് തട്ടിലുള്ളവരായാലും പാര്‍ട്ടി അംഗീകരിക്കില്ല. തിരുത്തേണ്ടവ തിരുത്തുമെന്നും എംവി ഗോവിന്ദന്‍ കോഴിക്കോട് പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണമാണ് കരമന ഹരി ഉയര്‍ത്തിയത്. ഒരു വ്യവസായിക്ക് മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുണ്ടെന്നും, അയാള്‍ക്ക് മുഖ്യമന്ത്രിയുടെ അടുക്കളയില്‍ വരെ കയറാന്‍ സ്വാതന്ത്ര്യമുണ്ടെന്നുമാണ് കരമന ഹരി പറഞ്ഞത്. ജില്ലാ കമ്മിറ്റി യോഗത്തിലായിരുന്നു വ്യവസായിയുടെ പേരെടുത്ത് പറയാതെ കരമന ഹരി വിമര്‍ശനമുന്നയിച്ചത്. പരാമര്‍ശം തിരുത്താന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.സ്വരാജ് ആവശ്യപ്പെട്ടു.
അതിനിടെ ചര്‍ച്ചയില്‍ 3 അംഗങ്ങള്‍ ന്യൂനപക്ഷ പ്രീണനം നടത്തിയെന്ന ജില്ലാ സെക്രട്ടറിയുടെ പരാമര്‍ശം വാഗ്വാദത്തിന് കാരണമായി.