പട്‌ന: ബിഹാറിൽ പരോളിനിറങ്ങി ചികിത്സയിലായിരുന്ന പ്രതിയെ ആശുപത്രിക്കുള്ളിൽ വെച്ച് കൊലപ്പെടുത്തിയ കേസിൽ അഞ്ച് പേർ അറസ്റ്റിൽ. പട്‌നയിലെ പരസ് ആശുപത്രിയിൽ വെച്ചായിരുന്നു അഞ്ചംഗ സംഘം നിരവധി ക്രമിനൽ കേസുകളിൽ പ്രതിയായ ചന്ദൻ മിശ്രയെ കൊലപ്പെടുത്തിയത്. പരോൾ തീരാൻ ഒരു ദിവസം ബാക്കി നിൽക്കെയാണ് കൊലപാതകം നടന്നത്.
കഴിഞ്ഞ ദിവസം കൊലപാതകത്തിന് മുന്നോടിയായി ആശുപത്രിയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ആയുധധാരികളായ അഞ്ചു പേർ ആശുപത്രിയിലെത്തുകയും പ്രതിയുടെ മുറിയെ ലക്ഷ്യം വെച്ച് നടന്നു നീങ്ങുന്നതായും ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിരുന്നു.
വാതിലിനരികിൽ എത്തിയ അക്രമിസംഘം തോക്ക് റീലോഡ് ചെയ്യുകയും, മുറിയിൽ കയറി രോഗിയെ ലക്ഷ്യമാക്കി നിറയൊഴിച്ച ശേഷം രക്ഷപ്പെടുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. ബക്സർ സ്വദേശിയും നിരവധി ക്രമിനൽ കേസുകളിൽ പ്രതിയുമായ ചന്ദൻ മിശ്ര കഴിഞ്ഞ 12 വർഷമായി ജയിലിലാണ്. ഭഗൽപൂർ ജയിലിൽ കഴിഞ്ഞിരുന്ന പ്രതി രണ്ടാഴ്ചമുൻപാണ് ചികിത്സയ്ക്കായി പുറത്തിറങ്ങിയത്.
പൊലീസ് സുരക്ഷയിലായിരുന്ന ചന്ദന് നേരെ 15 ദിവസത്തെ പരോള്‍ അവസാനിക്കാന്‍ ഒരു ദിവസം മാത്രം ശേഷിക്കെയാണ് ആക്രമണം ഉണ്ടായത്. ചന്ദൻ മിശ്രക്ക് നേരെ നാല് റൗണ്ട് നിറയൊഴിച്ചതായാണ് റിപ്പോർട്ടിൽ പറയുന്നത്. മിശ്രയെ പ്രവേശിപ്പിച്ച മുറിയിലേക്ക് യാതൊരു സുരക്ഷാ പരിശോധനയുമില്ലാതെ കുറ്റവാളികൾ എങ്ങനെ എത്തി എന്നതിനെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്ന് പട്‌ന എസ്പി ദീക്ഷ പിടിഐയോട് പറഞ്ഞിരുന്നുവെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.
"ഇത് ആശുപത്രിയിലെ സുരക്ഷാ ക്രമീകരണങ്ങളിലേക്ക് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നു. മുഖംമൂടി ധരിച്ച അഞ്ച് ആയുധധാരികളായ അക്രമികൾ രണ്ടാം നിലയിലെത്തി മിശ്രയ്ക്ക് നേരെ വെടിയുതിർക്കുകയും പരിസരത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു. സുരക്ഷാ വീഴ്ചയിലേക്ക് നയിച്ചേക്കാവുന്ന ഏതെങ്കിലും പങ്കാളിത്തം ഉണ്ടായിട്ടുണ്ടോ എന്ന് തീർച്ചയായും അന്വേഷിക്കുന്നുണ്ട്", അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.