
മംഗളൂരു: അത്യാഢംബര വീട് കാണിച്ച് സമ്പന്നരെ കബളിപ്പിക്കുക, പണം കവര്‍ന്നാല്‍ പിന്നെ അപ്രത്യക്ഷനാകുക... കേള്‍ക്കുമ്പോള്‍ ഏതെങ്കിലും സിനിമയിലെ നായകനോ വില്ലനോ ആണെന്ന് കരുതിയെങ്കില്‍ തെറ്റി. സാമ്പത്തിക തട്ടിപ്പില്‍ മാംഗളൂരുവില്‍ അറസ്റ്റിലായ രോഹന്‍ സല്‍ദാനയെ കുറിച്ച് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍ ഇതൊക്കെയാണ്.
45 കാരനായ രോഹന്‍ സല്‍ദാന വ്യവസായ പ്രമുഖരേയും മറ്റ് സമ്പന്നരേയും കബളിപ്പിച്ച് തട്ടിയെടുത്തത് കോടികളാണ്. തന്റെ അത്യാഡംബരമായ വീടും സ്വത്തും കാണിച്ച് വ്യവസായികളുടെ വിശ്വാസം നേടിയെടുത്താണ് രോഹന്റെ തട്ടിപ്പ് രീതി. ഇത്തരത്തില്‍ 50 കോടിയിലധികം രൂപയാണ് ഇയാള്‍ പലരില്‍ നിന്നായി തട്ടിയെടുത്തത്.
രാജ്യത്തെമ്പാടുമുള്ള അതിസമ്പന്നരും വ്യവസായികളുമാണ് രോഹന്റെ തട്ടിപ്പിന് ഇരയായത്. വന്‍ തുകകള്‍ അവിശ്വസനീയമായ കിഴിവില്‍ വായ്പ നല്‍കുമന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പ്. നൂറ് കോടിയും അതിനു മുകളിലും വരെ ഇത്തരത്തില്‍ വായ്പ നല്‍കുമെന്നാണ് വാഗ്ദാനം.
ഇടപാടുകാരെ വിശ്വസിപ്പിക്കാനായി അവരെ സ്വന്തം വസതിയിലും ഓഫീസിലും എത്തിക്കും. രോഹന്റെ അത്യാഡംബര വസതികളും ആധുനിക സംവിധാനങ്ങളും കാണുന്നതോടെ ഇടപാടുകാരില്‍ പലരും ആ ചതിയില്‍ വീഴും. വിശ്വാസം നേടിയെടുത്തു കഴിഞ്ഞാല്‍ നൂറ് കോടിയോ അതിനു മുകളിലോ വായ്പ നല്‍കാമെന്ന മോഹനവാഗ്ദാനം നല്‍കും. കൂടുതല്‍ വിശ്വാസം നേടുന്നതിനായി പ്രമുഖ അഭിഭാഷകന്റെ പേരില്‍ ഒരു വ്യാജനേയും ഇയാള്‍ തരപ്പെടുത്തിയിട്ടുണ്ടാകും.
ഇടാപടുകാര്‍ക്ക് മുന്നില്‍ വെച്ചു തന്നെ ഈ വ്യാജ അഭിഭാഷകനെ രോഹന്‍ ഫോണില്‍ ബന്ധപ്പെടും. അഭിഭാഷകനുമായി ഫോണില്‍ നേരിട്ട് സംസാരിക്കുന്നതോടെ ഇടപാടുകാര്‍ പൂര്‍ണമായും രോഹന്റെ വലയിലായിട്ടുണ്ടാകും. വായ്പ ലഭിക്കാന്‍ വേണ്ട രേഖകളും നിയമങ്ങളെ കുറിച്ചുമൊക്കെയാകും അഭിഭാഷകന്‍ ഇവരുമായി സംസാരിക്കുക.
വായ്പ വാങ്ങാന്‍ ഇടപാടുകാര്‍ തയ്യാറാകുന്നതോടെ തട്ടിപ്പിന്റെ രണ്ടാംഘട്ടം ആരംഭിക്കുകയായി. ആദ്യം സ്റ്റാമ്പ് ഡ്യൂട്ടിക്കും രജിസ്‌ട്രേഷനുമൊക്കെയായി തുക വാങ്ങിയാകും തുടക്കം. വന്‍ തുക വായ്പ ഓഫര്‍ ചെയ്യുന്നതിനാല്‍ തന്നെ രജിസ്‌ട്രേഷനും മറ്റുമായി കോടികളായിരിക്കും ആവശ്യപ്പെടുക. പലരും ഈ തുക നല്‍കുകയും ചെയ്യും. പത്ത് കോടി രൂപ വരെ സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്‌ട്രേഷന്‍ തുകയായി രോഹന്‍ കൈപറ്റിയിട്ടുണ്ടെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
തുക വാങ്ങിയ ശേഷം മറ്റൊരു ദിവസത്തേക്ക് അപ്പോയിന്‍മെന്റ് തീരുമാനിക്കും. ഈ ദിവസം ഇടപാടുകാര്‍ രോഹനെ ബന്ധപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് തട്ടിപ്പ് വ്യക്തമാകുക. ഇയാളുടെ പൊടിപോലും കണ്ടെത്താനാകില്ല. രോഹന്റെ ബംഗ്ലാവിലും ഓഫീസിലും പോയി അന്വേഷിച്ചാലും ഇയാളെ കണ്ടെത്താനാകില്ല.
രോഹന്റെ ബംഗ്ലാവില്‍ പൊലീസ് നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങളാണ്. ആഡംബര വസതിയില്‍ നിരവധി രഹസ്യ മുറികള്‍. ഇടപാടുകാരില്‍ നിന്നും പെട്ടെന്നുള്ള പരിശോധനകളില്‍ നിന്നും ഇയാള്‍ രക്ഷപ്പെടുന്നത് ഈ രഹസ്യമുറികളില്‍ ഒളിച്ചാണ്.
കഴിഞ്ഞ കുറച്ച് മാസത്തിനുള്ളില്‍ 40 മുതല്‍ 50 കോടി രൂപ വരെ രോഹന്‍ തട്ടിപ്പ് നടത്തിയതായാണ് പൊലീസ് കണ്ടെത്തല്‍. എന്നാല്‍, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തട്ടിപ്പ് തുടരുന്ന സാഹചര്യത്തില്‍ തുക ഇനിയും കൂടുമെന്നാണ് അന്വേഷണ സംഘം അനുമാനിക്കുന്നത്. മംഗളൂരുവിലും ചിത്രദൂര്‍ഗയിലുമായി മൂന്ന് കേസുകളാണ് നിലവില്‍ രോഹനെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൂടുതല്‍ കേസുകള്‍ വരും ദിവസങ്ങളില്‍ രജിസ്റ്റര്‍ ചെയ്‌തേക്കും. പലരും നാണക്കേടും ഭയവും മൂലം കേസ് നല്‍കാന്‍ വിമുഖത കാണിക്കുന്നതായും പൊലീസ് സംശയിക്കുന്നുണ്ട്.
മംഗളൂരു സ്വദേശിയായ വ്യവസായി നല്‍കിയ പരാതിയിലാണ് രോഹനെ ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.