ഇടുക്കി പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവം ക്രൂര കൊലപാതകമെന്ന് സ്ഥിരീകരിച്ചു പൊലീസ്. പതിനെട്ടുകാരിയെ പത്തൊൻപതുകാരൻ കഴുത്തുഞെരിച്ച് കൊന്ന ശേഷം പെട്രോൾ ഒഴിച്ച് കത്തിച്ചെന്നാണ് കണ്ടെത്തൽ. തമിഴ്നാട് ബോഡിനായ്ക്കന്നൂർ സ്വദേശിയായ പെൺകുട്ടിയുടേതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞു. സംഭവത്തിൽ ഇടുക്കി രാജാക്കാട് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഒക്ടോബർ 14നാണ് ഇടുക്കി പാംബ്ല അണക്കെട്ടിന് സമീപത്ത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. അതുവഴി പോയ നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടത്. അന്ന് മൃതദേഹത്തിന് നാല് ദിവസത്തോളം പഴക്കമുണ്ടായിരുന്നു. മൃതദേഹം സ്ത്രീയുടേതെന്ന് തിരിച്ചറിഞ്ഞതോടെ പ്രദേശത്തും സമീപ ജില്ലകളിലുമുണ്ടായ മിസ്സിങ് കേസുകൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി.
തമിഴ്നാട് ബോഡിനായ്ക്കന്നൂർ സ്വദേശി നിത്യയിലേക്ക് ആയിരുന്നു പൊലീസ് അന്വേഷണം ചെന്നെത്തിയത്. തിങ്കളാഴ്ച മുതൽ 18 കാരിയായ നിത്യയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. മൃതദേഹം നിത്യയുടേതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇടുക്കി മെഡിക്കല് കോളേജിൽ പോസ്റ്റ്മാർട്ടം ചെയ്ത മൃതദേഹം ബന്ധുക്കൾ എത്തി തിരിച്ചറിഞ്ഞു. പിന്നീടാണ് പ്രതിക്കായി പൊലീസ് വലിവിരിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ രാജാക്കാട് സ്വജേശി നിഷാന്തിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇരുവരും ഏറെ നാളുകളായി അടുപ്പത്തിൽ ആയിരുന്നുവെന്നും വിവാഹം കഴിക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാകത്തിൽ കലാശിച്ചതെന്നും പൊലീസ് കണ്ടെത്തി. ഈ മാസം 11 നായിരുന്നു കൊലപാതകം നടന്നത്.