
ഹരിയാനയിലെ ഫരീദാബാദില്‍ ഭര്‍തൃവീട്ടില്‍ 24 കാരിയുടെ മൃതദേഹം കണ്ടെടുത്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി വീടിന് പുറത്ത് കുഴിച്ചിട്ടത് ഭര്‍ത്താവിന്റെ പിതാവ്. കൊലപാതകം നടന്നത് ഏപ്രിലില്‍ ആണെന്നാണ് കരുതപ്പെടുന്നത്. ഭര്‍തൃമാതാവും പിതാവും യുവതിയെ കാണാനില്ലെന്ന് പറയുന്നത് വരെ ഇക്കാര്യം ആരും പുറത്തറിഞ്ഞിരുന്നില്ല.
യുപിയിലെ ഫിറോസാബാദ് സ്വദേശിയാണ് കൊല്ലപ്പെട്ട യുവതി. 2023ലാണ് യുവതിയെ ഫരീദാബാദിലേക്ക് വിവാഹം കഴിച്ച് കൊണ്ടുവരുന്നത്. എന്നാല്‍ ഏറെ വൈകാതെ തന്നെ യുവതി ഭര്‍തൃവീട്ടില്‍ നിന്ന് സ്ത്രീധനത്തിന്റെ പേരില്‍ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നെന്ന് പറയപ്പെടുന്നു.
ജൂണ്‍ 21നാണ് യുവതിയുടെ മൃതശരീരം പുറത്തെടുത്തത്. വീടിന്റെ പരിസരത്ത് പത്ത് അടിയോളം താഴ്ചയുള്ള കുഴിയെടുത്ത് അതില്‍ മൃതദേഹമിട്ട് ഒരു കോണ്‍ക്രീറ്റ് സ്ലാബുകൊണ്ട് മൂടിയ നിലയിലായിരുന്നു.
എന്നാല്‍ ഭര്‍തൃപിതാവിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതോടെ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. ഇയാളെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഭര്‍തൃമാതാവ് ഒരു വിവാഹ ചടങ്ങിന് പങ്കെടുക്കാന്‍ പോയ സമയത്ത് ഏപ്രില്‍ 14നാണ് യുവതിയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് ഭർതൃ പിതാവ് പറഞ്ഞു.
ഏപ്രില്‍ 21ന് ഭര്‍ത്താവ് യുവതിക്കും ഭര്‍ത്താവിന്റെ അനിയത്തിക്കും ഭക്ഷണത്തില്‍ ഉറക്ക ഗുളിക കലര്‍ത്തി നല്‍കി. ഇരുവരും ഉറങ്ങിയതിന് പിന്നാലെ ഭർതൃ പിതാവ് കൊലപ്പെടുത്താനായി യുവതിയുടെ മുറിയില്‍ കയറി. എന്നാല്‍ കൊലപ്പെടുത്തുന്നതിന് മുമ്പായി യുവതിയെ ഇയാള്‍ ബലാത്സംഗം ചെയ്തു. എന്നാല്‍ ഇത് ഭാര്യയോടോ തന്റെ മകനോടോ പറഞ്ഞില്ല എന്നും ഇയാള്‍ വ്യക്തമാക്കി.
യുവതിയെ കൊലപ്പെടുത്തുന്നതിന് മുമ്പ് തന്നെ ഡ്രൈനേജ് നന്നാക്കാനെന്ന പേരില്‍ കുഴിയെടുക്കുന്നതിന് അയല്‍വാസികളും ദൃക്‌സാക്ഷികളാണ്. ഏപ്രില്‍ 25ന് യുവതിയെ കാണാനില്ലെന്ന പേരില്‍ ഭര്‍തൃ പിതാവ് തന്നെ പൊലീസില്‍ പരാതി നല്‍കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് യുവതിയെ കുഴിച്ചിട്ടതെന്നും പൊലീസ് പറഞ്ഞു.
യുവതിയുടെ ഭാഗികമായി ജീര്‍ണിച്ച ശരീരം പോസ്റ്റുമോര്‍ട്ടത്തിന് അയക്കുകയും ചെയ്തു. ഇതിന് പിന്നാലെ യുവതിയുടെ ഭര്‍ത്താവ്, സഹോദരി, ഭര്‍തൃ പിതാവ്, ഭര്‍തൃ മാതാവ് എന്നിവരുടെ പേരിട്ട് കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.