
പകുതിവില തട്ടിപ്പ് കേസിൽ പ്രതി അനന്തു കൃഷ്ണനെ ചോദ്യം ചെയ്യാൻ ഒരുങ്ങി ക്രൈം ബ്രാഞ്ച്. പ്രതിയെ തിങ്കളാഴ്ചയോടെ കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണസംഘം നീക്കം ആരംഭിച്ചു. ഇതിനായി പ്രൊഡക്ഷൻ വാറണ്ട് നൽകിയിട്ടുണ്ട്. തിങ്കളാഴ്ച പ്രതിയെ കോടതിയിൽ ഹാജരാക്കും. മൂവാറ്റുപുഴ കോടതിയിലാണ് പ്രതിയെ ആവശ്യപ്പെട്ടു കൊണ്ടുള്ള കസ്റ്റഡി അപേക്ഷ സമർപ്പിക്കുന്നത്.
അതേസമയം, പകുതി വില തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് അക്ഷയ കേന്ദ്രങ്ങളുടെ ലൈസൻസ് റദ്ദ് ചെയ്യാൻ ജില്ലാ ഭരണകൂടത്തോട് ശുപാർ ചെയ്യാൻ ബത്തേരി നഗരസഭയുടെ തീരുമാനിച്ചു. കഴിഞ്ഞ ദിവസം ചേർന്ന നഗരസഭ കൗൺസിൽ യോഗമാണ് തീരുമാനമെടുത്തത്. ബത്തേരി മാനിക്കുനിയിലെയും ബീനാച്ചിയിലെയും അക്ഷയ കേന്ദ്രങ്ങളുടെ ലൈസൻസുകളാണ് റദ്ദ് ചെയ്യാൻ ശുപാർശ ചെയ്യുകയെന്ന് നഗരസഭാ അധികൃതർ അറിയിച്ചു.
ഇരുനൂറിലേറെ പരാതികളാണ് തട്ടിപ്പുമായി ബന്ധപ്പെട്ട് സുൽത്താൻ ബത്തേരി പൊലീസിന് ഇതുവരെ ലഭിച്ചത്.ഇതിൽ ഏഴ് കേസുകളും പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇത്തരം തട്ടിപ്പുകൾ അക്ഷയ കേന്ദ്രങ്ങളുടെ വിശ്വാസ്യത നഷ്ടപെടാൻ കാരണമായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
സുൽത്താൻ ബത്തേരിയിലും സീഡ് സൊസൈറ്റിയുടെ പേരിലാണ് തട്ടിപ്പ് നടത്തിയത്. സ്കൂട്ടറിന് പുറമേ ലാപ്ടോപ്പ്, ഗൃഹോപകരണങ്ങൾ തയ്യൽ മെഷീൻ എന്നിവ പകുതി വിലയ്‌ക്ക് നൽകാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ് നടത്തിയത്.
കഴിഞ്ഞ ദിവസം പകുതി വില തട്ടിപ്പ് കേസില്‍ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി ഡിജിപിയുടെ ഉത്തരവ് പുറത്തിറങ്ങിയിരുന്നു.
37 കോടി രൂപയുടെ തട്ടിപ്പാണ് ഇതുവരെ കണ്ടെത്തിയത്.എഡിജിപി മനോജ് എബ്രഹാമിന്റെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം കൈമാറിയത്. ക്രൈം ബ്രാഞ്ച് എഡിജിപി അന്വേഷണത്തിന് നേതൃത്വം നല്‍കും. പകുതി വില തട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന എംഎല്‍എമാര്‍, എംപിമാര്‍ ഉള്‍പ്പെടെ എല്ലാവരും ക്രൈം ബ്രാഞ്ച് അന്വേഷണ പരിധിയില്‍പ്പെടും.
അതേസമയം പകുതിവില തട്ടിപ്പ് കേസിൽ പ്രതി അനന്തു കൃഷ്ണൻ്റെ ജാമ്യം മൂവാറ്റുപുഴ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നിഷേധിച്ചിരുന്നു. . ജാമ്യം നൽകിയാൽ അത് കേസന്വേഷണത്തെ ബാധിക്കുമെന്ന നിരീക്ഷണത്തെ തുടർന്നാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. കേരളത്തിലുടനീളം എല്ലാ ജില്ലകളിലും നിരവധി കേസുകളാണ് ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.