കർണാടക: ബെംഗുളൂരുവിൽ ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ അജ്ഞാതർ തട്ടിക്കൊണ്ടുപോയ 13കാരൻ്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ബാനർഘട്ട പ്രദേശത്താണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ക്രൈസ്റ്റ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയായ നിശ്ചിതാണ് കൊല്ലപ്പെട്ടത്.
അരക്കെരെയിലെ വൈശ്യ ബാങ്ക് കോളനിയിൽ താമസിക്കുന്ന നിശ്ചിത് ബുധനാഴ്ച ട്യൂഷനായി വീട്ടിൽ നിന്നിറങ്ങിയതായിരുന്നു. പിന്നാലെ കുട്ടിയെ കാണാതായി. പ്രതീക്ഷിച്ച സമയമായിട്ടും കുട്ടി വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന്, ട്യൂഷൻ ക്ലാസിൽ അന്വേഷിച്ചപ്പോൾ കുട്ടി കൃത്യസമയത്ത് തന്നെ പോയതായി അറിയിച്ചു. തുടർന്ന് പിതാവ് ഹുളിമാവ് പൊലീസ് സ്റ്റേഷനിൽ കുട്ടിയെ കാണാനില്ലെന്ന് പരാതി നൽകി. ശേഷം അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട് മാതാപിതാക്കളുടെ ഫോണിലേക്ക് അജ്ഞാതർ വിളിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ നിശ്ചിതിൻ്റെ കൊലപാതകത്തിൽ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഡ്രൈവറായ ഗുരുമൂർത്തി, അയാളുടെ കൂട്ടാളി ഗോപാല കൃഷ്ണ എന്ന ഗോപികൃഷ്ണ എന്നിവരാണ് പ്രതികളെന്ന് പൊലീസ് പറയുന്നു. ഹുളിമാവ് പൊലീസ് ഇൻസ്പെക്ടർ കുമാരസ്വാമി, പൊലീസ് സബ് ഇൻസ്പെക്ടർ (പിഎസ്ഐ) അരവിന്ദ് കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷൻ. അറസ്റ്റിനെ ചെറുക്കുന്നതിനിടെ പ്രതികൾ മാരകായുധങ്ങൾ ഉപയോഗിച്ച് ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ചു. സ്വയം പ്രതിരോധത്തിന് നിരവധി തവണ വെടിയുതിർത്താണ് പ്രതികളെ കീഴടക്കിയതെന്നും പൊലീസ് പറയുന്നു. ഇരുവരെയും ജയാനഗർ സർക്കാർ ആശുപത്രിയിലേക്ക് പ്രാഥമിക ചികിത്സയ്ക്കായി കൊണ്ടുപോയി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
പ്രശസ്തമായ ഒരു സ്വകാര്യ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറാണ് നിശ്ചിതിൻ്റെ പിതാവ്, ജെ.സി. അചിത്.