
കണ്ണൂർ പാനൂരിൽ തെരുവുനായയെ കണ്ട് ഭയന്നോടി പൊട്ടകിണറ്റിൽ വീണ് മരിച്ച 9 വയസുകാരൻ മുഹമ്മദ് ഫസലിന്റെ മൃതദേഹം സംസ്‌കരിച്ചു. ഇന്നലെ വൈകീട്ടാണ് തൂവക്കുന്നിലെ ഉസ്മാൻ - ഫൗസിയ ദമ്പതികളുടെ മകൻ മുഹമ്മദ് ഫസൽ കിണറ്റിൽ വീണ് മരിച്ചത്. പ്രദേശത്ത് തെരുവുനായ ശല്യം കാരണം മുതിർന്നവർക്ക് പോലും പുറത്തിറങ്ങി നടക്കാനാവാത്ത അവസ്ഥയാണെന്ന് പ്രദേശവാസികൾ പറയുന്നു.
ഇന്നലെ വൈകീട്ട് 5.30 ഓടെയാണ് തൂവക്കുന്ന് എൽപി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഫസൽ കിണറിൽ വീണത്. സമീപത്തെ പാടത്ത് കൂട്ടുകാർക്കൊപ്പം കളിച്ച ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. തെരുവുനായകളെ കണ്ട് ഫസലും നാല് സുഹൃത്തുക്കളും ചിതറിയോടുകയായിരുന്നു. ഇതിനിടയിൽ സമീപത്ത് നിർമാണം നടക്കുന്ന വീടിന് മുന്നിലെ പൊട്ടക്കിണറ്റിലേക്ക് ഫസൽ വീഴുകയായിരുന്നു.
ഫസൽ വീട്ടിലേക്ക് എത്താത്തതിനെ തുടർന്ന് നടത്തിയ തെരച്ചിലിനിടെയാണ്, കുട്ടിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നേരത്തെയും സമാന രീതിയിൽ തെരുവുനായ്ക്കളെ ഭയന്ന് കുട്ടികൾ ഓടി രക്ഷപ്പെടുന്ന സംഭവം പ്രദേശത്ത് ഉണ്ടായിട്ടുണ്ട്.
തെരുവുനായ ശല്യത്തിൽ പൊറുതി മുട്ടുകയാണ് പാനൂർ മേഖലയിലുള്ളവർ. തെരുവുനായ്ക്കളെ നിയന്ത്രിക്കാത്തതിൽ പ്രതിഷേധം ശക്തമാണ്. ജനങ്ങളുടെ പ്രതിഷേധം ശക്തമാകുമ്പോഴും നിയമങ്ങൾ കാരണം തെരുവുനായ നിയന്ത്രണം നടത്താനാവുന്നില്ലെന്നാണ് പ്രാദേശിക ഭരണകൂടത്തിന്റെ വാദം.