കൊച്ചി: എംജി റോഡിലെ ചിക്കിങ്ങിൽ സാൻഡ്‌വിച്ചിൽ ചിക്കൻ കുറഞ്ഞത് ചോദ്യം ചെയ്ത വിദ്യാർഥികൾക്ക് മാനേജരുടെ മർദനം. പ്ലസ് വൺ വിദ്യാർഥികളെ കത്തി ഉപയോഗിച്ച് കുത്താൻ ശ്രമിച്ച മാനേജർ ജോഷ്വയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മാനേജരെ കയ്യേറ്റം ചെയ്തതിന് വിദ്യാര്‍ഥികളുടെ സഹോദരങ്ങള്‍ക്കെതിരെയും എഫ്ഐആർ രജിസ്റ്റർ ചെയ്തു.
കൊച്ചിയില്‍ സാൻഡ്‌വിച്ചില്‍ ചിക്കന്‍ കുറഞ്ഞത് ചോദ്യംചെയ്ത വിദ്യാര്‍ഥികള്‍ക്ക് നേരെയായിരുന്നു ചിക്കിങ് മാനേജരുടെ ഭീഷണി. ചൊവ്വാഴ്ച ഉച്ചയ്ക്ക് എംജി ഔട്ട്ലെറ്റിലെ മാനേജരാണ് സിബിഎസ്ഇ മീറ്റില്‍ പങ്കെടുക്കാനെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ഥികളോട് കയർത്തത്.
വാക്കുതര്‍ക്കത്തിനൊടുവില്‍ മാനേജര്‍ കത്തിയുമായി പാഞ്ഞടുത്തതോടെ കയ്യാങ്കളിയിലേക്ക് നീങ്ങി. ചോദ്യങ്ങള്‍ ഇഷ്ടപ്പെടാതിരുന്ന മാനേജര്‍ ആക്രമിച്ചുവെന്നും കൈകാര്യം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് വിദ്യാര്‍ഥികളുടെ ആരോപണം.
കവാടത്തില്‍ കയ്യേറ്റം ചെയ്യാനെന്ന ഭാവത്തില്‍ മാനേജര്‍ നിലയുറപ്പിച്ചതോടെ വിദ്യാര്‍ഥികള്‍ സഹോദരങ്ങളെ വിളിച്ചുവരുത്തി. തുടര്‍ന്നുണ്ടായ രൂക്ഷമായ വാക്കേറ്റത്തിന് പിന്നാലെയായിരുന്നു കത്തിയെടുക്കലും കയ്യേറ്റവും.
ഇരുകൂട്ടരുടെയും പരാതിയില്‍ സെന്‍ട്രല്‍ പൊലീസ് കേസെടുത്തു. കത്തികൊണ്ട് ആക്രമിക്കാന്‍ ശ്രമിച്ചതിന് മാനേജര്‍ക്കെതിരെയും മാനേജരെ കയ്യേറ്റം ചെയ്തതിന് വിദ്യാര്‍ഥികളുടെ സഹോദരങ്ങള്‍ക്കെതിരെയുമാണ് കേസ്.