

മുംബൈ: മഹാരാഷ്ട്രയിലെ പാൽഘറിൽ സർക്കാർ ഉദ്യോഗസ്ഥയെ അരിവാൾ കൊണ്ട് ക്രൂരമായി വെട്ടിപ്പരിക്കേൽപ്പിച്ചു.ജോലി കഴിഞ്ഞ് വീട്ടിലേക്കി മടങ്ങി വരുന്നതിനിടെയായിരുന്നു ആക്രമണം. ആക്രമണത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി. റവന്യൂ വിഭാഗം ജീവനക്കാരിയായ സ്നേഹൽ സാവന്ത് എന്ന 27കാരിക്ക് നേരെയാണ് ക്രൂര ആക്രമണം നടന്നത്.
ഇന്നലെ വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്നുവരികയായിരുന്ന യുവതിയെ അക്രമി പിറകിലൂടെ ഓടിയെത്തി കയ്യിലുണ്ടായിരുന്ന അരിവാൾ ഉപയോഗിച്ച് ക്രൂരമായി വെട്ടുകയായിരുന്നു. സ്നേഹലിനെ പ്രതി എട്ട് തവണയോളം വെട്ടി പരിക്കേൽപ്പിച്ചു. നിലത്തുവീണിട്ടും പ്രതി ആക്രമണം തുടർന്നു. ഗുരുതരമായി പരിക്കേറ്റ യുവതി ജീവന് വേണ്ടി റോഡിൽ കിടന്ന് പിടഞ്ഞു. ഈ ക്രൂരത മുഴുവൻ സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു.
ആക്രമണത്തിന് ശേഷം തന്റെ ബാഗും ആയുധവും സംഭവസ്ഥലത്ത് ഉപേക്ഷിച്ച് പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. ചോരയിൽ കുളിച്ച് കിടന്ന യുവതിയെ നാട്ടുകാർ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. കോടതിയിൽ പ്യൂൺ ആയി ജോലി ചെയ്യുന്ന അമോൽ മുലെ എന്നയാളാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പാൽഘർ ജില്ലാ പൊലീസ് സൂപ്രണ്ട് യതീഷ് ദേശ്മുഖ് ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും ഫൊറൻസിക് സംഘവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
ആക്രമണത്തിന് പിന്നിലെ യഥാർത്ഥ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പ്രതിയും യുവതിയും തമ്മിൽ മുൻപരിചയമുണ്ടായിരുന്നോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണ്. ഒളിവിൽ പോയ പ്രതിയെ പിടികൂടാൻ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.