തിരുവനന്തപുരത്ത് കാണാതായ 48കാരിയുടെ മൃതദേഹം കണ്ടെത്തി. വെളളറട പനച്ചമുട് മാവുവിള സ്വദേശി പ്രിയംവദയുടെ മൃതദേഹം ആൺസുഹൃത്ത് വിനോദിൻ്റെ വീടിൻ്റെ പിറകുവശത്ത് നിന്നാണ് കണ്ടെത്തിയത്. വിനോദിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഈ മാസം 12 മുതൽ പ്രിയംവദയെ കാണാനില്ലായിരുന്നു. ഇവരെ കൊലപ്പെടുത്തിയതാണെന്ന് നാട്ടുകാർ ആരോപിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
യുവതിയെ കാണാനില്ലെന്ന് പറഞ്ഞ് കുടുംബം വെള്ളറട പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസും സൈബർ സെല്ലും കേസിൽ അന്വേഷണം നടത്തിയിരുന്നു. മൊബൈൽ ഫോൺ ലൊക്കേഷൻ കാണിച്ചത് പനച്ചുമൂട് ഭാഗത്തായിരുന്നു.
വിനോദും പ്രിയംവദയും അടുത്തടുത്ത വീടുകളിലാണ് താമസിക്കുന്നത്. പ്രിയംവദ അടുത്തുള്ള കശുവണ്ടി ഫാക്ടറിയിലാണ് ജോലി ചെയ്യുന്നത്.6 മണിയായിട്ടും ജോലിക്ക് പോയി മടങ്ങി വരാത്തതിനെ തുടർന്നാണ് കുടുംബം പൊലീസിൽ പരാതി നൽകിയത്.
രണ്ട് കുട്ടികളും,അമ്മയുമാണ് വിനോദിൻ്റെ വീട്ടിൽ താമസിക്കുന്നത്. ഇവരുടെ ഭാര്യ ഗൾഫിലാണ്. കഴിഞ്ഞ ദിവസം കട്ടിലിൻ്റെ അടിയിൽ ചോര പുരണ്ട ചാക്കും കാലും കണ്ടിരുന്നതായി കിടക്കുന്ന നേരം കുട്ടികൾ മുത്തശിയോട് പറഞ്ഞിരുന്നു. രാത്രി ആയതിനാൽ മുത്തശ്ശി ഇതത്ര കാര്യമാക്കിയില്ല.
പിറ്റേന്ന് വിദേശത്തുള്ള അമ്മയുമായി സംസാരിക്കുമ്പോൾ ഈ കാര്യം പങ്കുവെച്ചിരുന്നു. ഇതിനെത്തുടർന്നാണ് വിനോദിനെയും വെള്ളറട പൊലീസിനെയും വിവരമറിയിച്ചത്. പൊലീസ് കുട്ടികളോട് വിവരങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് മുത്തശ്ശിയോട് പറഞ്ഞ അതേ വിവരം ഉദ്യോഗസ്ഥരോടും പങ്കുവെച്ചത്. തുടർന്ന് വിശദ പരിശോധനയ്ക്കെത്തിയപ്പോൾ വീട് ഉൾപ്പെടെ കഴുകി വൃത്തിയാക്കുന്ന വിനോദിനെയാണ് കണ്ടത്.
കട്ടിനടിയിൽ ഉൾപ്പെടെ പരിശോധിച്ചുവെങ്കിലും ഒന്നും കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രിയംവദയെ കൊന്ന് കുഴിച്ച് മൂടിയെന്ന് വിനോദ് പറയുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ മൃതദേഹം വീടിന് പിറകിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്.