ബിഹാർ: സംസ്ഥാനത്ത് കൊലപാതകങ്ങൾ തുടർക്കഥയാവുകയാണ്. ദിവസങ്ങളുടെ വ്യത്യാസത്തിൽ സംസ്ഥാനത്ത് വിവിധയിടങ്ങളിലായി വെടിയേറ്റ് കൊല്ലപ്പെട്ടത് അഞ്ച് പേർ. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്തെ ക്രമസമാധാന തകർച്ച പ്രതിപക്ഷം സജീവ ചർച്ചയാക്കിയിരിക്കുകയാണ്. സംസ്ഥാനത്തെ ക്രമസമാധാന നില പൂര്‍ണമായും തകര്‍ന്നെന്നും സര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്നുമാണ് പ്രതിപക്ഷത്തിൻ്റെ ആരോപണം.
ബിഹാറിൽ കഴിഞ്ഞ ദിവസങ്ങളിൽ കൊല്ലപ്പെട്ടത് ബിജെപി നേതാക്കളും അഭിഭാഷകനും സാധാരണക്കാരും ഉൾപ്പെടെയുള്ളവരാണ്. പൊതുമധ്യത്തിൽ നടക്കുന്ന അരും കാെലകൾ വിരൽ ചൂണ്ടുന്നത് സർക്കാരിൻ്റെയും ആഭ്യന്തര വകുപ്പിൻറെയും കെടുകാര്യസ്ഥതയ്ക്ക് നേരെയും.
ജൂലൈ നാലിനാണ് പ്രമുഖ വ്യവസായിയും ബിഹാറിൽ നിന്നുള്ള ബിജെപി നേതാവുമായ ഗോപാൽ ഗേംകെ വീടിന് പുറത്ത് വെടിയേറ്റ് മരിച്ചത്. ബൈക്കിലെത്തിയ അക്രമി സംഘം ഗോപാലിനെ വെടിവെച്ച് കൊല്ലുകയായിരുന്നു. മകൻ കൊല്ലപ്പെട്ട് ഏഴ് വർഷങ്ങൾക്ക് ശേഷം സമാനമായ രീതിയിൽ പിതാവും വെടിയേറ്റ് മരിച്ചു. ഗേംകയെ ഇല്ലാതാക്കാൻ 10 ലക്ഷം രൂപയുടെ ക്വട്ടേഷനാണ് ലഭിച്ചതെന്നായിരുന്നു കേസിലെ മുഖ്യ പ്രതി ഉമേഷിൻ്റെ വെളിപ്പെടുത്തൽ.
ഗേംകെയുടെ കൊലപാതകത്തിന് പിന്നാലെ തുടർക്കഥ പോലെ അടുത്ത ദിവസങ്ങളിൽ നടന്നത് നാല് കൊലപാതകങ്ങളാണ്. സീതാർമഹി ജില്ലയിലെ മെഹ്സോൾ ചൌക്കിൽ വെച്ചാണ് വ്യവസായിയായ പുട്ടു ഖാനെ അജ്ഞാതർ തലയ്ക്ക് വെടി വെച്ച് കൊന്നത്. പട്ടാപ്പകല്‍ നടന്ന കൊലപാതകം വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചു. സ്ഥലക്കച്ചവടവുമായി ബന്ധപ്പെട്ട പ്രശ്നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പൊലീസ് പറയുന്നത്.
പുട്ടു ഖാൻ കൊല്ലപ്പെട്ട് മണിക്കൂറുകൾക്കുള്ളിൽ മറ്റൊരു കൊലപാതകം നടന്നു. ബിജെപി നേതാവും മുൻ കിസാൻ മോർച്ച നേതാവുമായ സുരേന്ദ്ര കെവാട്ടാണ് സമാനമായ രീതിയിൽ കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് സുരേന്ദ്ര കെവാട്ടിന് നേരെ വെടിയുതിർത്തത്. എന്നാൽ സംഭവത്തിന്റെ ദൃക്‌സാക്ഷികളാരും മൊഴിനല്‍കാന്‍ തയ്യാറായിട്ടില്ല. കൊലപാതകത്തിലെ രാഷ്ട്രീയ ഇടപെടല്‍ വലിയ രീതിയിൽ ചർച്ചയാവുകയാണ്.
പട്‌നയിലെ രാമകൃഷ്ണ നഗര്‍ ഏരിയയിലാണ് പലചരക്കുകട ഉടമ വിക്രം ഝാ വെടിയേറ്റ് മരിച്ചത്. ഈ കൊലപാതകത്തെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്നാണ് പൊലീസ് വിശദീകരണം.
അഭിഭാഷകനായ ജിതേന്ദ്രകുമാര്‍ മഹ്‌തൊ ആണ് ഏറ്റവും ഒടുവിൽ ബിഹാറിൽ വെടിയേറ്റ് കൊല്ലപ്പെട്ടത്. പട്‌നയിലെ സുല്‍ത്താന്‍പുര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ആയിരുന്നു സംഭവം. ചായകുടിക്കാന്‍ ഇറങ്ങിയ ജിതേന്ദ്രകുമാറിന് നേരെ അജ്ഞാതരായ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടർച്ചയായ കൊലപാതകങ്ങൾ സംസ്ഥാനത്തെ ക്രമസമാധാനവുമായി ബന്ധപ്പെട്ട് വലിയ ആശങ്കയാണ് ഉയർത്തുന്നത്. കൊലപാതകങ്ങളിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉയരുകയാണ്.