
ബിഹാറിലെ സദർ പൂർണിയേയിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ ചുട്ടുകൊന്നു. കൊല്ലപ്പെട്ടവർക്ക് മന്ത്രവാദവുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് അക്രമികൾ അരുംകൊല നടത്തിയതെന്നാണ് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്.
സദർ പൂർണിയേ സ്വദേശികളായ ബാബുലാൽ ഒറാവോൺ, സീതാ ദേവി, മഞ്ജിത് ഒറാവോൺ, അരാനയ ദേവി, കാക്തോ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തു. ഗ്രാമത്തിൽ അടുത്തിടെ ഉണ്ടായ മരണങ്ങൾക്കും അസുഖങ്ങൾക്കും കാരണം കുടുംബത്തിന്റെ മന്ത്രവാദമാണെന്ന് ആരോപിച്ചാണ് കൂട്ടക്കൊല നടത്തിയത്.
കൊലപാതകത്തിന് പിന്നിൽ ഒറാവോൺ സമുദായക്കാരാണെന്നാണ് ഒരു ബന്ധു പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്. ഞെട്ടിക്കുന്ന കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
മൂന്ന് ദിവസങ്ങൾക്ക് മുമ്പ് രാംദേവ് ഒറാവോൺ എന്നയാളുടെ കുഞ്ഞ് മരിച്ചിരുന്നു. കുഞ്ഞ് മരിക്കാൻ കാരണം മന്ത്രവാദമാണെന്നും ഇതിന് പിന്നിൽ ബാബുലാൽ ഒറാവോണിൻ്റെ കുടുംബമാണെന്നും ആരോപിച്ചായിരുന്നു കൊലപാതകമെന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം.
ഞായറാഴ്ച രാത്രി ഒറാവോൺ സമുദായത്തിലെ അംഗങ്ങൾ തന്റെ കുടുംബത്തെ മർദ്ദിക്കുകയും ജീവനോടെ കത്തിക്കുകയും ചെയ്തുവെന്ന് 16കാരനായ സോനു കുമാർ ഫോണിലൂടെ പൊലീസിനെ അറിയിച്ചതെന്ന് സദർ പൂർണിയേയിലെ സബ് ഡിവിഷണൽ പൊലീസ് ഓഫീസർ പങ്കജ് കുമാർ ശർമ മാധ്യമങ്ങളോട് പറഞ്ഞു.
"അന്വേഷണത്തിനിടെ ഞങ്ങൾ അവരുടെ ഗ്രാമത്തിൽ എത്തിയപ്പോൾ കാണാതായ അഞ്ച് പേരുടെ കത്തിക്കരിഞ്ഞ അവശിഷ്ടങ്ങൾ കണ്ടെത്തി. മൂന്ന് പേരെ അറസ്റ്റ് ചെയ്തു," പങ്കജ് കുമാർ ശർമ എഎൻഐയോട് പറഞ്ഞു.