കോഴിക്കോട്: കൊയിലാണ്ടി പൊയിൽകാവിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ഭർത്താവ് പിടിയിൽ. മദ്യം വാങ്ങാനായി കൊയിലാണ്ടി ബിവറേജിൽ എത്തിയപ്പോഴാണ് പ്രതി കുട്ടികൃഷ്ണൻ പിടിയിലായത്. പൊയിൽക്കാവ് സ്വദേശിനി സുധയാണ് ഇന്ന് രാവിലെ കൊല്ലപ്പെട്ടത്. വീടിന് സമീപത്തെ ഷെഡിൽ വച്ച് ഭാര്യയെ വാക്കത്തി കൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
കൊലയ്ക്ക് പിന്നിൽ കുടുംബവഴക്കാണെന്നാണ് സംശയം. കൊലയ്ക്ക് ശേഷം പ്രതി ഒളിവിൽപോയിരുന്നു. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ഫോട്ടോ എടുക്കാൻ എത്തിയവരാണ് സംഭവം ആദ്യം അറിഞ്ഞത്. രക്തത്തിൽ കുളിച്ചു കിടക്കുന്ന നിലയിലാണ് സുധയെ കണ്ടെത്തിയത്.
മരംവെട്ടു തൊഴിലാളിയായ കുട്ടികൃഷ്ണൻ സ്ഥിരമായി മദ്യപിച്ചെത്തി വീട്ടിൽ പ്രശ്നമുണ്ടാക്കാറുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇവർക്ക് വിവാഹിതരായ രണ്ട് പെൺകുട്ടികളും വിദേശത്ത് ജോലി ചെയ്യുന്ന ഒരു മകനുമുണ്ട്. പ്രതി കുട്ടികൃഷ്ണനായി അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ബെവ്കോ ഔട്ട്ലെറ്റിൽ നിന്ന് പിടിയിലായത്.