

ഹൈദരാബാദ്: തെലങ്കാനയിൽ സ്കൂൾ പ്രിൻസിപ്പലിനെ കുത്തിക്കൊലപ്പെടുത്തി പത്താം ക്ലാസ് വിദ്യാർഥികളുടെ കൊടും ക്രൂരത. നാൽഗോണ്ട കൊണ്ടമല്ലേപ്പള്ളിയിലെ നാഗാർജുന പബ്ലിക് സ്‌കൂളിൻ്റെ പ്രിൻസിപ്പലും ഡയറക്ടറുമായ കല്ലു രൂപ റെഡ്ഡി(48)യെയാണ് കുട്ടികൾ കുത്തികൊലപ്പെടുത്തിയത്. പണത്തിനും ആഡംബര ജീവിതത്തിനുമായി കൊലപാതകം നടത്തിയെന്നാണ് പൊലീസ് കണ്ടെത്തൽ. സംഭവവുമായി ബദ്ധപ്പെട്ട് രണ്ട് വിദ്യാർഥികളെ അറസ്റ്റ് ചെയ്തു. പ്രതികളിൽ നിന്ന് 1.54 ലക്ഷം രൂപയും ഒരു ഐഫോൺ ഉൾപ്പടെ രണ്ട് മൊബൈൽ ഫോണുകളും പൊലീസ് കണ്ടെടുത്തു. വിദ്യാർഥികൾ അധ്യാപികയെ 27 തവണ കുത്തിയതെന്നും പൊലീസ് വ്യക്തമാക്കി.
ഓഗസ്റ്റ് 11നായിരുന്നു സംഭവം. കൊലപാതകത്തിന് തൊട്ട് മുൻപ്, രൂപ റെഡ്ഡി ഫോണിലൂടെ ഒരു ബന്ധുവിന് നൽകിയ സൂചന കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് ഞെട്ടിക്കുന്ന കണ്ടെത്തലുകൾ നടത്തിയത്. ഫോൺ കോളിൽ രൂപ റെഡ്ഡി ആരെയോ 'ബാബു' എന്ന് വിളിച്ചിരുന്നെന്നും ഉടൻ ഫോൺ സ്വിച്ച് ഓഫ് ആയെന്നുമായിരുന്നു ബന്ധുവിൻ്റെ വെളിപ്പെടുത്തൽ. തെലങ്കാനയിൽ പൊതുവെ വിദ്യാർഥികളെയാണ് ബാബു എന്ന് അഭിസംബോധന ചെയ്യുന്നത് എന്നതിനാൽ, വിദ്യാർഥികളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുകയായിരുന്നു.
ഫോൺ സ്വിച്ച് ഓഫ് ചെയ്യുന്നതിന് മുമ്പ് രൂപ റെഡ്ഡി ബന്ധുവുമായി നടത്തിയ ഫോൺ സംഭാഷണത്തിനിടെ ‘ബാബു’എന്ന വാക്ക് ഉപയോഗിച്ചതായി അന്വേഷണ സംഘം കണ്ടെത്തിയതാണ് കേസിൽ നിർണായകമായ വഴിത്തിരിവായ്.''അവരുടെ സംഭാഷണത്തിനിടെ അവസാനമായി പറഞ്ഞ വാക്ക് ബാബു എന്നതായിരുന്നു. ആരെയാണ് ‘ബാബു’എന്ന് പരാമർശിച്ചതെന്ന് അന്വേഷിച്ചു. ഇതാണ് സ്കൂൾ വിദ്യാർഥികളിലേക്ക് എത്തിച്ചത്,'' മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ശരത് ചന്ദ്ര പവാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
തുടർന്ന് അന്വേഷണ സംഘം വിദ്യാർത്ഥികളെ ചോദ്യം ചെയ്യുകയും, പത്താം ക്ലാസ് വിദ്യാർഥികളായ അഞ്ച് പേരിൽ അന്വേഷണം കേന്ദ്രീകരിക്കുകയും, ഇവരിൽ രണ്ട് പേർ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വൻതോതിൽ പണം ചെലവഴിക്കുകയും പാർട്ടികൾ നടത്തുകയും ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തി. ബുധനാഴ്ച രാവിലെ രണ്ട് വിദ്യാർഥികളെയും കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിനിടെ പ്രതികൾ കുറ്റം സമ്മതിച്ചതായി പവാർ പറഞ്ഞു. രണ്ട് വിദ്യാർഥികൾ ചേർന്ന് വീട്ടിൽ കയറി കൊലപ്പെടുത്തിയത്. മോഷണ ശ്രമം തടഞ്ഞതാണ് അധ്യാപികയെ കൊലപ്പെടുത്താൻ കാരണമെന്നാണ് സംശയം.
രൂപയെ ഫോണിൽ വിളിച്ചിട്ടും എടുക്കാത്തതിനെ തുടർന്ന് ഹൈദരാബാദിലായിരുന്ന ഭർത്താവ് അയൽവാസികളെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. അയൽവാസികൾ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് രൂപ റെഡ്ഡിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് അഞ്ച് സംഘങ്ങളെ രൂപീകരിച്ച് സിസിടിവി ദൃശ്യങ്ങൾ, ഫോറൻസ് തെളിവുകൾ, വിരലടയാളങ്ങൾ,സാങ്കേതിക വിവരങ്ങൾ, സംശയമുള്ള വ്യക്തികളുടെ നീക്കങ്ങൾ എന്നിവ പരിശോധിക്കുകയും 80ലധികം പേരെ ചോദ്യം ചെയുകയും ചെയ്തു.