
തൃശൂർ പുതുക്കാട് നവജാത ശിശുക്കളെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിൽ കൂടുതൽ ശാസ്ത്രീയ പരിശോധനകൾക്ക് പൊലീസ്. ആർഡിഒയുടെ സാന്നിധ്യത്തിൽ ഇന്ന് കുട്ടികളെ മറവുചെയ്ത സ്ഥലം പരിശോധിക്കും. ചോദ്യം ചെയ്യൽ പൂർത്തിയാക്കി ഭവിനെയും അനീഷയെയും ഉച്ചയോടെ കോടതിയിൽ ഹാജരാക്കും.
അനീഷ ഗര്‍ഭിണിയാണെന്ന് അയല്‍വാസികൾ മുൻപ് സംശയിച്ചിരുന്നു. ഇതിനെചൊല്ലി അയൽവാസികളുമായി തർക്കമുണ്ടായിരുന്നു. അയല്‍വാസി ഗിരിജയെ അനീഷയുടെ സഹോദരൻ ഭീഷണിപ്പെടുത്തുകയും ചെയ്തു. അപവാദം പ്രചരിപ്പിക്കുകയാണെന്ന് ആരോപിച്ച് അനീഷയുടെ കുടുംബം 2021ൽ പരാതിയും നൽകി. കൊലപാതക വിവരം പുറത്തുവന്നതോടെ അന്വേഷണത്തിന്റെ ഭാഗമായി ഗിരിജയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി.
രണ്ട് കൊലപാതകങ്ങളും നടത്തിയത് കുട്ടികളുടെ അമ്മ അനീഷയാണെന്ന് പൊലീസ് ചോദ്യം ചെയ്യലിലും പരിശോധനയിലും കണ്ടെത്തിയിരുന്നു. ആദ്യത്തെ കുട്ടിയെ കൊലപ്പെടുത്തിയത് 2021 നവംബർ ആറിനും രണ്ടാമത്തെ കുട്ടിയെ കൊലപ്പെടുത്തിയത് 2024 ഓഗസ്റ്റ് 29നുമാണെന്നാണ് കണ്ടെത്തല്‍. തുണിയിൽ പൊതിഞ്ഞ് സൂക്ഷിച്ച കുഞ്ഞിൻ്റെ മൃതദേഹം ഓഗസ്റ്റ് 30ന് അനീഷ, ഭവിൻ്റെ വീട്ടിലെത്തിച്ചു. വീടിന് പിന്നിലെ തോട്ടിൽ കുഴിച്ചു മൂടിയ മൃതദേഹം നാല് മാസങ്ങൾക്ക് ശേഷമാണ് പുറത്തെടുത്തത്. 12 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിലിന് ശേഷമാണ് അനീഷ കുറ്റം സമ്മതിച്ചത്. ആദ്യത്തെ കുഞ്ഞ് പ്രസവത്തിൽ തന്നെ മരിച്ചുവെന്നായിരുന്നു ഇരുവരും ആദ്യം പൊലീസിൽ മൊഴി നൽകിയത്.
നിലവില്‍ രണ്ട് സംഭവങ്ങളും രണ്ട് കേസുകളായാണ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഭവിനും അനീഷയ്ക്കുമെതിരെ കൊലപാതകം, ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.
ഇന്നലെ പുലര്‍ച്ചെ 12.30 ഓടെയാണ് 26കാരനായ ആമ്പല്ലൂർ സ്വദേശി ഭവിൻ തൃശൂര്‍ പുതുക്കാട് പൊലീസ് സ്റ്റേഷനില്‍ എത്തിയത്. കയ്യില്‍ പിഞ്ചു കുഞ്ഞുങ്ങളുടേതെന്ന് തോന്നിക്കുന്ന അസ്ഥികളുമുണ്ടായിരുന്നു. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകിയുമായി ചേര്‍ന്ന് തങ്ങളുടെ രണ്ട് നവജാത ശിശുക്കളെ കുഴിച്ചു മൂടിയെന്നായിരുന്നു യുവാവിന്റെ വെളിപ്പെടുത്തല്‍. കുഞ്ഞുങ്ങളുടെ അസ്ഥികള്‍ സൂക്ഷിച്ചുവെച്ചുവെന്നും അതാണ് തന്റെ കൈവശമുള്ളതെന്നും യുവാവ് പൊലീസിനോട് പറഞ്ഞു. ഭവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കാമുകി അനീഷയേയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.