ലഖ്‌നൗ: മദ്യപിച്ചെത്തി ഒരു വയസുള്ള മകനെ കുത്തിക്കൊന്ന കേസിൽ പിതാവ് അറസ്റ്റിൽ. യുപിയിലെ ബൈരിയയിലെ സുരേമാൻപൂർ ഗ്രാമത്തിലാണ് സംഭവം നടന്നത്. ഒരു വയസുള്ള മകൻ കിനുവിനെയാണ് പിതാവ് രൂപേഷ് തിവാരി കൊലപ്പെടുത്തിയത്. മകനെ പിതാവ് മൂർച്ചയുള്ള ആയുധം ഉപയോഗിച്ചാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.
രൂപേഷ് സ്ഥിരമായി മദ്യപിച്ചാണ് എത്താറുള്ളതെന്നും, തന്നെ നിരന്തരം ഉപദ്രവിക്കാറുണ്ടെന്നും ഭാര്യ റിന തിവാരി പറഞ്ഞു. സംഭവം നടന്ന അന്ന് വൈകീട്ടും ഉപദ്രവിച്ചിരുന്നതായി റിന പറഞ്ഞു. മദ്യപിച്ചെത്തിയാൽ പിതാവിനെ അധിക്ഷേപിക്കുകയും, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുമായിരുന്നു. ഇതേത്തുടർന്ന് പിതാവ് സുരക്ഷിതമായ ഒരു സ്ഥലത്തേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു.
മക്കളെ വീട്ടിലാക്കിയാണ് പിതാവിനെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റാനായി റിനിയും ഒപ്പം പോയത്. തിരിച്ചെത്തിയപ്പോൾ മകനെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. റിനയുടെ പരാതിയുടെ അടിസ്ഥാനത്തിൽ, രൂപേഷിനെതിരെ കൊലപാതകത്തിന് തുല്യമല്ലാത്ത കുറ്റകരമായ നരഹത്യ കുറ്റം ഉൾപ്പെടെ ചുമത്തി കേസെടുത്തിട്ടുണ്ട്.