തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒരു വയസുകാരന്റെ മരണം കൊലപാതകമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സ്ഥിരമായ മർദനമാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. രണ്ടാനച്ഛൻ അഷ്കറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അമ്മ അഖിലയെയും രണ്ടാനച്ഛൻ അഷ്കറിനെയും നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യുകയാണ്.
കുട്ടിയുടെ മരണം കൊലപാതകമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിന്നാണ് വ്യക്തമായത്. സ്ഥിരമായ മർദനമാണ് മരണകാരണം. ആന്തരികാവയവങ്ങളുടെ രക്തസ്രാവം നേരത്തെ മർദിച്ചതിൽ നിന്നും ഉണ്ടായതെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിന്ന് വ്യക്തമായി.
കഴിഞ്ഞ ദിവസമാണ് ഒരു വയസുകാരൻ അർഷിത് ഭക്ഷണം കഴിക്കുന്നതിനിടയിൽ അസ്വാഭാവികത പ്രകടിപ്പിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും മരിക്കുകയും ചെയ്തത്. കുഞ്ഞിൻ്റെ മരണസമയം അമ്മ വീട്ടിലുണ്ടായിരുന്നില്ല. പക്ഷെ അമ്മയും സംശയനിഴലിലാണ്.
കുഞ്ഞിൻ്റെ മരണത്തിൽ കുടുംബാംഗങ്ങൾ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. കുട്ടിയുടെ കൈ ഒരു മാസം മുൻപ് രണ്ടാനച്ഛൻ ഒടിച്ചിരുന്നതായും സ്ഥിരമായി കുഞ്ഞിനെ മർദിക്കാറുണ്ടായിരുന്നതായും കുടുംബം ആരോപിച്ചിരുന്നു. അമ്മ വേണ്ട വിധം കുട്ടിയെ നോക്കിയിരുന്നില്ലെന്നും ബന്ധുക്കൾ ആരോപിച്ചു.