പാലക്കാട്: ശ്രീകൃഷ്ണപുരത്ത് യുവതിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി ഭർത്താവ്. കാട്ടുകുളം സ്വദേശി ദീക്ഷിതിനെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പെരിന്തൽമണ്ണ ആനമങ്ങാട് ചോലക്കൽ വീട്ടിൽ ഉണ്ണികൃഷ്ണന്റെ മകളാണ് വൈഷ്ണവി. യുവതിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
വ്യാഴാഴ്ച രാത്രിയാണ് വൈഷ്ണവിയെ ശാരീരിക അസ്വസ്ഥതകൾ ഉണ്ടെന്ന് പറഞ്ഞ് ആശുപത്രിയിലെത്തിച്ചത്. ഭർത്താവ് ദീക്ഷിത് തന്നെയാണ് യുവതിയെ മാങ്ങാട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിൽ എത്തിയതിന് പിന്നാലെ വൈഷ്ണവി മരിച്ചു. ദീക്ഷിത് തന്നെയാണ് വിവരം വൈഷ്ണവിയുടെ ബന്ധുക്കളെയും അറിയിച്ചത്.
വൈഷ്ണവിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയത്തെ തുടർന്നാണ് കൊലപാതകമെന്ന് പൊലീസ് വ്യക്തമാക്കി. ഒന്നരവർഷംമുമ്പ് ആയിരുന്നു വൈഷ്ണവിയും ദീക്ഷിതും തമ്മിലുള്ള വിവാഹം. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. ഫോറൻസിക് വിഭാഗം വീട്ടിലെത്തി പരിശോധന നടത്തി.