
കോഴിക്കോട്: സാമൂതിരിൻസ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിക്ക് മർദനം. ഇൻസ്റ്റഗ്രാമിൽ ഗ്രൂപ്പ് അക്കൗണ്ട് തുടങ്ങിയതിനെ ചൊല്ലിയാണ് സീനിയർ വിദ്യാർഥികൾ മർദിച്ചതെന്നാണ് പരാതി. ഒന്നര മാസത്തോളം സീനിയർ വിദ്യാർഥികൾ റാഗിങ്ങിനിരയാക്കിയെന്നും സ്കൂൾ പ്രിൻസിപ്പാൾ ഉൾപ്പെടെ പരാതി നൽകിയിട്ടും നടപടി സ്വീകരിച്ചില്ലെന്നും കുടുംബം ആരോപിക്കുന്നു.
ഇന്നലെ വൈകിട്ടാണ് പ്ലസ് വൺ വിദ്യാർഥിയെ 15 ഓളം സീനിയർ വിദ്യാർഥികൾ ചേർന്ന് മർദിച്ചത്. വിദ്യാർഥിയുടെ മുഖത്തും ശരീരത്തും പരിക്കേറ്റിട്ടുണ്ട്. സ്കൂൾ ആരംഭിച്ചത് മുതൽ പല കാരണങ്ങൾ പറഞ്ഞ് സീനിയർ വിദ്യാർഥികൾ മർദിക്കുന്നതായി പ്രിൻസിപ്പാൾക്കും അധ്യാപകർക്കും ഉൾപ്പെടെ പരാതി നൽകിയിട്ടും നടപടികളൊന്നും സ്വീകരിച്ചിട്ടില്ല എന്നും വിദ്യാർഥി പറയുന്നു.
മുഖത്ത് അടക്കം പരിക്കേറ്റ വിദ്യാർഥി ഇന്നലെ വൈകിട്ടോടെ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ചികിത്സ തേടി. മർദിച്ച വിദ്യാർഥികൾക്കെതിരെ രക്ഷിതാക്കൾ പൊലീസിലും സ്കൂൾ പ്രിൻസിപ്പാൾക്കും പരാതി നൽകി. ഇവർക്കെതിരെ ഉടൻ നിയമനടപടി സ്വീകരിക്കണമെന്നാണ് രക്ഷിതാക്കൾ പറയുന്നത്. സമാന സാഹചര്യമായിരുന്നു താമരശ്ശേരി ഷഹബാസിനും ഇതുപോലൊരു സംഭവം ഇനി ആവർത്തിക്കരുത് എന്നും മർദനമേറ്റ വിദ്യാർഥിയുടെ രക്ഷിതാവ് പറഞ്ഞു.