കൊച്ചി: തമിഴ്നാട് പൊലീസ് നൽകിയ മുന്നറിയിപ്പിൽ പിടിയിലായത് വൻ എടിഎം കൊള്ള സംഘം. എടിഎം കൊള്ളയ്ക്കായി കാർ മോഷ്ടിച്ച് മുങ്ങിയ ഹരിയാന, ആന്ധ്രപ്രദേശ് സ്വദേശികളാണ് പനങ്ങാട് പൊലീസിൻ്റെ വലയിലായത്. ചോദ്യം ചെയ്യലിനിടെ പ്രതികളിൽ ഒരാൾ സ്റ്റേഷൻ്റെ ചില്ല് തകർത്ത് രക്ഷപ്പെടാൻ ശ്രമിച്ചു.
തമിഴ്നാട് പൊലീസ് നൽകിയ അറിയിപ്പിനെ തുടർന്നാണ് വൻ സംഘം പിടിയിലായത്. കൃഷ്ണഗിരി ജില്ലയിലെ ഗുരുമ്പരപള്ളിയിൽ നിന്നും ഇന്നലെ വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന മാരുതി എക്കോ കാർ മോഷണം പോയി. പൊലീസ് സിസിടിവിദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ മോഷണം നടത്തിയത് രാജസ്ഥാൻ രജിസ്ട്രേഷനിലുള്ള ഒരു കണ്ടെയ്നർ ലോറിയിൽ പോയ സംഘമാണെന്ന് ഉറപ്പായി.
കണ്ടെയ്നർ ലോറിയുടെ യാത്ര നിരീക്ഷിച്ച തമിഴ്നാട് പൊലീസ്, വിവിധ ഇടങ്ങളിലേയ്ക്ക് വിവരം അറിയിച്ചു. മോഷ്ടിച്ച കാർ ഉപയോഗിച്ച് സംഘം എടിഎം കൊള്ളയടിക്കാൻ സാധ്യത ഉണ്ടെന്നായിരുന്നു തമിഴ്നാട് പൊലീസ് കൈമാറിയ വിവരം. പിന്നാലെയാണ് ഇന്ന് പുലർച്ചെ 4 മണിയോടുകൂടി മൂന്ന് പേർ പനങ്ങാട് പൊലീസിന്റെ പിടിയിലായത്. ഹരിയാന സ്വദേശികളായ നാജിർ അഹമ്മദ്, സഹീദ് രാജസ്ഥാൻ സ്വദേശിയായ സൈകുളുമാണ് പിടിയിലായത്. എസിയും അനുബന്ധ ഉപകരണങ്ങളും ഒരു ഗ്യാസ് കട്ടറും കണ്ടെയ്നറിൽ നിന്ന് കണ്ടെത്തി.
ഇതിനിടയിൽ ഒരാൾ പൊലീസ് സ്റ്റേഷന്റെ ശുചി മുറിയുടെ ജനൽ പൊളിച്ചു രക്ഷപ്പാടാൻ ശ്രമിച്ചു. എന്നാൽ ഇയാളെ പൊലീസ് സ്റ്റേഷന് സമീപമുള്ള പ്രദേശത്ത് നിന്ന് പിടികൂടി. മോഷ്ടിച്ച കാർ തമിഴ്‌നാട് പൊലീസ് പിന്നീട് 20 കിലോമീറ്റർ മാറി കണ്ടെത്തി. കാർ മോഷ്ടിച്ചത് തങ്ങളാണെന്ന് പ്രതികൾ മൊഴി നൽകിയിട്ടുണ്ട്.