ന്യൂഡല്‍ഹി: സന്യാസി വേഷത്തില്‍ നടന്നിരുന്ന ഭർത്താവ് വർഷങ്ങള്‍ക്ക് ശേഷം വീട്ടിലെത്തി ഭാര്യയെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. കഴിഞ്ഞ ബുധനാഴ്ച, ദക്ഷിണ ഡല്‍ഹിയിലെ നെബ് സരായിയിലായിരുന്നു കൊലപാതകം.
അർധരാത്രിയോടെയാണ് പ്രതി ഭാര്യയെ കൊലപ്പെടുത്തിയത്. മണിക്കൂറുകള്‍ക്ക് ശേഷം അയല്‍വാസികളാണ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന കിരണ്‍ ഝായുടെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിന്റെ കാരണം എന്തെന്ന് വ്യക്തമല്ല.
ഏകദേശം നാല് മണിയോടെയാണ് കൊലപാതകത്തെപ്പറ്റി പൊലീസിന് വിവരം ലഭിച്ചത്. സംഭവസ്ഥലത്തെത്തിയ പൊലീസ് സംഘം പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ 12.50 ഓടെ പ്രതി, പ്രമോദ് ഝാ കിരണിന്റെ വീട് ലക്ഷ്യമാക്കി പോകുന്നതായി കണ്ടെത്തി. കൊലപാതക ശേഷം ഇയാള്‍ രക്ഷപ്പെടുന്നതും സിസിടിവിയില്‍ പതിഞ്ഞതായി അധികൃതർ പറയുന്നു.
ബിഹാർ സ്വദേശിയാണ് 55കാരനായ പ്രമോദ് ഝാ. പത്ത് വർഷമായി ഇയാള്‍ ആരോഗ്യ പ്രവർത്തകയായ ഭാര്യയില്‍ നിന്നും വേർപെട്ട് കഴിയുകയാണ്. ഓഗസ്റ്റ് ഒന്നിനാണ് പ്രമോദ് ബിഹാറിലെ മുൻഗറില്‍ നിന്നും തിരികെ ഡല്‍ഹിയിലേക്ക് എത്തിയത്.
മകൻ ദുർഗേഷ് ഝാ, മരുമകൾ കമൽ ഝാ, പേരക്കുട്ടി എന്നിവരോടൊപ്പമാണ് കിരൺ താമസിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. ബിഹാറിലെ ധർഭംഗയിലെ ഒരു മൈക്രോ ഫിനാൻസ് കമ്പനിയിലാണ് ദുർഗേഷ് ജോലി ചെയ്യുന്നത്. കൊലപാതകം നടന്നപ്പോൾ ഇയാള്‍ ഡൽഹിയിൽ ഉണ്ടായിരുന്നില്ല.
കൊലപാതകത്തിന് ഉപയോഗിച്ച ചുറ്റിക അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ കണ്ടെത്താനായി റെയിൽവേ, ബസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിച്ചിരിക്കുകയാണ് പൊലീസ്.