
തൃശൂര്‍ ചാലക്കുടിയില്‍ വീട്ടമ്മയെ ഒന്നര ദിവസം ഓണ്‍ലൈനില്‍ ബന്ദിയാക്കി തട്ടിപ്പ്. മേലൂര്‍ സ്വദേശി ട്രീസയാണ് തട്ടിപ്പിനിരയായത്. പൊലീസ് ചമഞ്ഞ് വീഡിയോ കോളിലൂടെ ട്രീസയെ വിളിച്ച തട്ടിപ്പ് സംഘം 40,000 രൂപയാണ് നിന്നും തട്ടിയെടുത്തത്.
വ്യാജ സന്ദേശങ്ങളിലും വീഡിയോ കോളുകളിലും ആരും വഞ്ചിതരാകരുതെന്ന് ആവര്‍ത്തിച്ച് സര്‍ക്കാരും പൊലീസും ആളുകളെ അറിയിക്കുന്നു. എന്നാല്‍ അതുകൊണ്ടും യാതൊരു പ്രയോജനവുമില്ലെന്ന് തെളിയിക്കുന്നതാണ് ചാലക്കുടി മേലൂരിലെ സംഭവം. മേലൂര്‍ സ്വദേശിയായ വീട്ടമ്മ ട്രീസയുടെ സിം കാര്‍ഡിന്റെ ഡ്യൂപ്ലിക്കേറ്റ് ഉപയോഗിച്ച് രാജ്യവിരുദ്ധ പ്രവര്‍ത്തനം നടന്നുവെന്ന് പറഞ്ഞാണ് ആദ്യം വ്യാജ സന്ദേശം എത്തുന്നത്. തൊട്ട് പിന്നാലെ പൊലീസ് വേഷം ധരിച്ച തട്ടിപ്പ് സംഘത്തിലെ ഒരാള്‍ വീഡിയോ കോളില്‍ എത്തുന്നു. പലകഥകള്‍ പറഞ്ഞും ഭീഷണിപ്പെടുത്തിയും അതിസമര്‍ത്ഥമായാണ് ഇവരെ തട്ടിപ്പ് സംഘം കബളിപ്പിച്ചത്.
മുറിക്ക് പുറത്തിറങ്ങരുതെന്നും വിവരം പുറത്തറിഞ്ഞാല്‍ കൊലപ്പെടുത്തുമെന്നും തട്ടിപ്പുകാരന്‍ പറഞ്ഞതോടെ ട്രീസ ആകെ ഭയപ്പെട്ടു. ഇതേ തുടര്‍ന്ന് ഒന്നര ദിവസത്തോളം മുറിക്കുള്ളില്‍ തന്നെ കഴിഞ്ഞുവെന്നും ഇവര്‍ പറയുന്നു.
തട്ടിപ്പ് സംഘം പറഞ്ഞത് വിശ്വസിച്ച് ബാങ്കിലെത്തിയ ട്രീസക്ക് അക്കൗണ്ട് ലിമിറ്റേഷന്‍ ഉള്ളതിനാല്‍ കുറച്ച് പണം മാത്രമാണ് കൈമാറാന്‍ കഴിഞ്ഞത്. പിന്നീട് ഗൂഗിള്‍ പേയിലൂടെ പല ഗഡുക്കളായി ഗൂഗിള്‍ പേ വഴിയും ഇവര്‍ പണം അയച്ചു. പക്ഷെ ഒരു സംശയം തോന്നി ട്രീസ അയല്‍വാസികളോട് കാര്യം പറഞ്ഞതോടെ തട്ടിപ്പ് പുറത്താകുകയായിരുന്നു. സംഭവത്തില്‍ ചാലക്കുടി പൊലീസിലും സൈബര്‍ പൊലീസിലും ട്രീസ പരാതി നല്‍കിയിട്ടുണ്ട്. കേസെടുത്ത് അന്വേഷണം നടത്തി വരികായാണെന്നാണ് തൃശൂര്‍ റൂറല്‍ പൊലീസ് നല്‍കുന്ന വിശദീകരണം.