

ഫരീദാബാദ്: ഓടുന്ന വാഹനത്തില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. ഫരീദാബാദിലാണ് സംഭവം. 25 കാരിയായ യുവതിയെയാണ് രണ്ട് പേര്‍ ചേര്‍ന്ന് ഉപദ്രവിച്ചത്. ഫരീദാബാദിലെ രാജാ ചൗകിനു സമീപം പുലര്‍ച്ചെ മൂന്നിനും നാലിനും ഇടയിലായിരുന്നു സംഭവം.
ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് യുവതിയെ വാനില്‍ കയറ്റുകയായിരുന്നു. മെട്രോ ചൗക്കില്‍ നിന്നാണ് പെണ്‍കുട്ടിയെ വാഹനത്തില്‍ കയറ്റിയത്. മണിക്കൂറുകളോളം നഗരത്തിലൂടെ ഓടിയ വാനിനുള്ളില്‍ യുവതി ക്രൂരമായ പീഡനത്തിന് ഇരയായി.
ശേഷം പെണ്‍കുട്ടിയെ റോഡില്‍ വലിച്ചെറിഞ്ഞ് യുവാക്കള്‍ രക്ഷപ്പെടുകയായിരുന്നു. നാട്ടുകാരാണ് ഗുരുതരമായി പരിക്കേറ്റ നിലയില്‍ യുവതിയെ കണ്ടെത്തിയത്. ഉടന്‍ തന്നെ ബാദ്ഷാ ഖാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ നിന്നാണ് യുവതി വീട്ടുകാരെ വിളിച്ച് വിവരം പറയുന്നത്.
സുഹൃത്തിന്റെ വീട്ടില്‍ നിന്ന് സ്വന്തം വീട്ടിലേക്ക് പോകുകയായിരുന്നു പെണ്‍കുട്ടി. മെട്രോ ചൗക്കില്‍ നിന്നും കല്യാണ്‍പുരിയിലേക്കായിരുന്നു പോകേണ്ടിയിരുന്നത്. രാത്രി വൈകിയതിനാല്‍ വാഹനം കിട്ടാന്‍ വൈകി. ഏറെ നേരം കാത്തിരുന്നപ്പോഴാണ് യുവാക്കള്‍ വാനില്‍ എത്തിയത്.
മാരുതി സുസൂക്കി എക്കോ വാനിലാണ് യുവാക്കള്‍ എത്തിയത്. യുവതിക്ക് അടുത്തെത്തിയ യുവാക്കള്‍ ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് വാഹനത്തില്‍ കയറ്റി. ഗുരുഗ്രാം-ഫരീദാബാദ് റോഡിലേക്ക് നീങ്ങിയ വാഹനത്തില്‍വെച്ച് യുവാക്കള്‍ പെണ്‍കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു.
വാഹനത്തിലുണ്ടായിരുന്ന രണ്ട് യുവാക്കളേയും പൊലീസ് കസ്റ്റഡിയിലെടുത്തു. യുവാക്കള്‍ക്കെതിരെ കൂട്ടബലാത്സംഗം, ക്രിമിനല്‍ ഗൂഢാലോചന അടക്കമുള്ള വകുപ്പുകള്‍ പ്രകാരം കേസെടുത്തു. ഗുരുതരാവസ്ഥയിലുള്ള യുവതിയുടെ മൊഴി രേഖപ്പെടുത്താനായിട്ടില്ല.