ഇതാണ് ആ സെല്‍; കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഗോവിന്ദച്ചാമി മുറിച്ചുമാറ്റിയ അഴി

കമ്പി മുറിച്ചത് ശ്രദ്ധയില്‍ പെടാതിരിക്കാന്‍ നൂല് കൊണ്ട് കെട്ടിവെച്ചതായും കാണാം
മുറിച്ചുമാറ്റിയ സെൽ
മുറിച്ചുമാറ്റിയ സെൽ
Published on

കണ്ണൂര്‍: സെന്‍ട്രല്‍ ജയിലില്‍ ഗോവിന്ദച്ചാമി മുറിച്ചുമാറ്റിയ സെല്ലിന്റെ ചിത്രം പുറത്ത്. സെല്ലിന്റെ താഴത്തെ കമ്പിയുടെ രണ്ട് വശങ്ങളാണ് മുറിച്ചു മാറ്റിയത്. മുറിച്ചത് ശ്രദ്ധയില്‍ പെടാതിരിക്കാന്‍ നൂല് കൊണ്ട് കെട്ടിവെച്ചതായും കാണാം.

ഏറെ നാളുകളെടുത്താണ് കമ്പികള്‍ മുറിച്ചുമാറ്റിയതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. വണ്ണമുള്ള കമ്പികളാണ് മുറിച്ചുമാറ്റിയത്. ഇത്രയും വ്യക്തമായി കാണാമെന്നിരിക്കേ ജയില്‍ അധികൃതരുടെ ഭാഗത്തു നിന്ന് വീഴ്ചയുണ്ടായെന്ന് പകല്‍പോലെ വ്യക്തമാണ്.

കഴിഞ്ഞ 25 ാം തീയതി ഗോവിന്ദച്ചാമി ജയില്‍ചാടിയത്. മൂന്ന് മാസത്തോളം തയ്യാറെടുത്താണ് ജയില്‍ ചാടിയതെന്ന വിവരം നേരത്തേ പുറത്തു വന്നിരുന്നു. ചില സഹതടവുകാര്‍ക്കും ജയില്‍ചാട്ടത്തെ കുറിച്ച്അറിയാമായിരുന്നു.

ഈ അഴിക്കുള്ളിലൂടെ പുറത്തുകടക്കാനാണ് ശരീരഭാരം കുറച്ചത്. മൂന്ന് മാസത്തിലധികം ചോറ് ഒഴിവാക്കി ചപ്പാത്തി മാത്രം കഴിച്ചു. ഉപ്പ് വെച്ചാണ് സെല്ലിന്റെ കമ്പികള്‍ തുരുമ്പിപ്പിച്ചത്. ഗോവിന്ദച്ചാമിക്കൊപ്പം ജയില്‍ ചാടാന്‍ പദ്ധതിയുണ്ടായിരുന്നതായി സഹതടവുകാരനും മൊഴി നല്‍കിയിട്ടുണ്ട്.

കമ്പിക്കുള്ളിലൂടെ പുറത്തു കടക്കാന്‍ കഴിയാതിരുന്നതോടെയാണ് ശ്രമം ഉപേക്ഷിച്ചത്. ഗോവിന്ദച്ചാമിക്ക് മറ്റാരുടേയും സഹായം ലഭിച്ചിട്ടില്ലെന്നും തമിഴ്‌നാട് സ്വദേശിയായ സഹതടവുകാരന്‍ പൊലീസിന് മൊഴി നല്‍കി.

ഗോവിന്ദച്ചാമിക്ക് ജയിലിന് അകത്തും പുറത്തും മറ്റാരുടേയും സഹായം ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. സെല്ലില്‍ നിന്ന് പുറത്തിറങ്ങിയിട്ടും പുറത്ത് കടക്കാന്‍ താമസിച്ചത് മറ്റ് സഹായങ്ങള്‍ ഇല്ലാത്തത് കൊണ്ടാണെന്നും പൊലീസ് പറയുന്നു. ഗോവിന്ദച്ചാമി ജയില്‍ ചാടുന്നത് നാല് സഹതടവുകാര്‍ക്ക് അറിയാമെന്നും കണ്ടെത്തിയിട്ടുണ്ട്.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും കഴിഞ്ഞ ദിവസം ഗോവിന്ദച്ചാമിയെ വിയ്യൂരിലേക്ക് മാറ്റിയിരുന്നു. കൊടുംകുറ്റവാളികളെ പാര്‍പ്പിക്കുന്ന വിയ്യൂരിലെ അതിസുരക്ഷാ ജയിലിലെ ഏകാന്ത സെല്ലിലാണ് ഗോവിന്ദച്ചാമിയെ പാര്‍പ്പിക്കുന്നത്. 536 പേരെ പാര്‍പ്പിക്കാന്‍ ശേഷിയുള്ള ജയിലില്‍ ഇപ്പോള്‍ 125 കൊടും കുറ്റവാളികളാണുള്ളത്. 4.2 മീറ്ററാണ് സെല്ലുകളുടെ ഉയരം. വിയ്യൂര്‍ ജയിലിലെ സെല്ലില്‍ ഫാനും കട്ടിലും സിസിടിവി ക്യാമറകളുമുണ്ട്. സെല്ലുകളിലുള്ളവര്‍ക്ക് പരസ്പരം കാണാനോ സംസാരിക്കാനോ സാധിക്കില്ല. സെല്ലുകളിലേക്ക് ഭക്ഷണം എത്തിച്ച് നല്‍കുകയാണ് ചെയ്യുക, അതിന് പോലും പുറത്തിറക്കില്ല. ജയിലിന് പുറത്ത് ആറു മീറ്റര്‍ ഉയരത്തില്‍ 700 മീറ്റര്‍ ചുറ്റളവുള്ള മതിലാണുള്ളത്. ഇതിനു മുകളില്‍ പത്തടി ഉയരത്തില് വൈദ്യുത വേലിയുമുണ്ട്. മതിലിന് പുറത്ത് 15 മീറ്റര്‍ വീതം ഉയരമുള്ള നാല് വാച്ച് ടവറും, ജയിലില്‍ 24 മണിക്കൂറും നിരീക്ഷണത്തിന് ആയുധധാരികളുമുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com