ഫണ്ട് പിരിവിൽ നല്ല വ്യക്തത വേണം; റിയൽ എസ്റ്റേറ്റ് കച്ചവടത്തിൽ പാർട്ടി സഖാക്കൾക്ക് നിർദേശവുമായി സിപിഎം

വിദ്യാർഥി സംഘടനാ രംഗത്ത് പ്രവർത്തിക്കുന്നവർ പരുക്കൻ പെരുമാറ്റവും ആക്രമണ സ്വഭാവവും ഒഴിവാക്കണമെന്നും പാർ‍ട്ടി നിർദേശം നൽകി
ഫണ്ട് പിരിവിൽ നല്ല വ്യക്തത വേണം; റിയൽ എസ്റ്റേറ്റ് കച്ചവടത്തിൽ പാർട്ടി സഖാക്കൾക്ക് നിർദേശവുമായി സിപിഎം
Published on



റിയൽ എസ്റ്റേറ്റ് കച്ചവടത്തിൽ പാർട്ടി സഖാക്കൾ ഏർപ്പെടാൻ പാടില്ലെന്ന് സിപിഎം നിർദേശം. പാർട്ടി ഫണ്ട് പിരിവിൽ നല്ല വ്യക്തതയുണ്ടാകണമെന്നും, ഏതെങ്കിലും വ്യക്തികളിൽ നിന്ന് മാത്രമായി ആയിരകണക്കിന് രൂപ പിരിച്ചെടുക്കുന്ന രീതി അവസാനിപ്പിക്കണമെന്നും കീഴ്ഘടകങ്ങൾക്ക് സംസ്ഥാന കമ്മിറ്റി മുന്നറിയിപ്പ് നൽകി. വിദ്യാർഥി സംഘടനാ രംഗത്ത് പ്രവർത്തിക്കുന്നവർ പരുക്കൻ പെരുമാറ്റവും ആക്രമണ സ്വഭാവവും ഒഴിവാക്കണമെന്നും പാർ‍ട്ടി നിർദേശം നൽകി.

തെറ്റുതിരുത്തലിന്റെ ഭാഗമായാണ് ബ്രാഞ്ച് തലം മുതലുള്ള പാർട്ടി ഘടകങ്ങൾക്ക് സിപിഎം സംസ്ഥാന കമ്മിറ്റി മാർഗനിർ‍ദേശങ്ങൾ പുറപ്പെടുവിച്ചത്. റിയൽ എസ്റ്റേറ്റ് കച്ചവടവുമായി ബന്ധപ്പെട്ട് പാർട്ടി സഖാക്കൾ പ്രവർത്തിക്കാൻ പാടില്ലെന്നും ഫണ്ട് പിരിവ് സുതാര്യമാക്കണമെന്നുമാണ് പ്രധാന നിർദേശം. പലവിധ കാരണങ്ങളാൽ പാർട്ടിയോട് അകന്നുപോയ ജനവിഭാഗങ്ങളെ തിരികെ കൊണ്ടുവരാൻ ആവശ്യമായ നിരന്തര ഇടപെടൽ നടത്തണം. ന്യൂനപക്ഷ സംരക്ഷണം മതപ്രീണനമല്ലെന്ന കാഴ്ച്ചപ്പാട് പാർട്ടിക്കുള്ളിലും ജനങ്ങൾക്കിടയിലും പ്രചരിപ്പിക്കേണ്ടതുണ്ട്. മതനിരപേക്ഷ നിലപാടുള്ള ന്യൂനപക്ഷ സംഘടകളുമായി സഹകരിക്കുന്നതിൽ തെറ്റില്ല.

അതേസമയം, ജമാ അത്തെ ഇസ്ലാമിയെയും, എസ്‍ഡിപിഐയെയും പോലെ കാസയെയും തുറന്നു കാണിക്കാൻ പാർട്ടി മുന്നിൽ നിൽക്കും. ന്യൂനപക്ഷങ്ങളെ പരസ്പരം ഏറ്റുമുട്ടിക്കുന്ന സംഘപരിവാർ രാഷ്ട്രീയത്തിനെതിരെ പ്രചരണ പരിപാടികൾ സംഘടിപ്പിക്കുന്നതിനും സിപിഎം നേതൃത്വം നൽകും. വർഗീയ ശക്തികളുടെ നിയന്ത്രണത്തിലുള്ള ആരാധനാലയങ്ങളിൽ അവരെ ഒറ്റപ്പെടുത്തുന്നതിന് ഇടപെടൽ നടത്താനും, വർഗീയത പ്രചരിപ്പിക്കുന്നതിനെതിരെ വിശ്വാസികളുടെ സഹായത്തോടെ പ്രചരണം നടത്താനും പാർട്ടി മുന്നിട്ടിറങ്ങണം.

വനിതകൾക്കിടയിലും, വിദ്യാർഥി - യുവജന വിഭാഗങ്ങളില്‍ നിന്നും പാർട്ടി അംഗത്വത്തിലേക്ക് കൂടുതൽ പ്രാതിനിധ്യം ഉറപ്പ് വരുത്തേണ്ടതുണ്ട്. വിദ്യാർഥി സംഘടനാ രംഗത്തുള്ള സഖാക്കളുടെ പെരുമാറ്റം വിദ്യാർഥികളെ ആകർഷിക്കാൻ കഴിയും വിധമുള്ളതാകണം. പരുക്കൻ പെരുമാറ്റ രീതികളും, ആക്രമണ സ്വഭാവവും ഒഴിവാക്കണം. അക്രമപ്രവർത്തനങ്ങളിൽ നിന്ന് മാറിനിൽക്കുന്ന സംഘടനയാക്കി മാറ്റി സാമൂഹ്യ പ്രതിബദ്ധതയുള്ള സംഘടനയായി എസ്എഫ്ഐക്ക് രൂപാന്തരം നൽകണമെന്നും സിപിഐഎം സംസ്ഥാന കമ്മിറ്റി നിർദ്ദേശിക്കുന്നു.

ALSO READ: തൃശൂര്‍ പൂര വിവാദം: ഗൂഢാലോചന പുറത്തുവരണം; സര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്തുവിടണമെന്നും സിപിഐ ജില്ലാ കമ്മിറ്റി

പാർട്ടി ഘടകങ്ങളിൽ ഉള്ളുതുറന്ന ചർച്ച പ്രോത്സാഹിപ്പിക്കണം. വിമർശനങ്ങളോട് അസഹിഷ്ണുത പാടില്ലെന്ന് വ്യക്തമാക്കുന്ന നിർദേശങ്ങളാണ് സംസ്ഥാന കമ്മിറ്റി നൽകുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ ജനങ്ങൾക്കിടയിലേക്ക് പാർട്ടിയെ തിരികെയെത്തിക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങളാണ് സിപിഎം സംസ്ഥാന കമ്മിറ്റി പാർട്ടിയുടെ താഴേത്തട്ട് വരെ നൽകുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com